Connect with us

National

റെയില്‍വേ നിരക്ക് വര്‍ധനവിനെതിരെ ബി ജെ പി, ശിവസേനാ എം പിമാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിന്‍ ചാര്‍ജ് വര്‍ധനയുടെ പേരില്‍ സ്വന്തം പാര്‍ട്ടി എം പിമാര്‍ വരെ നരേന്ദ്ര മോദിക്കെതിരെ തിരിയുന്നു. ദിനംപ്രതി ലക്ഷക്കണക്കിന് ആളുകള്‍ സബ്അര്‍ബന്‍ ട്രെയിനുകള്‍ ആശ്രയിക്കുന്ന മുംബൈയില്‍ നിരക്ക് വര്‍ധന പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് പത്ത് ബി ജെ പി. എം പിമാരും ശിവസേനാ എം പിമാരും റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുമായി കൂടിക്കാഴ്ച നടത്തി. കുറച്ച് ദിവസത്തിനകം തന്നെ ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന് ഗൗഡ ഉറപ്പ് തന്നതായി ബി ജെ പി. എം പി ഋത് സോമയ്യ പറഞ്ഞു.
പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റെടുത്ത ശേഷം റെയില്‍വേ നിരക്കില്‍ വരുത്തിയ വന്‍ നിരക്ക് വര്‍ധന രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെയും രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. പ്രത്യേകിച്ചും ദിനംപ്രതി ലക്ഷക്കണക്കിന് സാധാരണക്കാര്‍ യാത്ര ചെയ്യുന്ന മുംബെയില്‍ ചാര്‍ജ് വര്‍ധന കൂടുതല്‍ ദോഷകരമായി ബാധിക്കും. 150 ശതമാനത്തിലധികം വരെ കൂലി വര്‍ധിക്കുന്നുണ്ട്. റെയില്‍വേ ബോര്‍ഡ് ഉടന്‍ തന്നെ യോഗം വിളിച്ചുകൂട്ടുമെന്നും പരിഹാരം കാണുമെന്നും മന്ത്രി സദാനന്ദ ഗൗഡ വാക്ക് നല്‍കിയതായും മറ്റൊരു ബി ജെ പി. എം പി കപില്‍ പാട്ടീല്‍ വ്യക്തമാക്കി. അതേസമയം, മഹാരാഷ്ട്രയില്‍ അടുത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വികാരം പാര്‍ട്ടിക്ക് എതിരാകാതിരിക്കാനാണ് ഈ എം പിമാര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്ന് സൂചനകളുണ്ട്. നേരത്തെ വിലക്കയറ്റത്തെ വിമര്‍ശിച്ച് സേനാ മേധാവി ഉദ്ധവ് താക്കറെയും രംഗത്തെത്തിയിരുന്നു.