Connect with us

Malappuram

മഞ്ചേരി ജനറല്‍ ആശുപത്രി ചരിത്രത്തിന്റെ ഭാഗമായി: ഇനി എല്ലാം മെഡിക്കല്‍ കോളജ്

Published

|

Last Updated

മഞ്ചേരി: മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി മഞ്ചേരി ജനറല്‍ ആശുപത്രിയും ഇതിലെ സ്റ്റാഫ്, ഉപകരണങ്ങള്‍ എന്നിവയടക്കം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുമായി കൂട്ടിച്ചേര്‍ക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി.
ഇതോടെ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ജനറല്‍ ആശുപത്രി ചരിത്രത്തിന്റെ ഭാഗമായി. നിലവില്‍ ഡി എച്ച് എസിനു കീഴില്‍ ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്തു വരുന്ന ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ കോളജില്‍ ഡീംഡ് ഡെപ്യൂട്ടേഷനില്‍ തുടരാവുന്നതാണ്. പി ജി ഡിഗ്രിയുള്ള ഡോക്ടര്‍മാര്‍ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍മാരായും പി ജി ഡിപ്ലോമയുള്ള ഡോക്ടര്‍മാര്‍ സീനിയര്‍ റെസിഡന്‍സ് ഡോക്ടര്‍മാരായും നിയമിക്കപ്പെടും. ജൂനിയര്‍ റസിഡന്റ്‌സ് ആയി അസിസ്റ്റന്റ് സര്‍ജന്‍മാര്‍ നിയമിക്കപ്പെടും. സ്വകാര്യ പ്രാക്ടീസ് നടത്താത്ത ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ കോളജ് നിലവാരത്തിലുള്ള ശമ്പളം നല്‍കും. പ്രിന്‍സിപ്പലും സൂപ്രണ്ടുമാരും ചേര്‍ന്ന് സ്‌പെഷ്യാലിറ്റി യൂനിറ്റുകള്‍ തീരുമാനിക്കും. 15 വര്‍ഷത്തിലധികം സര്‍വീസുള്ള പി ജി ഡോക്ടര്‍മാര്‍ക്ക് പ്രത്യേക വിഭാഗമായി പ്രവര്‍ത്തിക്കാം.
മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യാന്‍ താത്പര്യമില്ലാത്ത ഡോക്ടര്‍മാര്‍ക്ക് മറ്റ് ഗവണ്‍മെന്റ് ആശുപത്രികളിലേക്ക് മാറാവുന്നതാണ്. ഇപ്പോള്‍ വര്‍ക്കിംഗ് അറേജ്‌മെന്റില്‍ മറ്റു ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കും.
ഡി എച്ച് എസ്, ഡി എം ഇ വ്യത്യാസമില്ലാതെ ആശുപത്രി ഉപകരണങ്ങളും മറ്റു സൗകര്യങ്ങളും എല്ലാ ഡോക്ടര്‍ക്കും ഒരേ പോലെ ഉപയോഗിക്കാവുന്നതാണ്. നിലവിലുള്ള സൂപ്രണ്ട് ഡോ. നന്ദകുമാര്‍ അഡ്മിനിസ്‌ട്രേറ്റീവ് സൂപ്രണ്ടാവും. മെഡിക്കല്‍ സൂപ്രണ്ടിനെ ഡി എം ഇ നിയമിക്കും. പ്രിന്‍സിപ്പലിനായിരിക്കും മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മുഖ്യ നിയന്ത്രണാധികാരം.
500 ബെഡ്ഡുള്ള ആശുപത്രിയിലേക്കു വേണ്ട പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, ഫാര്‍മസിസ്റ്റുകള്‍, നഴ്‌സുമാര്‍, ഇതര ജീവനക്കാര്‍ തുടങ്ങിയവരെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഒരാഴ്ചക്കകം നിയമിക്കണം. പ്രിന്‍സിപ്പല്‍, സൂപ്രണ്ടുമാര്‍, ഡി എച്ച് എസ്-ഡി എം ഇ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപവത്കരിക്കും. ഇവരായിരിക്കും ആശുപത്രി ദൈനംദിന കാര്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കുക. ഇക്കഴിഞ്ഞ 17ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഇന്നലെ ഉച്ചക്കാണ് ബന്ധപ്പെട്ട വിവിധ ഓഫീസുകളില്‍ ലഭിച്ചത്.

 

Latest