Connect with us

Gulf

റാസല്‍ ഖൈമ അസോ. ആസ്ഥാന മന്ദിരം പുനഃനിര്‍മാണം രണ്ടു മാസത്തിനകം പൂര്‍ത്തിയാകും

Published

|

Last Updated

റാസല്‍ഖൈമ: റാസല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ കെട്ടിടത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും പുനഃനിര്‍മാണം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് പ്രസിഡന്റ് എസ് എ സലീം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അസോസിയേഷന്‍ 38-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് രണ്ട് ഓഡിറ്റോറിയവും ഓഫീസ് സമുച്ചയവും, കോണ്‍സുലാര്‍ സര്‍വീസ് ഹാളും മറ്റും പണിയുന്നത്. റാസല്‍ഖൈമ ഭരണാധികാരിയായിരുന്ന ശൈഖ് ശഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്യാതനാകുന്നതിന് മുമ്പ് സ്ഥലം സൗജന്യമായി നല്‍കി. 15 ലക്ഷം ദിര്‍ഹമാണ് ചെലവു പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ വാണിജ്യ സമൂഹത്തിന്റെ സാമ്പത്തിക പിന്തുണ ഇതിനുണ്ട്. അഞ്ചുലക്ഷം ദിര്‍ഹം അസോസിയേഷനു കീഴിലുള്ള ഇന്ത്യന്‍ സ്‌കൂളിന്റെ ഫണ്ടില്‍ നിന്ന് ഉപയോഗിക്കും. സ്‌കൂളിന് 2013ല്‍ 11 ലക്ഷം ദിര്‍ഹമോളം വരുമാനമുണ്ട്. അസോസിയേഷന്‍ ജനറല്‍ ബോഡിയുടെ തീരുമാനപ്രകാരമാണ് സ്‌കൂള്‍ ഫണ്ട് കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. മാത്രമല്ല, സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പാഠ്യ, പാഠ്യേതര ആവശ്യങ്ങള്‍ക്ക് അസോസിയേഷന്റെ പുതിയ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ അനുമതിയുണ്ടാകും.
കെട്ടിടനിര്‍മാണം സുതാര്യമാണ്. ചിലര്‍ പല തടസവാദങ്ങള്‍ ഉന്നയിച്ചു രംഗത്തുവന്നെങ്കിലും ഇന്ത്യന്‍ സമൂഹത്തിന് നിജസ്ഥിതി അറിയാം. അസോസിയേഷനിന്റെ 1,600 അംഗങ്ങളില്‍ മഹാഭൂരിപക്ഷം ഒറ്റകെട്ടാണ്. നിര്‍മാണ വേളയില്‍ പ്രതിസന്ധികള്‍ പലതും ഉണ്ടായെങ്കിലും അതെല്ലാം തരണം ചെയ്തു. കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടതിനു ശേഷം പുതിയ ഭരണ സമിതിക്കുവേണ്ടി ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കും.
കഴിഞ്ഞ വര്‍ഷത്തെ കണക്ക് ഈ മാസം 27ന് ചേരുന്ന ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കും. കണക്ക് വിശദമായ ഓഡിറ്റിങ്ങിന് വിധേയമാക്കിയിട്ടുണ്ട്.
വിദ്യാലയത്തിലെ അപര്യാപ്തതകളെക്കുറിച്ച് ബോധ്യമുണ്ട്. പക്ഷേ, റാസല്‍ഖൈമയില്‍ ഏറ്റവും കുറച്ച് ഫീസ് വാങ്ങുന്ന വിദ്യാലയമാണിത്. ഇന്ത്യന്‍ സമൂഹത്തിലെ സാധാരണക്കാരുടെ അത്താണിയാണിത്. വിദ്യാലയത്തിന്റെ സല്‍പേരിന് കളങ്കമാകുന്ന യാതൊന്നും അനുവദിക്കാന്‍ പറ്റില്ല. വിദ്യാലയത്തിനും അസോസിയേഷനുമെതിരെ ചിലര്‍ നടത്തുന്ന നീക്കങ്ങള്‍ ദുഃഖകരമാണെന്നും സലീം പറഞ്ഞു.
സ്‌കൂള്‍ പ്രിന്‍സിപ്പാല്‍ കെ മുഹമ്മദലി, കോശി, അസോസിയേഷന്‍ ഭാരവാഹികളായ, മധു, ഗോപകുമാര്‍ പങ്കെടുത്തു.