Connect with us

Ongoing News

കറുത്ത നക്ഷത്രങ്ങള്‍ തിളങ്ങുന്നു

Published

|

Last Updated

ഫോര്‍ട്ടലേസ: 90 മിനുട്ടും കൊണ്ടും കൊടുത്തുമുള്ള മുന്നേറ്റം. ഒടുവില്‍ 2-2ന് സമനില. ജര്‍മനി- ഘാന പോരാട്ടം സുന്ദരന്‍ ഫുട്‌ബോളിന്റെ അനേക നിമിഷങ്ങള്‍ സമ്മാനിച്ച് അവസാനിക്കുമ്പോള്‍ ചിത്രത്തില്‍ തിളക്കത്തോടെ നിന്നത് ആഫ്രിക്കയുടെ കറുത്ത നക്ഷത്രങ്ങളായ ഘാന. ഘാനയുടെ മുന്നേറ്റത്തിലും കരുത്തിനും മിടുക്കിനും മുന്നില്‍ ഒന്നു പകച്ചുപോയ മുന്‍ ചാമ്പ്യന്മാര്‍ ഒടുവില്‍ സമനില നേടി മത്സരം രക്ഷിച്ചെടുക്കുകയായിരുന്നു. ഒരു ഗോളിന് പിന്നിട്ട് നിന്ന് രണ്ടെണ്ണം തിരിച്ചടിച്ച് ഞെട്ടിച്ച ആഫ്രിക്കന്‍ കരുത്തരെ അവസാന നിമിഷം പഴയ പടക്കുതിര മിറോസ്ലാവ് ക്ലോസെയെ പകരക്കാരനായി ഇറക്കിയാണ് ജര്‍മനി മത്സരം സമനിലയില്‍ പിടിച്ചത്. പകരക്കാരനായി ഇറങ്ങി അടുത്ത മിനുട്ടില്‍ തന്നെ ലക്ഷ്യം കണ്ട് ക്ലോസെ ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോയുടെ 15 ഗോളുകളെന്ന റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു. ഘാനക്കായി ആന്ദ്രെ അയേവു, അസമോവ ഗ്യാന്‍ എന്നിവരും ജര്‍മനിക്കായി മരിയോ ഗോസെ, മിറൊസ്ലോവ് ക്ലോസെ എന്നിവരും ഗോളുകള്‍ സ്വന്തമാക്കി.
കളിയുടെ നൈസര്‍ഗിക സൗന്ദര്യം
വന്യതയുടെ കരുത്തിനൊപ്പം നൈസര്‍ഗിക വാസനയുടെ സൗന്ദര്യത്മകതയും മൈതാനത്ത് നടപ്പാക്കിയ ഘാന വിജയികളായി തന്നെയാണ് തിരിച്ചു കയറിയത്. ഒപ്പം ഒരു പോയിന്റ് നേടി ഗ്രൂപ്പിലെ മുന്നോട്ടുള്ള സാധ്യതകളും മലര്‍ക്കെ തുറന്നു. പോര്‍ച്ചുഗലിനെ തകര്‍ത്ത പ്രകടനത്തിന്റെ അടുത്തെങ്ങുമെത്താന്‍ ജര്‍മനിക്കായില്ല. അല്ലെങ്കില്‍ ആ പ്രകടനത്തിന്റെ അടുത്തെത്താന്‍ പോലും ഘാന അവരെ അനുവദിച്ചില്ല. ജര്‍മനിയുടെ പാസിംഗ് ഗെയിമിനെ അതേ താളത്തില്‍ തന്നെ നേരിട്ട ഘാന അടിക്ക് തിരിച്ചടി എന്ന നിലയില്‍ ജര്‍മന്‍ ബോക്‌സിലേക്ക് ഇരമ്പിയാര്‍ത്തു. സൂപ്പര്‍ താരവും നായകനുമായ അസമോവ ഗ്യാന്‍, ആന്ദ്രെ അയേവു എന്നിവര്‍ നിരന്തരം ജര്‍മന്‍ പ്രതിരോധത്തെയും ഗോളി മാനുവല്‍ നൂയറെയും പരീക്ഷീച്ചു. ജര്‍മന്‍ പ്രതിരോധത്തിലെ പാളിച്ചകള്‍ മുതലെടുക്കുന്നതില്‍ ഘാന ഏറെക്കുറെ വിജയിച്ചിരുന്നു. എന്നാല്‍ മാനുവല്‍ നൂയറുടെ മിടുക്കും നിര്‍ഭാഗ്യങ്ങളും ഫിനിഷിംഗിലെ ചില്ലറ പോരായ്മകളുമാണ് അര്‍ഹിച്ച വിജയം അവര്‍ക്ക് അന്യമാക്കിയത്. ജര്‍മനി പാസിംഗ് ഗെയിമുമായി ഗോളിലേക്ക് അടിവെച്ച് കയറുമ്പോള്‍ തന്ത്രപരമായി പന്ത് റാഞ്ചുന്നതില്‍ ഘാന പലപ്പോഴും വിജയം കണ്ടു. ഇത് ജര്‍മന്‍ മുന്നേറ്റത്തിന് പലപ്പോഴും അലോസരം സൃഷ്ടിക്കുന്നതായി. പന്ത് കാലിലെത്തുമ്പോഴെല്ലാം കുറിയ പാസുകളോടെ ഘാനയുടെ താരങ്ങള്‍ വിംഗുകളിലൂടെയും മറ്റും തിരമാല കണക്കെ കുതിക്കുകയായിരുന്നു. ഇതിനെല്ലാം ജര്‍മനിയുടെ മറുപടി സെറ്റ് പീസുകളും കൗണ്ടര്‍ അറ്റാക്കുമായിരുന്നു. ആദ്യ പകുതി ഇരു ടീമുകളും തുല്ല്യ നിലയില്‍ പോരാടിയപ്പോള്‍ ഗോള്‍ അകന്നു നിന്നു.
രണ്ടാം പകുതിയിലും ആക്രമണ പ്രത്യാക്രമണങ്ങള്‍ക്ക് കുറവുണ്ടായില്ല. ഒരേ താളത്തില്‍ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാടിയപ്പോള്‍ കാണികള്‍ക്ക് അതൊരു വിരുന്നായി. ഒടുവില്‍ ആദ്യം ലക്ഷ്യം കണ്ടത് ജര്‍മനി. 51ാം മിനുട്ടില്‍ ഘാന അധ്വാനിച്ചു കളിക്കുന്നതിനിടെയാണ് ഗോസെയുടെ അപ്രതീക്ഷിത ഗോള്‍ വന്നത്. മികച്ച പന്തടക്കത്തോടെ കുതിച്ച തോമസ് മുള്ളര്‍ നല്‍കിയ ക്രോസ് രണ്ട് പ്രതിരോധക്കാരെ സാക്ഷിയാക്കി ഗോസെ വലയിലിടുകയായിരുന്നു. ഗോസെയുടെ പത്താം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. ഗോള്‍ വളങ്ങിയെങ്കിലും ഘാനയുടെ പ്രത്യാക്രമണത്തിന്റെ മൂര്‍ച്ച കുറഞ്ഞില്ല. മൂന്ന് മിനുട്ടിനിടെ അവര്‍ മറുപടിയും പറഞ്ഞു. ഹാരിസന്‍ അഫ്‌ലു വലതു പാര്‍ശ്വത്തില്‍ നിന്ന് കോരിയിട്ടുകൊടുത്ത കൃത്യതയാര്‍ന്ന ഫ്രീകിക്ക് മനോഹരമായ ഒരു ഹെഡ്ഡറിലൂടെ ആന്ദ്രെ അയേവു വലയിലെത്തിച്ച് ടീമിനെ ഒപ്പമെത്തിച്ചു.
തിരിച്ചടിക്കുന്നതിനായുള്ള എല്ലാ ശ്രമങ്ങളും ജര്‍മനി നടത്തുന്നതിനിടെ അടുത്ത അടിയും അവര്‍ക്ക് കിട്ടി. 63ാം മിനുട്ടില്‍ സൂപ്പര്‍ താരം അസമോവ ഗ്യാന്‍ അവര്‍ക്ക്ഉജ്ജ്വലമായൊരു ഗോളിലൂടെ ലീഡൊരുക്കി. ജര്‍മന്‍ മിസ് പാസ് പിടിച്ചെടുത്ത് സുല്ലെ മുന്താരി നല്‍കിയ ത്രൂ പാസ് സ്വീകരിച്ച് ബോക്‌സിന്റെ വലതു വശത്തേക്ക് കുതിച്ച അസമാവോ ഗ്യാന്‍ തൊടുത്ത ഹാഫ് വോളിക്ക് മുന്നില്‍ ജര്‍മനന്‍ ഗോളി നൂയര്‍ നിസ്സഹായനായിരുന്നു. ഗോള്‍ വീണതോടെ ഘനയുടെ താരങ്ങളില്‍ വിജയിക്കാമെന്ന ആത്മവിശ്വാസം ശക്തമായി. പിന്നീടെ തുടരന്‍ ആക്രമണങ്ങളായിരുന്നു. തിരമാല കണക്കെ ഘാനയുടെ കളിക്കാര്‍ ഒന്നിച്ച് മുന്നേറിയതോടെ ജര്‍മന്‍ വന്‍ മതില്‍ ആടിയുലഞ്ഞു. നിരന്തരം ഗോള്‍ ശ്രമങ്ങള്‍ ഘാന നടത്തിക്കൊണ്ടിരുന്നു. പ്രതിരോധം ഒന്നാകെ ചിതറിയതോടെ ഗോളി നൂയറിന്റെ മിടുക്ക് മാത്രമാണ് അവര്‍ക്ക് തുണയായത്. ലോകത്തെ എണ്ണം പറഞ്ഞ ഗോളിയായ നൂയറുടെ മിടുക്കില്ലായിരുന്നെങ്കില്‍ ജര്‍മനി ഉറപ്പായും പരാജയം രുചിക്കുമായിരുന്നു.
മത്സരം അവസാനത്തോടടുക്കും തോറും ജര്‍മനിക്ക് രക്ഷയില്ലാത്ത അവസ്ഥ. ഘാന പ്രതിരോധം കടുപ്പിച്ചതോടെ അവരുടെ ശ്രമങ്ങള്‍ ഒന്നൊന്നായി പരാജയപ്പെട്ടു. പകരക്കാരെ ഇറക്കുകയെന്ന ഒരൊറ്റ പരീക്ഷണം മാത്രമേ ജര്‍മന്‍ കോച്ച് ജോക്കിം ലോക്ക് മുന്നിലുണ്ടായിരുന്നുള്ളു. ഒറ്റയടിക്ക് രണ്ട് പേരെയാണ് ലോ മാറ്റിയത്. സമി ഖദീരക്ക് പകരം ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗറും മരിയോ ഗോസെക്ക് പകരം മിറോസ്ലാവ് ക്ലോസെയെയും കൊണ്ടുവന്നു. മാറ്റം കളിയില്‍ നിര്‍ണായകവുമായി. എഴുപതാം മിനുട്ടില്‍ മൈതാനത്തിറങ്ങിയ ക്ലോസെ എഴുപത്തിയൊന്നാം മിനുട്ടില്‍ തന്നെ ലക്ഷ്യം കണ്ടു. ഇടതു വശത്ത് നിന്ന് ടോണി ക്രൂസ് തൊടുത്ത കോര്‍ണറിന് ഡിഫന്‍ഡര്‍ ബെനഡിക്ട് ഹൊവേദെസ് ഹെഡ്ഡറിലൂടെ പോസ്റ്റിേലക്ക് മറിച്ചു. പോസ്റ്റിന് സമാന്തരമായി നീങ്ങിയ പന്ത് അവസരോചിതമായി ക്ലോസെ നെറ്റിലേക്ക് തള്ളിയിടുകയായിരുന്നു. സമനില വഴങ്ങിയിട്ടും വിജയിക്കാനുള്ള ദാഹം അടങ്ങാതെ കറുത്ത നക്ഷത്രങ്ങള്‍ പോരാട്ടം തുടര്‍ന്നു. എന്നാല്‍ ഗോള്‍ മാത്രം അകന്നു നിന്നു. ആദ്യ മത്സരത്തില്‍ അമേരിക്കയോട് പൊരുത കീഴടങ്ങേണ്ടി വന്ന ആഫ്രിക്കന്‍ കറുത്ത നക്ഷത്രങ്ങള്‍ക്ക് അടുത്ത മത്സരത്തില്‍ പോര്‍ച്ചുഗലിനെ കീഴടക്കിയാല്‍ രണ്ടാം റൗണ്ടിലേക്ക് കടക്കാന്‍ സാധ്യതകള്‍ നിലനില്‍ക്കുന്നു. മറുവശത്ത് ജര്‍മനിക്കാകട്ടെ അമേരിക്കക്കെതിരെ ജീവന്‍മരണ പോരാട്ടം നടത്തേണ്ട അവസ്ഥയും സംജാതമായി.