Connect with us

Palakkad

ചിറ്റൂര്‍ താലൂക്കില്‍ കേരളവിരുദ്ധ സന്ദേശമുള്ള നോട്ടീസ് പ്രചാരണം വ്യാപകമാകുന്നു

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്തെ മൂന്ന് അണക്കെട്ടുകള്‍ തമിഴ്‌നാട് സ്വന്തമാക്കിയതിനു പിന്നാലെ പാലക്കാട്് ചിറ്റൂര്‍ താലൂക്കില്‍ കേരളവിരുദ്ധ സന്ദേശമുള്ള നോട്ടീസ് പ്രചാരണം വ്യാപകമാകുന്നു.
ചിറ്റൂര്‍ താലൂക്കിനെ തമിഴ്‌നാട്ടില്‍ ലയിപ്പിക്കണമെന്നാണ് നോട്ടീസിന്റെ തലക്കെട്ട്. സേവ് ചിറ്റൂര്‍ താലൂക്ക് ഫോറം എന്ന സംഘടനയുടെ പേരിലാണ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതും തമിഴ്‌നാടിനെ പ്രശംസിക്കുന്നതുമായ നോട്ടീസ് പൂര്‍ണമായും കേരള വിരുദ്ധ സന്ദേശമാണ് പ്രചരിപ്പിക്കുന്നത്.
കാലാകാലങ്ങളില്‍ ചിറ്റൂര്‍ മേഖലയിലെ ജനങ്ങളെ കേരളം അവഗണിക്കുന്നതിന്് ഉദാഹരണമായി മൂന്ന് അണക്കെട്ടുകള്‍ കേരളത്തിന് നഷ്ടപ്പെട്ട സംഭവം നോട്ടീസിന്റെ തുടക്കത്തില്‍ പറയുന്നു. തമിഴ് ജനതയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ തമിഴ്‌നാട് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഒരുക്കുമ്പോള്‍ കേരളം പ്രകൃതിവിഭവ കൊള്ളക്ക് കൂട്ടുനില്‍ക്കുന്നു.
കരിങ്കല്‍ക്വാറി, മണലൂറ്റ് കേന്ദ്രങ്ങള്‍ക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഒത്താശചെയ്യുന്നു. തമിഴ്‌നാട്ടിലാകട്ടേ ജനവാസമേഖലയില്‍ ഇതൊന്നുമില്ലെന്നും അതിനാല്‍ ചിറ്റൂര്‍ താലൂക്ക് തമിഴ്‌നാട്ടില്‍ ലയിപ്പിക്കണമെന്നുമാ്ണ് സേവ് ചിറ്റൂര്‍ താലൂക്ക് ഫോറം എന്ന സംഘടനയുടെ ആവശ്യം. ബഹുഭൂരിപക്ഷം വരുന്ന ആദിവാസി ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്കും മത തമിഴ്ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കും കേരള സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നതായും നോട്ടീസില്‍ പറയുന്നുണ്ട്.
തമിഴ്‌നാടിനോട് ചേര്‍ന്നുകിടക്കുന്ന ചിറ്റൂര്‍ താലൂക്കിലെ കൊഴിഞ്ഞാമ്പാറ, വടകരപ്പതി , എരുത്തേമ്പതി, എന്നീ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് നോട്ടീസ് പ്രചാരണം. കൂടാതെ ജനകീയ ക്യാംപയിന്‍ സംഘടിപ്പിക്കാനും തീരുമാനമുണ്ട്. സംഘടനയുടെ ചുമതലപ്പെട്ടവരുടെ പേരും ഫോണ്‍ നമ്പറും നോട്ടീസില്‍ ഉള്ളടക്കം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ലോക്്‌സഭാ തിരഞ്ഞെടുപ്പിലും ചിറ്റൂര്‍ ഇതേ രീതിയിലുളള പ്രചാരണം ചില സംഘടനകള്‍ നടത്തിയിരുന്നു.
കേരളത്തിലെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാതെ നിഷേധവോട്ട് ചെയ്യണമെന്നായിരുന്നു ആഹ്വാനം.
പൂര്‍ണമായും കേരള സര്‍ക്കാരിനോടും ഉദ്യോഗസ്ഥ ജനപ്രതിനിധികളോടും വിരോധം ഉളവാക്കുന്ന പ്രാചാരണമാണിത്.