Connect with us

National

സോഷ്യല്‍ മീഡിയകളിലെ ഹിന്ദിവത്കരണം: നിര്‍ദേശം വിവാദമാകുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക കൂട്ടായ്മയില്‍ സന്ദേശങ്ങള്‍ കൈമാറുന്നത് ഹിന്ദിയിലായിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ രൂക്ഷ വിമര്‍ശം. ഹിന്ദു അടിച്ചേല്‍പ്പിക്കനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് ഡി എം കെ മേധാവി കരുണാനിധി വ്യക്തമാക്കി. എ ഐ എ ഡി എം കെ മേധാവിയും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജയലളിത, ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല, എം ഡി എം കെ മേധാവി വൈകോ, പട്ടാളി മക്കള്‍ കച്ചി നേതാവ് എസ് രാംദോസ് തുടങ്ങിയവരും സി പി എമ്മും ഇന്നലെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു.
1963ലെ ഔദ്യോഗിക ഭാഷാ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് ഈ നിര്‍ദേശമെന്നും ഉടന്‍ പിന്‍വലിക്കണമെന്നും കാണിച്ച് ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. സോഷ്യല്‍ മീഡിയയിലെ വിനിമയ ഭാഷ ഇംഗ്ലീഷ് തന്നെ ആക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഹിന്ദിയെ ദേശ സ്‌നേഹവത്കരിക്കുന്നത് അപകടകരമായ പ്രവണതയാണ്. ഭാഷാ സ്‌നേഹം ജീവിതത്തിന്റെ ഭാഗമായി കാണുന്ന തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് ഇത് അംഗീകരിക്കാനാകില്ലെന്നും ജയലളിത വ്യക്തമാക്കി. ഇന്ത്യ ഒരു ബഹുസ്വര രാഷ്ട്രമാണെന്നും ഒരേ ഒരു ഭാഷ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു.
2014ലെ ബി ജെ പി പ്രകടനപത്രികയില്‍ തന്നെ എല്ലാ ഭാഷകളുടെയും വികാസത്തിനായി നിലകൊള്ളുമെന്ന് പ്രഖ്യാപിക്കുന്നുണ്ടെന്ന് പി എം കെ നേതാവ് രാംദോസ് പറഞ്ഞു. ഭരണഘടനയുടെ എട്ടാം അനുച്ഛേദം 22 ഭാഷകളെ ഒദ്യോഗിക ഭാഷകളായി പ്രഖ്യാപിച്ചിരിക്കെ ഹിന്ദിക്ക് അമിത പ്രാധാന്യം നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്‍ ഡി എ ഘടകകക്ഷിയായ എം ഡി എം കെയുടെ മേധാവി വൈക്കോയാണ് ഏറ്റവും രൂക്ഷമായി പ്രതികരിച്ചത്. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതക്ക് തന്നെ ഭീഷണിയാണ്. അത് സര്‍ക്കാര്‍ മനസ്സിലാക്കണം. ഉറങ്ങുന്ന സിംഹത്തെ ഉണര്‍ത്തുന്ന പ്രവൃത്തിയാണ് ഇത്. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം തമിഴ്‌നാട്ടില്‍ ചോര വീഴ്ത്തിയെന്ന ചരിത്രം സര്‍ക്കാര്‍ തിരിച്ചറിയണമെന്നും വൈക്കോ തുറന്നടിച്ചു. ഭാഷാ സമത്വമെന്ന തത്വത്തിന് എതിരാണ് നിര്‍ദേശമെന്ന് സി പി എം പ്രതികരിച്ചു.
അതേസമയം, സര്‍ക്കാറിന്റെ നീക്കത്തിന് പിന്തുണയുമായി ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി രംഗത്തെത്തി.

Latest