Connect with us

Ongoing News

സുവാരസിനെ സ്വന്തമാക്കാന്‍ ബാഴ്‌സ-റയല്‍ യുദ്ധം

Published

|

Last Updated

മാഡ്രിഡ്: ഉറുഗ്വെയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസാകും ലോകകപ്പിന് ശേഷം സജീവമാകാന്‍ പോകുന്ന ക്ലബ്ബ് ട്രാന്‍സ്ഫറില്‍ ഏറ്റവും നേട്ടമുണ്ടാക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി ഗോളടിച്ചു കൂട്ടിയ സുവാരസിനെ റാഞ്ചാന്‍ സ്‌പെയ്‌നില്‍ സാമ്പത്തിക യുദ്ധം നടക്കുകയാണ്. റയല്‍മാഡ്രിഡും ബാഴ്‌സലോണയും ഉറുഗ്വെക്കാരനെ ടീമിലെത്തിക്കാന്‍ പണച്ചാക്കുമായി നില്‍ക്കുന്നു. റയല്‍ നേരത്തെ തന്നെ സുവാരസിന് മേല്‍ കണ്ണ് വെച്ചിരുന്നു. ഇംഗ്ലണ്ടിനെ തകര്‍ത്തുവിട്ട പ്രകടനത്തോടെ സുവാരസ് ബാഴ്‌സലോണയുടെയും ടാര്‍ഗറ്റായി. റയലിനെ മറികടന്ന് 52 ദശലക്ഷം പൗണ്ടിന്റെ കരാറിന് ബാഴ്‌സലോണ ധാരണയെത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. സ്പാനിഷ് പത്രമായ എല്‍ മുന്‍ഡോയാണ് ട്രാന്‍സ്ഫര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലയണല്‍ മെസിക്കും നെയ്മര്‍ക്കും മുന്നിലായി സുവാരസ് വരുന്നത് ബാഴ്‌സലോണക്ക് പുതിയ യുഗം സമ്മാനിക്കുമെന്ന് ക്ലബ്ബ് ബോര്‍ഡംഗങ്ങള്‍ വിശ്വസിക്കുന്നു.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ റോബിന്‍ വാന്‍ പഴ്‌സി, ജര്‍മനിയുടെ മാര്‍കോ റ്യൂസ് എന്നിവരെയും ബാഴ്‌സ ലക്ഷ്യമിടുന്നു. ലൂയിസ് വാന്‍ ഗാല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ചാകുന്നതോടെ വാന്‍ പഴ്‌സി മറ്റൊരു തട്ടകത്തിലേക്ക് പോകില്ലെന്ന നിഗമനത്തിലാണ് ബാഴ്‌സലോണ സുവാരസില്‍ പിടിമുറുക്കിയത്.