Connect with us

Ongoing News

മധ്യസ്ഥത വേണ്ടെന്ന് അസോസിയേഷന്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് ആവശ്യം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ ചേരി തിരിഞ്ഞുള്ള തര്‍ക്കം രൂക്ഷമാകുന്നു. പ്രശ്‌ന പരിഹരിക്കാനായി സര്‍ക്കാര്‍ മുന്നോട്ട് വച്ച ഉപാധിയോട് ഐ എ എസ് അസോസിയേഷന്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. തര്‍ക്കപരിഹാരത്തിനായി സര്‍ക്കാര്‍ നിയോഗിച്ച മുന്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയും ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനുമായ കെ എം ചന്ദ്രശേഖറിന്റെ മധ്യസ്ഥത വേണ്ടെന്ന്് ഐ എ എസ് അസോസിയേഷന്‍ അറിയിച്ചു. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. അസോസിയേഷന്‍ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. പരാതി ചോര്‍ന്നത് സംബന്ധിച്ച് രാജു നാരായണസ്വാമിക്കെതിരേ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ല. ഐ എ എസ് അസോസിയേഷന് പരാതി നല്‍കാന്‍ രാജുനാരായണ സ്വാമിക്ക് അവകാശമുണ്ട്. ഇ കെ ഭരത്ഭൂഷണെതിരായ ആരോപണങ്ങള്‍ അസോസിയേഷന്‍ പരിശോധിക്കും. ചീഫ് സെക്രട്ടറിക്കെതിരേ എട്ട് പരാതികളാണ് ഇതുവരെ അസോസിയേഷന് ലഭിച്ചിരിക്കുന്നത്. ഈ പരാതികളില്‍ പലതും സര്‍വീസ് കാര്യങ്ങളുമായി ബന്ധപ്പെട്ട ഗൗരവമുള്ള വസ്തുതകളാണ്. ഈ സാഹചര്യത്തില്‍ പരാതികള്‍ പരിശോധിക്കേണ്ടത് മധ്യസ്ഥനല്ല, മുഖ്യമന്ത്രി നേരിട്ടിടപെട്ട് പ്രശ്‌നം പരിഹരിക്കുകയാണ് ചെയ്യേണ്ടതെന്നും അസോസിയേഷന്‍ അറിയിച്ചു.
ഐ എ എസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള വിഷയം പരിഹരിക്കാനായി ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ എം ചന്ദ്രശേഖറിനെ നിയമിച്ചതായി രാവിലെ നിയമസഭയിലാണ് മുഖ്യമന്ത്രി അറിയിച്ചത്. ഇരുകൂട്ടരുമായി അദ്ദേഹം ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മധ്യസ്ഥനെ ആവശ്യമില്ലെന്ന നിലപാടുമായി അസോസിയേഷന്‍ രംഗത്തെത്തിയത്. അതേസമയം, ഐ എ എസ് അസോസിയേഷനിലെ ഒരുവിഭാഗമാണ് മധ്യസ്ഥ ചര്‍ച്ച അംഗീകരിക്കില്ലെന്ന്് അറിയിച്ചിരിക്കുന്നത്. ഔദ്യോഗികമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നാണ് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തില്‍ ഐ എ എസ് അസോസിയേഷന്‍ വീണ്ടും യോഗം ചേര്‍ന്നായിരിക്കും അന്തിമ തീരുമാനമെടുക്കുക. ഇതിനുശേഷം സര്‍ക്കാരിനെ നിലപാട് അറിയിക്കും. അതിനിടെ, ഐ എ എസ് അസോസിയേഷന്റെ തീരുമാനത്തിനെതിരേ വിമര്‍ശനവുമായി ടി എന്‍ പ്രതാപന്‍ എം എല്‍ എ രംഗത്തെത്തി. പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥ ചര്‍ച്ച നടത്തുമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിക്കാത്ത അസോസിയേഷന്റെ നിലപാട് ധിക്കാരപരമാണെന്ന്് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ചര്‍ച്ച നടത്തില്ലെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍, പ്രാഥമികമായി ചര്‍ച്ച നടത്തുന്നതിന് മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനെ നിയോഗിച്ചതുപോലും അംഗീകരിക്കാതിരിക്കുന്നത് മുഖ്യമന്ത്രിയെ ധിക്കരിക്കുന്നതിന് തുല്യമാണെന്നും പ്രതാപന്‍ കുറ്റപ്പെടുത്തി.

 

Latest