Connect with us

Gulf

ദുബൈ ഖുര്‍ആന്‍ അവാര്‍ഡിന് ഈ വര്‍ഷം 85 മത്സരാര്‍ത്ഥികള്‍

Published

|

Last Updated

ദുബൈ: 18ാമത് ദുബൈ ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡിനായി ഈ വര്‍ഷം മത്സരിക്കാന്‍ എത്തുന്നത് 85 പേര്‍. റമസാന്‍ എട്ടിനാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന മത്സരം നടക്കുക. ഖുര്‍ആന്‍ മത്സരത്തിന്റെ ഒരുക്കങ്ങള്‍ ഏതണ്ട് പൂര്‍ത്തിയായി. ഖുര്‍ആന്‍ മന:പാഠമാക്കിയവര്‍ക്കും ഇവരുടെ സഹായികള്‍ക്കുമുള്ള സന്ദര്‍ശന വിസകള്‍ ശരിയാക്കിയിട്ടുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന ശാരീരികമായി വെല്ലുവിളി നേരിടുന്നവരോടൊപ്പം എത്തുന്ന ബന്ധുക്കള്‍ക്കും സഹായികള്‍ക്കുമുള്ള വിസയും ഇതില്‍ ഉള്‍പ്പെടും. ഒന്നാം സ്ഥാനത്ത് എത്തുന്ന മത്സരാര്‍ഥിക്ക് രണ്ടര ലക്ഷം ദിര്‍ഹമാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനത്തിന് രണ്ടു ലക്ഷം ദിര്‍ഹവും മൂന്നാം സ്ഥാനത്തിന് ഒന്നര ലക്ഷം ദിര്‍ഹവുമാണ് ക്യാഷ് പ്രൈസായി ലഭിക്കുക.
റമസാനിന്റ ദിവസങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച പണ്ഡിതരും മതപ്രഭാഷകരും പ്രഭാഷണം നടത്തുമെന്നു ഖുര്‍ആന്‍ മത്സരത്തിനായുള്ള സംഘാടക സമിതിയുടെ തലവന്‍ ഇബ്രാഹീം ബു മില്‍ഹ വ്യക്തമാക്കി. ദുബൈ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയിലാവും പുരുഷന്മാര്‍ക്കായി പണ്ഡിതര്‍ പ്രഭാഷണം നടത്തുക. ദുബൈ വിമണ്‍ സൊസൈറ്റിയിലാവും സ്ത്രീകള്‍ക്കായുള്ള പ്രഭാഷണം. എല്ലാ ദിവസവും തറാവീഹ് നമസ്‌ക്കാരത്തിന് ശേഷം രാത്രി 10.15നാണ് പ്രഭാഷണം ആരംഭിക്കുക. പ്രഭാഷണം കേള്‍ക്കാന്‍ എത്തുന്നവരെയും വിലപ്പെട്ട സമ്മാനങ്ങള്‍ കാത്തിരിക്കുമെന്നും ബു മെല്‍ഹ ഓര്‍മിപ്പിച്ചു. റമസാന്‍ ഒന്നു മുതല്‍ 20 വരെയാണ് പ്രഭാഷണ പരമ്പര നീണ്ടു നില്‍ക്കുക. മലയാളമടക്കമുള്ള ഭാഷകളിലും പ്രഭാഷണം ഒരുക്കുന്നുണ്ട്.
അറബ് സാറ്റ്, നൈല്‍ സാറ്റ്, ഇന്‍ഡല്‍ സാറ്റ്, ഗ്യാലക്‌സി, ഹെസ്ബ സാറ്റ് എന്നിവയിലൂടെ ഖുര്‍ആന്‍ പാരായണ മത്സരവും പ്രഭാഷണവും ലോകം മുഴുവന്‍ പ്രക്ഷേപണം ചെയ്യും. പ്രരംഭ വിലയിരുത്തലുകള്‍ക്കായി മൂന്നംഗ ജഡ്ജിംഗ് പാനലിനെയാണ് നിയോഗിച്ചിരിക്കുന്നത്. അവസാന റൗണ്ട് മത്സരത്തിനും മൂന്നംഗ ജഡ്ജിംഗ് പാനലാവും ഉണ്ടാവുക. കഴിഞ്ഞ വര്‍ഷം മോശം പ്രകടനത്താല്‍ അഞ്ചു മത്സരാര്‍ഥികളെ ഒഴിവാക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു. ആര്‍ ടി എയും ബി എം ഡബ്ലിയുവും അതിഥികള്‍ക്കും മത്സരത്തില്‍ പങ്കാളികളാവുന്നവര്‍ക്കുമായി വാഹന സര്‍വീസ് നടത്തും. മത്സരവുമായി ബന്ധപ്പെട്ട് ഡോക്യുമെന്ററി നിര്‍മിക്കും. മത്സരത്തിന്റെ സ്‌പോണ്‍സറായ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമായിരിക്കും ഇതിന്റെയും സ്‌പോണ്‍സറെന്നും അദ്ദേഹം വെളിപ്പെടുത്തി.

Latest