Connect with us

Kozhikode

കുടുംബശ്രീക്ക് കീഴില്‍ ഇ- ഷോപ്പുകള്‍ വരുന്നു

Published

|

Last Updated

കോഴിക്കോട്: വുഡ് ഓണ്‍ വീല്‍ പദ്ധതിക്ക് പിന്നാലെ കോര്‍പറേഷന്‍ കുടുംബശ്രീക്ക് കീഴില്‍ ഇ- ഷോപ്പുകളും. കോര്‍പറേഷന്‍ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 16 ഇ- ഷോപ്പുകളാണ് നഗരപരിധിയില്‍ ആരംഭിക്കുന്നതെന്ന് കുടുംബശ്രീ പ്രോജക്ട് ഓഫീസര്‍ എം വി റംസി ഇസ്മാഈല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോര്‍പറേഷന്‍ വികേന്ദ്രീകൃതാസൂത്രണ ഫണ്ടായ 32 ലക്ഷം രൂപ ഉപയോഗിച്ച് കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ അയല്‍ക്കൂട്ട കുടുംബങ്ങളെ ലക്ഷ്യം വെച്ചാണ് ഷോപ്പുകള്‍ തുറക്കുന്നത്.
നഗരസഭ പരിധിയിലെ ഒയിറ്റി റോഡ്, ബീച്ച്, സ്റ്റേഡിയം പരിസരം, മുതലക്കുളം, മെഡിക്കല്‍ കോളജ്, ഹെഡ് പോസ്റ്റ് ഓഫീസീന് സമീപം, കാരപ്പറമ്പ്, പാവങ്ങാട്, ബേപ്പൂര്‍, ചെറുവണ്ണൂര്‍ എന്നിവിടങ്ങളിലാണ് ഇ-ഷോപ്പുകള്‍ സ്ഥാപിക്കുന്നത്.
പദ്ധതിയുടെ ഒന്നാം ഘട്ടമായി സ്ഥാപിച്ച അഞ്ച് ഇ-ഷോപ്പുകള്‍ 23ന് പ്രവര്‍ത്തനസജ്ജമാകും. ഒയിറ്റി റോഡ്, ബീച്ച്, സ്റ്റേഡിയം, മെഡിക്കല്‍ കോളജ്, ഹെഡ് പോസ്റ്റ് ഓഫീസ് പരിസരം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഇ-ഷോപ്പുകള്‍. കുടുംബശ്രീയുടെ ഉത്പന്നങ്ങള്‍, പരമ്പരാഗത തരത്തിലുള്ള നാടന്‍ ഉത്പന്നങ്ങള്‍, സ്വാദിഷ്ടമായ സീസണ്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവ ഇ- ഷോപ്പുകളില്‍ ലഭ്യമാക്കും. 15ല്‍ പരം ബ്രാന്റഡ് കമ്പനികളുടെ ഉത്പന്നങ്ങളും ആരോഗ്യത്തിനും സൗന്ദര്യത്തിനുമുള്ള ആയുര്‍വേദ ഉത്പന്നങ്ങളും ലഭ്യമാക്കും. ഒയിറ്റി റോഡില്‍ സ്ഥാപിച്ച ഇ-ഷോപ്പിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് 3.30ന് മന്ത്രി എം കെ മുനീര്‍ നിര്‍വ്വഹിക്കും. മേയര്‍ പ്രൊഫ. എ കെ പ്രേമജം അധ്യക്ഷത വഹിക്കും. എ പ്രദീപ്കുമാര്‍ എം എല്‍ എ മുഖ്യാതിഥിയായിരിക്കും.

Latest