Connect with us

Business

ഇന്ത്യക്കാരുടെ സ്വിസ് ബേങ്ക് നിക്ഷേപം 14,000 കോടി കവിഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി: സ്വിസ് ബേങ്കുകളിലുള്ള ഇന്ത്യക്കാരുടെ പണം 14,000 കോടി കവിയുന്നു. 2013ല്‍ 40 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. സ്വിസ് സെന്‍ട്രല്‍ ബേങ്ക് അധികൃതരാണ് ഇന്നലെ വിവരം പുറത്ത് വിട്ടത്. വിദേശത്തു നിന്നുള്ള 90 ലക്ഷം കോടി രൂപയാണ് സ്വിസ് ബേങ്കുകളിലുള്ളത്. 2012ല്‍ ഇന്ത്യക്കാരുടെ പണം മുന്നിലൊന്നായി കുറഞ്ഞിരുന്നു. ഇതിന് പുറമെ 550 കോടി രൂപ കള്ളപ്പണമായും നിക്ഷേപമുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇത്തരത്തില്‍ വിവിധ ബേങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടത്തുന്നുണ്ട് ഇതിനായി പ്രത്യേക വിഭാഗം രൂപവത്കരിച്ചിട്ടുണ്ട്. ഇത്തരം സംഘങ്ങള്‍ക്ക് വിവരം നല്‍കണമെന്നാണ് ഇവര്‍ സ്വിസ് അധികൃതരോട് ആവശ്യപ്പെടുന്നത്.
283 ബേങ്കുകളാണ് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിലവിലുള്ളത്. ഇതില്‍ രണ്ട് പ്രധാന വലിയ ബേങ്കുകളാണ് യു ബി എസും ക്രഡിറ്റ് സ്വിസും. ഇതിന് പുറമെ 93 വിദേശ ബേങ്കുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഏകദേശം 1.25 ലക്ഷം ജീവനക്കാരുമുണ്ട്. പണം വിദേശങ്ങളില്‍ ഒളിപ്പിച്ചു വെക്കുന്നത് സംബന്ധിച്ച് നിരവധി ആക്ഷേപങ്ങള്‍ ഇന്ത്യയില്‍ ഉയരുന്ന സാഹചര്യത്തില്‍ അത് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി സ്വിസ് അധികൃതരുമായി ഇത്തരക്കാരുടെ വിവരം ലഭിക്കുന്നതിന്് ഉപാധികളോടെയുള്ള കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതുപ്രകാരം ലഭിച്ച വിരത്തില്‍ 13,650 കോടി ഇന്ത്യക്കാര്‍ നേരിട്ട് നിക്ഷേപിച്ചതും 550 കോടി കള്ളപ്പേരില്‍ നിക്ഷേപിച്ചതുമാണ്. കള്ളപ്പണം സ്വകാര്യനിക്ഷേപകരുടെതും കുടുംബങ്ങളുടേതുമാണ്.
വിവിധ രാജ്യങ്ങള്‍ ഇത്തരം വിവരം നല്‍കാന്‍ സ്വിസ് അധികൃതര്‍ക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കുന്നുണ്ട്. ഇന്ത്യയും ഇത്തരത്തിലുള്ള പണത്തിന്റെ ഉടമസ്ഥരെക്കുറിച്ച് വിവരം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സ്വിസ് അധികൃതര്‍് അനുകൂലമായി പ്രതികരിച്ചിട്ടില്ല.