Connect with us

Ongoing News

പ്ലസ്‌വണ്‍ ഫലം: വെബ്‌സൈറ്റ് തകരാറായി; വിദ്യാര്‍ഥികള്‍ വട്ടം കറങ്ങി

Published

|

Last Updated

തിരുവനന്തപുരം: ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്നലെ പ്രസിദ്ധീകരിച്ചു. എന്നാല്‍ ഫലം അറിയാനെത്തിയ വിദ്യാര്‍ഥികളും രക്ഷിതാക്കളും വട്ടം കറങ്ങി. ംംംwww.dhsekerala.gov.in, www.keralaresults.nic.in- വെബ്‌സൈറ്റുകളില്‍ ഇന്നലെ രാവിലെ ഫലം ലഭിക്കുമെന്നായിരുന്നു ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് അറിയിച്ചിരുന്നതെങ്കിലും വെബ് സൈറ്റിനു മുന്നില്‍ കാത്തിരുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും രാത്രി 10 വരെ ഫലം ലഭിച്ചില്ല. ഫലം അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും വെബ്‌സൈറ്റിന്റെ ഡല്‍ഹിയിലുള്ള സെര്‍വറില്‍ അപ്രതീക്ഷിത തകരാര്‍ സംഭവിച്ചതാണ് പ്രശ്‌നമായതെന്നും ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡ് സെക്രട്ടറി ഡോ. കെ മോഹനകുമാര്‍ പറഞ്ഞു. രാത്രി തന്നെ തകരാര്‍ പരിഹരിക്കാനാകുമെന്നും ഇന്ന് രാവിലെ മുതല്‍ സൈറ്റില്‍ ഫലം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് ലക്ഷം വിദ്യാര്‍ഥികളാണ് ഫലം പ്രതീക്ഷിച്ചിരിക്കുന്നത്. ഇവര്‍ ഒന്നിച്ച് പരിശോധിക്കുമ്പേള്‍ ഫലം ഇന്നും വൈകിയേ ലഭിക്കാനിടയുള്ളൂ.
ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിതഫോറത്തില്‍ അപേക്ഷ, ഫീസടച്ച് മാര്‍ച്ചിലെ പരീക്ഷക്ക് രജിസ്റ്റര്‍ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പലിന് ഈ മാസം 30നകം സമര്‍പ്പിക്കണം. ഫീസ് വിവരം: പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 500 രൂപ, ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിക്ക് പേപ്പര്‍ ഒന്നിന് 300 രൂപ, സൂക്ഷ്മപരിശോധനയ്ക്ക് പേപ്പര്‍ ഒന്നിന് 100 രൂപ. അപേക്ഷാഫോറം സ്‌കൂളുകളിലൂം ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലിലും ലഭിക്കും.