Connect with us

National

ബലാത്സംഗം: മന്ത്രി നിഹാല്‍ ചന്ദിനെ പുറത്താക്കണമെന്ന് മോദിയോട് യുവതി

Published

|

Last Updated

ജയ്പൂര്‍: തന്നെ കൂട്ടബലാത്സംഗം ചെയ്തതില്‍ പങ്കാളിയായ കേന്ദ്രമന്ത്രി നിഹാല്‍ചന്ദ് മേഗ്‌വാളിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പീഡനത്തിനിരയായ യുവതി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചു.
രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ ബന്ധുക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ്‌യുവതി ഈ ആവശ്യം ഉന്നയിച്ചത്. മന്ത്രി മേഗ്‌വാള്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലം കൂടി ഉള്‍പ്പെടുന്നതാണ് ശ്രീഗംഗാനഗര്‍.
“നരേന്ദ്ര മോദി ഒരു നല്ല വ്യക്തിയാണെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാം. സ്ത്രീകളുടെ അവകാശങ്ങള്‍ അദ്ദേഹം മുറുകെ പിടിക്കും. മേഗ്‌വാളിനെ പോലെ ഒരാളെ മന്ത്രിസഭയില്‍ തുടരാന്‍ പ്രധാനമന്ത്രി അനുവദിക്കില്ലെന്നാണ് എന്റെ വിശ്വാസം” -യുവതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതിനിടയില്‍ ഒരു സ്വകാര്യ ടി വി ചാനല്‍ നടത്തിയ രഹസ്യാന്വേഷണപ്രവര്‍ത്തനത്തില്‍, ബലാത്സംഗത്തില്‍ മേഗ്‌വാളിന് പങ്കില്ലെന്ന് പീഡനത്തിനിരയായ യുവതി പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചാനലിന്റെ റിപ്പോര്‍ട്ട് അപലപനീയമാണെന്ന് യുവതി പ്രതികരിച്ചു. ജയ്പൂരില്‍ വിവിധ സ്ഥലങ്ങളില്‍ വെച്ചാണ് തന്നെ മാസങ്ങളോളം ബലാത്സംഗം ചെയ്തതെന്നും ഇതില്‍ മന്ത്രിയും തുല്യപങ്കാളിയാണെന്നും യുവതി പറഞ്ഞു.
പലരും ഫോണില്‍ വിളിച്ച് തന്നെ ഭീഷണിപ്പെടുത്തുന്നതായി അവര്‍ പരാതിപ്പെട്ടു. പണം വാങ്ങി സംഭവം ഒത്തുതീര്‍ക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍ മറ്റ് ചിലര്‍ പണത്തിന് പുറമെ ജോലിയും വാഗ്ദാനം ചെയ്യുന്നുണ്ട്. തന്റെ ജീവന് ഭീഷണിയുള്ളതിനാല്‍ മതിയായ പോലീസ് സംരക്ഷണം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഗംഗാനഗര്‍ മണ്ഡലത്തില്‍ നിന്നും നാല് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആളാണ് 43 കാരനായ മേഗ്‌വാള്‍. ഇപ്പോള്‍ അദ്ദേഹം മോദി മന്ത്രിസഭയില്‍ കെമിക്കല്‍സ്- രാസവളം സഹമന്ത്രിയാണ്. രാജസ്ഥാനില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രിയാണ് അദ്ദേഹം.

---- facebook comment plugin here -----