Connect with us

Gulf

ഊര്‍ജ മേഖലയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ യു എ ഇയും സഊദിയും ധാരണ

Published

|

Last Updated

ദുബൈ: പുനരുല്‍പാദക ഊര്‍ജ മേഖലയിലും ഹരിത സാങ്കേതിക വിദ്യകളിലും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ യു എ ഇയും സഊദിയും തമ്മില്‍ ധാരണ. സംയുക്തമായി നിക്ഷേപം നടത്തി ഗവേഷണം നടത്തുകയും പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുകയും ചെയ്യുകയാണു ലക്ഷ്യം. മേഖലക്കാകെ നേട്ടമുണ്ടാക്കുന്നതാണ് യു എ ഇയിലെ മസ്ദാറും സഊദിയിലെ കിംഗ് അബ്ദുല്ല സിറ്റി ഫോര്‍ ആറ്റമിക് ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജിയും തമ്മിലുള്ള സഹകരണം.
അബുദാബിയില്‍ നടന്ന ചടങ്ങില്‍ മസ്ദാര്‍ ചെയര്‍മാന്‍ ഡോ.സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബിര്‍, കെ എ കെയര്‍ പ്രസിഡന്റ് ഡോ. ഹാശിം ബിന്‍ അബ്ദുല്ല യമനി എന്നിവര്‍ കരാറില്‍ ഒപ്പുവച്ചു. അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേന ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ സാന്നിധ്യത്തിലായിരുന്നു കരാര്‍.
കരാര്‍ പ്രകാരം, പരിസ്ഥിതിക്ക് ഒട്ടും ഹാനികരമല്ലാത്ത സംശുദ്ധ ഊര്‍ജപദ്ധതികള്‍ വികസിപ്പിക്കും. സൗരോര്‍ജം, കാറ്റ്, ജലം എന്നിവയില്‍ നിന്നു ദീര്‍ഘകാലാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ പദ്ധതി വിഭാവനം ചെയ്യുന്നു. ഗള്‍ഫ് മേഖലയില്‍ ഇവയുടെ ലഭ്യത കൂടുതലാണ്. പരിസ്ഥിതി മലിനീകരണത്തോത് കുറയ്ക്കാനും ഇതിനാകും.
ഊര്‍ജത്തിന്റെ അളവു കൂട്ടാനുള്ള മാര്‍ഗങ്ങള്‍ ആരായാനും, പുതിയ സമ്പദ് മാതൃകകള്‍ തയാറാക്കാനും പൊതു ബോധവല്‍ക്കരണം നടത്താനും കഴിയുമെന്നതാണ് സഹകരണത്തിന്റെ നേട്ടങ്ങള്‍.

---- facebook comment plugin here -----

Latest