Connect with us

Palakkad

റെയില്‍വേ ഗേറ്റ്: നഗരസഭ 25 ലക്ഷം രൂപ നല്‍കും

Published

|

Last Updated

പാലക്കാട്: ബി ഒ സി റോഡിലെ മേല്‍പ്പാലം തുറക്കുന്നതിനോടൊപ്പം ജി ബി റോഡിലെ റെയില്‍വേഗേറ്റ് അടക്കാതിരിക്കാന്‍ റെയില്‍വേക്ക് കെട്ടിവെക്കാനുള്ള രണ്ടരകോടിയിലേക്ക് 25 ലക്ഷം രൂപ നഗരസഭയുടെ വിഹിതമായി നല്‍കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ബാക്കിയുള്ള തുക അനുവദിക്കണമെന്ന സര്‍ക്കാറിനോട് ആവശ്യപ്പെടും. ഗേറ്റ് അടക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, ഗതാഗതമന്ത്രി, എം പി, എം എല്‍ എ, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ സംയുക്ത യോഗം വിളിച്ചുചേര്‍ക്കണമെന്ന് കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നു. ബി ഒ സി റോഡിലെ ലോറി സ്റ്റാന്റ് മാറ്റുന്നതിനെക്കുറിച്ച് സ്റ്റാന്റിങ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു.
21ന് മേല്‍പ്പാലം ഉദ്ഘാടനം ചെയ്യാനിരിക്കെ പാലത്തിന് മുകളില്‍ അടിയന്തരമായി തെരുവുവിളക്കുകള്‍ സ്ഥാപിക്കണമെന്ന് വി എ നാസര്‍ ആവശ്യപ്പെട്ടു. മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി ചടനാംക്കുറുശ്ശിയിലെ തോട്ടിലെ മാലിന്യങ്ങളും കാടുപിടിച്ചു കിടക്കുന്നതും ജെ സി ബി ഉപയോഗിച്ച് നീക്കം ചെയ്യണമെന്ന് ടി എ അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു.
അടിയന്തരമായി പ്രവൃത്തികള്‍ നടത്തിയില്ലെങ്കില്‍ തിരുനെല്ലായ്, വെണ്ണക്കര എന്നിവിടങ്ങളിലെ വീടുകളിലേക്ക് മഴ പെയ്താല്‍ വെള്ളം കയറുമെന്നും അദ്ദേഹം അറിയിച്ചു. രണ്ടുദിവസത്തിനുള്ളില്‍ മണ്ണു നീക്കം ചെയ്യല്‍ ആരംഭിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. അഴുക്കുചാലുകളില്‍ നിന്നെടുത്ത മണ്ണും മാലിന്യങ്ങളും റോഡിരികില്‍ കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഇവ നീക്കം ചെയ്യാനായി വാഹനങ്ങള്‍ ഉടന്‍ ഏര്‍പ്പാട് ചെയ്യുമെന്നും ചെയര്‍മാന്‍ അബ്ദുല്‍ഖുദ്ദൂസ് യോഗത്തെ അറിയിച്ചു.
തീയേറ്ററുകളില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കും. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിന് ശേഷം സ്‌റ്റോപ്പ് മെമ്മോ നല്‍കിയിട്ടും ഫീസ് ഈടാക്കുന്നത് തുടരുകയാണെന്ന് കൗണ്‍സിലര്‍മാര്‍ അറിയിച്ചു.
ഹോട്ടലുകളിലെ വിലക്കയറ്റം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചു. ടാങ്ക് നിറഞ്ഞതിനാല്‍ അടച്ചിട്ട സ്റ്റേഡിയം സ്റ്റാന്റിലെ പൊതുകക്കൂസ് തുറക്കാന്‍ അടയന്തിര നടപടി സ്വീകരിക്കും. താത്കാലിക ടാങ്ക് ഉടന്‍ സ്ഥാപിക്കാനും യോഗം തീരിമാനിച്ചു.
അതേസമയം നഗരസഭയില്‍ അബ്ദുല്‍ഖുദ്ദൂസ്, ബി ജെ പി, സി പി എം കൂട്ടുക്കെട്ട് ഭരണമാണ് നടക്കുന്നതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായാണ് കൗണ്‍സിലെത്തിയത് ബി ജെ പി, കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മിലുള്ള ബഹളത്തിന് കാരണമായി.

Latest