Connect with us

Ongoing News

ടൈബ്രേക്കറില്‍ എം എല്‍ എമാരുടെ ടീമിന് വിജയം

Published

|

Last Updated

തിരുവനന്തപുരം: ലോക കപ്പ് ഫുട്‌ബോളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം എല്‍ എമാരുടെ ടീമും മാധ്യമപ്രവര്‍ത്തകരുടെ ടീമും തമ്മില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ എം എല്‍ എമാരുടെ ടീമിന് വിജയം. ഗോള്‍രഹിത സമനിലയിലായതിനെ തുടര്‍ന്ന് ടൈബ്രേക്കറിലേക്ക് നീങ്ങിയ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് എം എല്‍ എമാരുടെ ടീം വിജയിച്ചത്. മന്ത്രി കെ ബാബുവിന്റെ നേതൃത്വത്തിലുള്ള എം എല്‍ എമാരുടെ ടീമും ജുഗുനു കുമാറിന്റെ നേതൃത്വത്തിലുള്ള പ്രസ് ക്ലബ് ടീമുമാണ് ഏറ്റുമുട്ടിയത്. ഇന്നലെ വൈകുന്നേരം 5.30 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സ്പീക്കര്‍ ജി കാര്‍ത്തികേയനും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും മുഖ്യാതിഥികളായി.
വാശിയേറിയ മത്സരത്തില്‍ ലഭിച്ച അവസരങ്ങളൊന്നും മുതലാക്കാതെ ഇരു ടീമുകളും ഗോള്‍രഹിത സമനിലയിലായതോടെയാണ് ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ പ്രസ് ക്ലബ് ടീമിന് രണ്ട് കിക്കുകള്‍ ഗോളാക്കാനായില്ല. ഒരു അവസരം എം എല്‍ എമാരുടെ ടീമും നഷ്ടപ്പെടുത്തി. ഒടുവില്‍ ടീം ക്യാപ്റ്റന്‍ ആയ മന്ത്രി കെ ബാബുവിന്റെ കിക്ക് എതിര്‍പക്ഷത്തിന്റെ ഗോള്‍ വലയം ഭേദിച്ചതോടെ എം എല്‍ എമാരുടെ ടീം വിജയ കിരീടം ചൂടി. വിജയികള്‍ക്കും പ്രസ് ക്ലബ് ടീമിനുമുള്ള ട്രോഫി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ വിതരണം ചെയ്തു. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ് ഉള്‍പ്പെടെയുള്ളവരും ഡോമിനിക് പ്രസന്റേഷന്‍, ബന്നി ബഹനാന്‍ മുതലായ എം എല്‍ എമാരും മുന്‍ സ്‌പോര്‍ട്‌സ് മന്ത്രി എം വിജയകുമാര്‍, മുന്‍ എം പി പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവരും കളി കാണാനെത്തിയിരുന്നു.