Connect with us

Ongoing News

മത്സ്യബന്ധനത്തിന് ഇനി ഡീസല്‍ ബോട്ടുകളും

Published

|

Last Updated

തിരുവനന്തപുരം: മണ്ണെണ്ണയുടെ ലഭ്യതക്കുറവും വിലക്കയറ്റവും മൂലം മത്സ്യബന്ധന മേഖലയിലുണ്ടായ പ്രതിസന്ധി മറികടക്കാന്‍ ഡീസല്‍ എന്‍ജിനുകള്‍ വാങ്ങുന്നു. കോഴിക്കോട് നടപ്പാക്കിയ പദ്ധതി വിജയകരമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ മത്സ്യഫെഡ് വഴി നൂറ് ഡീസല്‍ എന്‍ജിന്‍ ഇറക്കുന്നതിന് ജപ്പാനിലെ യമഹ കമ്പനിയുമായി കരാറുണ്ടാക്കുമെന്ന് മന്ത്രി കെ ബാബു അറിയിച്ചു. മണ്ണെണ്ണ എന്‍ജിനില്‍ ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിന് ആലപ്പുഴ സ്വദേശി മോഹന്‍ലാല്‍ കണ്ടുപടിച്ച സംവിധാനത്തിന് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. യമഹ കമ്പനിയുമായി സഹകരിച്ച് ആദ്യ ഘട്ടത്തില്‍ 100 എന്‍ജിനുകള്‍ വിതരണം ചെയ്യാനാണ് തീരുമാനം. ഇതിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നിലവില്‍ 52 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ഡൊമിനിക് പ്രസന്റേഷന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഒരു ഡീസല്‍ എന്‍ജിന് 1.85 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ഇതില്‍ ഒരു ലക്ഷം സബ്‌സിഡിയായി നല്‍കും. ബാക്കി തുക മത്സ്യഫെഡ് വഴി ലോണ്‍ ആയി നല്‍കും. മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന മണ്ണെണ്ണ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് മത്സ്യഫെഡ് വഴി 100 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും. മത്സ്യബന്ധനത്തിന് അനുയോജ്യമായ 22,000 ഔട്ട്‌ബോഡ് എന്‍ജിനുകള്‍ക്കാണ് മണ്ണെണ്ണ നല്‍കുക. പ്രതിമാസം ലിറ്ററിന് 25 രൂപ സബ്‌സിഡിയായി ലഭിക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 12 ബേങ്കുകള്‍ സ്ഥാപിച്ച് മത്സ്യഫെഡ് വഴി നേരിട്ടാണ് മണ്ണെണ്ണ വിതരണം ചെയ്യുന്നത്. സബ്‌സിഡി നിരക്കിലുള്ള മണ്ണെണ്ണക്ക് പുറമെ ഓപ്പണ്‍ മാര്‍ക്കറ്റ് നിരക്കിലും തൊഴിലാളികള്‍ക്കാവശ്യമായ മണ്ണെണ്ണ ബേങ്കുകള്‍ വഴി വിതരണം ചെയ്യും. ഇതുവഴി തൊഴിലാളികളെ ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയും. മൂന്ന് എണ്ണക്കമ്പനികള്‍ ബേങ്ക് സ്ഥാപിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കാലവധി കഴിഞ്ഞതും ലൈസന്‍സ് ഇല്ലാത്തതുമായ ബോട്ടിന്റെ പേരില്‍ ചിലര്‍ മണ്ണെണ്ണ സബ്‌സിഡി വാങ്ങുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ട്. ഇക്കാര്യം തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒക്‌ടോബറില്‍ സംയുക്ത പരിശോധന നടത്തി തട്ടിപ്പ് നടത്തുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Latest