Connect with us

Kozhikode

'ശുദ്ധം സുന്ദരം നമ്മുടെ കോഴിക്കോട്' പദ്ധതി ചൂടണയുന്നു കാലവര്‍ഷമായിട്ടും നഗരത്തിലെ ശുചീകരണം പാതി വഴിയില്‍; ദുരിതം പേറി ജനം

Published

|

Last Updated

കോഴിക്കോട്:കാലവര്‍ഷം എത്തിയിട്ടും നഗരത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു.

നഗരത്തില്‍ പലയിടത്തും റോഡ് പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ്. മെഡിക്കല്‍ കോളജില്‍ നിന്ന് നഗരത്തിലേക്കുള്ള റോഡിന്റെ ഒരു ഭാഗം പൈപ്പിടലിനായി വെട്ടിപ്പൊളിച്ചിരുന്നു. ഈ ഭാഗത്ത് റോഡ് ഇല്ലാതായിരിക്കുകയാണ്. മഴ ശക്തമായതോടെ ചെളി നിറഞ്ഞ ഇതിലൂടെയുള്ള വാഹന ഗതാഗതം ഏറെ പ്രയാസകരമായിരിക്കുകയാണ്. ഇത് കാരണം ഈ റോഡില്‍ പകല്‍ സമയങ്ങളില്‍ ഗതാഗത സ്തംഭനം പതിവായിട്ടുണ്ട്. റോഡരികില്‍ പലയിടത്തും മഴവെള്ളം കെട്ടികിടക്കുകയാണ്.
ബിച്ച് ആശുപത്രിക്ക് സമീപം റോഡ് പൊട്ടിപൊളിഞ്ഞതിനാല്‍ കാല്‍നട യാത്ര പോലും ദുഷ്‌ക്കരമായിരിക്കുകയാണ്. ചെറിയ മഴയില്‍പ്പോലും വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നട യാത്രക്കാരുടെ ദേഹത്തേക്കും സമീപത്തെ കടകളിലേക്കും മലിന ജലം തെറിക്കുന്നത് പതിവാണ്. സി എച്ച് ഓവര്‍ബ്രിഡ്ജിലും മറ്റും സ്ലാബുകള്‍ പൊട്ടിപൊളിഞ്ഞ് അപകടകരമായ അവസ്ഥയിലാണ്. സ്ലാബുകള്‍ പൊട്ടിയതിനാലും ഓടകള്‍ നിറഞ്ഞതിനാലും മാവൂര്‍ റോഡും പരിസരവും മലിന ജലം റോഡിലേക്ക് പരന്ന് ഒഴുകുന്നതിന് ഈ മഴക്കാലത്തും ഒരു മാറ്റവുമില്ല.
ചെറിയ ഒരു മഴ പെയ്താല്‍ പോലും പുതിയബസ്റ്റാന്റില്‍ നിന്ന് ജാഫര്‍ഖാന്‍ കോളനി റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥിതിയാണ്. ഓടകളില്‍ നിന്ന് വെള്ളത്തോടൊപ്പം മാലിന്യം കൂടി ഒലിച്ചുവരുന്നതോടെ കടകള്‍ പോലും തുറക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
ചിലയിടത്ത് റോഡ് നവീകരണം നടന്നെങ്കിലും ഓവുചാലുകള്‍ നിര്‍മിച്ചിട്ടില്ല. ഇതുകാരണം മഴ കുറഞ്ഞാല്‍ പോലും പലയിടത്തും വെള്ളക്കെട്ട് അതുപോലെ തന്നെ തുടരുകയാണ്. റോഡ് നവീകരണം പൂര്‍ത്തിയായതോടെ വാഹനങ്ങള്‍ വലിയ വേഗതയില്‍ പോകുന്നതും ജനങ്ങള്‍ക്ക് ദുരിതമാകുന്നു.
പലയിടങ്ങളിലും മഴക്കാല പൂര്‍വ ശുചീകരണം റസഡിന്‍സ് അസോസിയേഷനുകള്‍ വഴി നടത്തിയിട്ടുണ്ട്. ചില സ്ഥളങ്ങളില്‍ റോഡരികിലും പൊതു സ്ഥലങ്ങളിലും കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. വീടുകളില്‍ നിന്നും മറ്റും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ യഥാസമയം സംസ്‌കരിക്കുന്നതിന് കഴിയാതെ വിവിധ സ്ഥലങ്ങളില്‍ കൂട്ടിയിടുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും കാരണമാവുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുകുകള്‍ പെരുകുന്നത് നഗരത്തില്‍ പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നുണ്ട്.
നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാനായി പ്ലാസ്റ്റിക് നിര്‍മാര്‍ജന യൂനിറ്റ് വെസ്റ്റ് ഹില്ലില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടും കാര്യങ്ങളെല്ലാം പഴയ പടി തന്നെയാണ്. വൃത്തിയുള്ള പ്ലാസ്റ്റിക് മാത്രമേ പ്ലാന്റില്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുകയുള്ളു. പ്ലാസ്റ്റിക് അല്ലാത്ത മാലിന്യങ്ങളൊന്നും തന്നെ ഇവിടെ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ വീടുകളിലും കടകളിലും പ്ലാസ്റ്റിക് പ്രത്യേകമായി സൂക്ഷിക്കണമെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ല. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളുള്ള പ്ലാസ്റ്റിക് കവറുകള്‍ വൃത്തിയാക്കാന്‍ ബുദ്ധിമുട്ടാണെന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു. വെസ്റ്റ് ഹില്ലിലെ പ്ലാസ്റ്റിക് നിര്‍മാര്‍ജന യൂണിറ്റില്‍ മഴ കാരണം നനഞ്ഞ പ്ലാസ്റ്റിക് കുമിഞ്ഞ് കൂടിയിരിക്കുകയാണ്.