Connect with us

National

ഇന്ത്യ വികസിച്ചാല്‍ അയല്‍ക്കാര്‍ക്കും നേട്ടം: പ്രധാനമന്ത്രി

Published

|

Last Updated

തിംപു: ഭൂട്ടാനുമായുള്ള ബന്ധം ശക്തമാക്കാന്‍ ഇന്ത്യയിലെ പുതിയ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വികസനം ഭൂട്ടാന്‍ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങള്‍ക്ക് എന്നും ഗുണകരമാകുമെന്നും മോദി പറഞ്ഞു. ഭൂട്ടാന്‍ പാര്‍ലിമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസത്തെ ഭൂട്ടാന്‍ സന്ദര്‍ശനത്തിനു ശേഷം മോദി രാജ്യത്ത് തിരിച്ചെത്തി.
ഇന്ത്യയിലെ സര്‍ക്കാര്‍ മാറ്റം ഭൂട്ടാനുമായുള്ള ബന്ധത്തെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് മോദി ഉറപ്പ് നല്‍കി. രാജഭരണത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള സുഗമമായ മാറ്റത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇരു രാജ്യങ്ങളുടെയും സംയുക്ത സഹകരണത്തോടെ നടപ്പാക്കുന്ന അറുനൂറ് മെഗാവാട്ടിന്റെ കൊലുഞ്ജു ജലവൈദ്യുത പദ്ധതിയുടെ ശിലാസ്ഥാപനം മോദി നിര്‍വഹിച്ചു. ജലവൈദ്യുത പദ്ധതി രംഗത്ത് ഭൂട്ടാനുമായുള്ള സഹകരണം ഇനിയും തുടരും. തീവ്രവാദം രാജ്യങ്ങളെ തമ്മില്‍ വിഭജിക്കുമ്പോള്‍ വിനോദ സഞ്ചാരം അടുപ്പിക്കും. ഭൂട്ടാന്റെ വിനോദ സഞ്ചാര മേഖലയുടെ സാധ്യതകളെ മോദി പുകഴ്ത്തി. ഇന്ത്യയുടെ സഹായത്തോടെ നിര്‍മിച്ച ഭൂട്ടാനിലെ സുപ്രീം കോടതി കെട്ടിടത്തിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിച്ചു. ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖേസര്‍ നംഗ്യേലുമായും പ്രധാനമന്ത്രി ഷെറിംഗ് തോബ്‌ഗെയുമായും മോദി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ, നിക്ഷേപ ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ കൂടിക്കാഴ്ചയില്‍ ധാരണയായി.
പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കായി 4500 കോടി രൂപ അനുവദിച്ചതിലും വിദ്യാഭ്യാസ, ഐ ടി മേഖലയുടെ വികസനത്തിനായി അഞ്ഞൂറ് കോടി രൂപ അനുവദിച്ചതിലും ഷെറിംഗ് തോബ്‌ഗെ നന്ദി പറഞ്ഞു.
സന്ദര്‍ശനം വന്‍ വിജയമായിരുന്നുവെന്ന് മോദിക്കൊപ്പം ഭൂട്ടാനിലെത്തിയ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അഭിപ്രായപ്പെട്ടു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവല്‍, വിദേശകാര്യ സെക്രട്ടറി സുജാതാ സിംഗ് എന്നിവരും മോദി സംഘത്തില്‍ ഉണ്ടായിരുന്നു.

 

Latest