Connect with us

International

ഇറാഖില്‍ നിരവധി നഗരങ്ങള്‍ തിരിച്ചുപിടിച്ചെന്ന് സൈന്യം

Published

|

Last Updated

ബഗ്ദാദ്: ഇറാഖില്‍ ഈയടുത്ത ദിവസങ്ങളില്‍ തുടര്‍ച്ചയായ മുന്നേറ്റം നടത്തിയ ഇസില്‍ സായുധ സംഘത്തിന്റെ തീവ്രത കുറഞ്ഞു. സൈന്യം ശക്തമായി തിരിച്ചടിച്ചതിനാല്‍ ഇസില്‍ കീഴടക്കിയ ചില പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനായത് ഇറാഖി ഭരണകൂടത്തിന് ആശ്വാസമായിരിക്കുകയാണ്. ഇറാഖില്‍ ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന് അമേരിക്കയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചു.
അന്താരാഷ്ട്ര ജനതയെ തന്നെ ആശങ്കയിലാക്കും വിധം പ്രദേശങ്ങള്‍ കീഴടക്കിയ വിമതരെ പരാജയപ്പെടുത്താന്‍ പ്രധാനമന്ത്രി നൂരി അല്‍ മാലികി ആഹ്വാനം ചെയ്തു. ഇസിലിന്റെ ആക്രമണമുണ്ടായ പ്രധാന നഗരമായ സമാറ സന്ദര്‍ശിച്ച വേളയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മുന്നേറ്റത്തില്‍ സൈനികശക്തി തീര്‍ത്തും നിര്‍വീര്യമായിരുന്നു. എന്നാല്‍, ഇന്നലെ ഇസിലിന്റെ ശക്തി ചോരുന്നതായാണ് കണ്ടത്. ശിയാക്കള്‍ കൂട്ടത്തോടെ സൈന്യത്തെ സഹായിക്കാന്‍ രംഗത്തിറങ്ങിയതിനാല്‍ പല നഗരങ്ങളും തിരിച്ചുപിടിക്കാന്‍ സാധിച്ചതായി സൈന്യം അറിയിച്ചിട്ടുണ്ട്. ഇസില്‍ കഴിഞ്ഞ തിങ്കളാഴ്ച പിടിച്ചിടുത്ത മൂസ്വില്‍ നഗരം മോചിപ്പിക്കാനുള്ള ദൗത്യത്തില്‍ തങ്ങള്‍ക്കാണ് മേധാവിത്വമെന്നും പോരാട്ടം അവസാനിച്ചിട്ടില്ലെന്നും കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ വക്താവ് മേജര്‍ ജനറല്‍ ഖാസിം അല്‍ മൂസവി പറഞ്ഞു. ദിയാല പ്രവിശ്യയില്‍ നിരോധിത പാര്‍ട്ടിയായ ബഅസ് പാര്‍ട്ടി നേതാക്കള്‍ യോഗം ചേരുന്ന സ്ഥലത്ത് നടന്ന ബോംബിംഗില്‍ സദ്ദാം ഭരണകൂടത്തിലെ അംഗമായിരുന്ന ഇസ്സത് ഇബ്‌റാഹീം അല്‍ ദൗരിയുടെ മകന്‍ അടക്കം 50 പേര്‍ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് ദിവസം മുമ്പ് ഇവിടെ വിമതര്‍ ആക്രമണം നടത്തിയിരുന്നു. ഇറാന്‍ അതിര്‍ത്തിക്ക് സമീപമാണ് ഈ പ്രദേശം. സദ്ദാമിന്റെ കാലഘട്ടത്തിലെ ഉദ്യോഗസ്ഥരും സദ്ദാം അനുകൂലികളും ശിയാക്കളില്‍ നിന്നുള്ള പ്രധാനമന്ത്രി നൂരി അല്‍ മാലികിയെ പുറത്താക്കാന്‍ ആഗ്രഹിക്കുന്ന ഗോത്രവിഭാഗങ്ങളുമാണ് ഇസിലിന്റെ ശക്തി. നഖ്ശബന്ദി സൈന്യം എന്ന പേരിലറിയപ്പെടുന്ന ബഅസ് തീവ്രവാദി ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത് ഇസ്സത് ഇബ്‌റാഹീം അല്‍ ദൗരിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സമാറയുടെ തെക്കു കിഴക്കന്‍ പ്രദേശമായ അല്‍ മുത്തസിമില്‍ സൈന്യം നടത്തിയ ആക്രമണത്തെ തുടര്‍ന്ന് വിമതര്‍ സമീപത്തെ മരുഭൂമിയിലേക്ക് പിന്‍വാങ്ങിയിട്ടുണ്ട്. ഇവിടെത്തന്നെ ചെറുനഗരമായ ഇസ്ഹാഖിയുടെ നിയന്ത്രണവും സൈന്യം തിരിച്ചുപിടിച്ചിട്ടുണ്ട്. സമാറയില്‍ നിന്ന് ബഗ്ദാദിലേക്കുള്ള റോഡും തിക്‌രീതും മൂസ്വിലും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സൈന്യം. അസ്വാഇബ് അഹ്‌ലുല്‍ ഹഖ് എന്ന ശിയാ സായുധ സംഘത്തിന്റെ സഹായത്തോടെ മൂന്ന് മണിക്കൂര്‍ നേരത്തെ പോരാട്ടത്തിന് ശേഷം ബഗ്ദാദിന് വടക്കുകിഴക്കന്‍ പ്രദേശത്തുള്ള മുഖ്ദാദിയ നഗരവും ളുലൂഇയ്യ നഗരവും തിരിച്ചുപിടിക്കാന്‍ സാധിച്ചു. അതേസമയം, സൈന്യത്തിന്റെ മുന്നേറ്റത്തിന് സ്ഥായീഭാവം ഉണ്ടായിരുന്നോ അതല്ല വിമതര്‍ വീണ്ടും ആക്രമണം നടത്തിയോ എന്നത് വ്യക്തമല്ല.
അതേസമയം, വടക്കന്‍ ബഗ്ദാദിലെ ഉദ്ദൈമിലെ മുനിസിപ്പല്‍ കെട്ടിടം ഇസില്‍ അധീനപ്പെടുത്തിയിട്ടുണ്ട്. ബയ്ജിയിലെ എണ്ണ ശുദ്ധീകരണശാലയിലെ സുരക്ഷാ സൈനികരെ ലക്ഷ്യമാക്കി മോര്‍ട്ടാര്‍ ആക്രമണം നടത്തിയിട്ടുണ്ട് ഇസില്‍.