Connect with us

Ongoing News

റോഡുകള്‍ വെട്ടിപ്പൊളിക്കുന്നത് തടയും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നത് തടയാന്‍ പൊതുമരാമത്ത് വകുപ്പ് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് നിയമസഭയില്‍ അറിയിച്ചു. കെ മുരളീധരന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം നിരീക്ഷിക്കുന്നതിനും വെട്ടിപ്പൊളിച്ച റോഡുകള്‍ പൂര്‍വസ്ഥിതിലാക്കാനും വേണ്ട നടപടികളെടുക്കുന്നതിനും നോഡല്‍ ഏജന്‍സിയെ നിയോഗിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കും. വാട്ടര്‍ അതോറിട്ടി, വൈദ്യുതിബോര്‍ഡ്, ബി എസ് എന്‍ എല്‍ ഇന്റര്‍നെറ്റ് വിതരണ ഏജന്‍സികള്‍ എന്നിവരാണ് സംസ്ഥാനത്തെ റോഡുകള്‍ കുഴിക്കുന്നത്. ഇവരുമായി ആലോചിച്ചായിരിക്കും നടപടികളെടുക്കുകയെന്നും മന്ത്രി പറഞ്ഞു.
അടിയന്തരപ്രാധാന്യമുളള സാഹചര്യങ്ങളില്‍ മാത്രമാണ് റോഡ് കുഴിക്കാന്‍ അനുമതി നല്‍കുന്നത്. ഇതിന് പ്രത്യേകാനുമതി വേണമെന്നാണ് വ്യവസ്ഥ. പലപ്പോഴും മരാമത്ത് വകുപ്പിനെ അറിയിക്കാതെ ഈ ഏജന്‍സികള്‍ റോഡ് കുഴിക്കുന്നത് ഖേദകരമാണ്. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ കലക്ടര്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു. സംസ്ഥാന തലത്തില്‍ ചീഫ്‌സെക്രട്ടറി അധ്യക്ഷനായും മരാമത്ത് വകുപ്പ് സെക്രട്ടറി കണ്‍വീനറായും നിയോഗിച്ചിരുന്നു. എന്നാല്‍ സമിതിയുടെ തീരുമാനങ്ങള്‍ നടപ്പിലായില്ല. നല്ല റോഡുകള്‍ വെട്ടിപ്പൊളിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഇത്തരത്തില്‍ റോഡുകള്‍ കുഴിക്കുന്നത് സര്‍ക്കാര്‍ ഖജനാവിന് നഷ്ടം ഉണ്ടാകുന്നതിന് പുറമെ മനുഷ്യജീവന്‍ പോലും നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും മന്ത്രി ഇബ്രാഹിംകുഞ്ഞ് ചൂണ്ടിക്കാട്ടി. മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചാല്‍ ഈ വര്‍ഷം തന്നെ പാലക്കാട് മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ സാധിക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍. മെഡിക്കല്‍ കോളെജ് യാഥാര്‍ഥ്യമാകുന്നതോടെ പട്ടികജാതി വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കു മെഡിക്കല്‍ പഠനത്തിന് കൂടുതുല്‍ സീറ്റുകള്‍ ലഭിക്കുമെന്നും വി പി സജീന്ദ്രന്റെ സബ്മിഷനു മന്ത്രി മറുപടി നല്‍കി.

 

Latest