Connect with us

Malappuram

സര്‍ക്കാര്‍ സ്‌കൂളുകളിലും പ്രവേശനത്തിന് ഫീസ് ഈടാക്കുന്നതായി പരാതി

Published

|

Last Updated

വണ്ടൂര്‍: സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാഭ്യാസം സൗജന്യമാണെന്നിരിക്കെ കുട്ടികളുടെ പ്രവേശനത്തിന് ഫീസ് ഈടാക്കുന്നതായി പരാതി. മഞ്ചേരി ഉപജില്ലയിലെ തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറുവണ്ണൂര്‍, ചെറുകുളം തുടങ്ങിയ സ്ഥലങ്ങളിലെ എ ല്‍പി സ്‌കൂളുകളിലാണ് പ്രീപ്രൈമറി ക്ലാസിലേക്കും ഒന്നാം ക്ലാസിലെയും പ്രവേശനത്തിന് ഫീസ് ഈടാക്കുന്നത്. പ്രീപ്രൈമറി ക്ലാസിലെ പ്രവേശനത്തിന് 300 രൂപയും ഒന്നാം തരത്തിലേക്ക് 100 രൂപയുമെന്ന തോതിലാണ് ചെറുവണ്ണൂര്‍ ജി എല്‍ പി സ്‌കൂളില്‍ പ്രവേശനത്തിന് ഫീസ് ഈടാക്കിയത്. കഴിഞ്ഞ വര്‍ഷവും ഇവിടെ ഫീസ് ഈടാക്കിയതായി പരാതിയുണ്ട്.
വ്യക്തികള്‍ക്കനുസരിച്ചാണ് പ്രവേശന ഫീസ് വാങ്ങുന്നതെന്നും രക്ഷിതാക്കള്‍ പറഞ്ഞു. പതിനാല് വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കണമെന്നാണ് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്നത്. എന്നാല്‍ നിയമം നിര്‍മിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും സ്‌കൂളുകളില്‍ ഇത് ലംഘിക്കപ്പെടുകയാണ്.
ഗ്രാമപ്രദേശങ്ങളിലെ വിവിധ സ്‌കൂളുകളില്‍ രക്ഷിതാക്കളില്‍ നിന്ന് പലതരത്തില്‍ സ്‌കൂളുകള്‍ ഫീസ് ഈടാക്കുന്നതായി വ്യാപക പരാതിയുണ്ട്. പി ടി എ ഫണ്ട്, സ്‌കൂള്‍ മെയിന്റനന്‍സ് എന്നിങ്ങനെ വിവിധ കാരണങ്ങള്‍ പറഞ്ഞാണ് അധികൃതര്‍ പണം പിരിക്കുന്നത്. രക്ഷിതാക്കളുടെ അജ്ഞതാ കാരണം പലരും ചോദ്യം ചെയ്യാറുമില്ല.
അതെസമയം പ്രവേശനഫീസ് വാങ്ങിയിട്ടില്ലെന്നും പി ടി എ ഫണ്ടിലേക്കാണ് പണം വാങ്ങിയതെന്നും സ്‌കൂള്‍ പ്രധാനധ്യാപകന്‍ നാരായണന്‍ പറഞ്ഞു. പി ടി എ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നാണ് ഇത് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അഡ്മിഷന്‍ ഫീസ് വാങ്ങിയതിന്റെ റസീപ്റ്റ് രക്ഷിതാക്കളുടെ കൈവശവുമുണ്ട്. പ്രവേശനത്തിന് ഫീസ് വാങ്ങുന്ന കാര്യം അറിയില്ലെന്ന് പി ടി എ പ്രസിഡന്റ് ഡോ. ജയനാരായണന്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest