Connect with us

International

മലേഷ്യന്‍ വിമാനത്തിലെ ഏഴ് യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കി

Published

|

Last Updated

ക്വാലാലംപൂര്‍: കഴിഞ്ഞ മാര്‍ച്ചില്‍ കാണാതായ മലേഷ്യന്‍ വിമാനം എം എച്ച് 370ലെ ഏഴ് യാത്രക്കാരുടെ ബന്ധുക്കള്‍ വിമാനക്കമ്പനിയില്‍ നിന്ന് ആദ്യഗഡു നഷ്ടപരിഹാരം വാങ്ങി. മലേഷ്യ എയര്‍ലൈന്‍സ് അമ്പതിനായിരം ഡോളറാണ് നല്‍കിയതെന്ന് വിദേശകാര്യ ഉപമന്ത്രി ഹംസ സൈനുദ്ദീന്‍ അറിയിച്ചു. വിമാന തിരോധാനവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അവസാനിച്ച ശേഷം ബാക്കി തുക നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. യാത്രക്കാരുടെ ബന്ധുക്കളുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാനുള്ള മന്ത്രിതല സമിതിക്ക് നേതൃത്വം നല്‍കുന്നത് ഹംസ സൈനുദ്ദീന്‍ ആണ്.
വിമാനം കണ്ടെത്തുകയോ നഷ്ടപ്പെട്ടുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ ചെയ്യുന്ന പക്ഷം ഇതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അവസാനിക്കുമെന്ന് ഹംസ പറഞ്ഞു. ആറ് മലേഷ്യക്കാരുടെയും ഒരു ചൈനീസ് പൗരന്റെയും ബന്ധുക്കള്‍ക്കാണ് തുക നല്‍കിയത്. മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്ന് ചൈനയിലെ ബീജിംഗിലേക്ക് പുറപ്പെടുന്നതിനിടെ 239 പേരുമായി മാര്‍ച്ച് എട്ടിനാണ് വിമാനം കാണാതായത്. വിമാനത്തെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഇനാം നല്‍കുന്നതിന് ഫണ്ട് സമാഹരണവുമായി വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കള്‍ നടപടിയാരംഭിച്ചിരുന്നു. കൂടുതല്‍ തിരച്ചിലുകാര്‍ മുന്നോട്ട് വരുന്നതിന് കുറഞ്ഞത് 50 ലക്ഷം ഡോളറിന്റെ ഫണ്ട് സമാഹരണത്തിനാണ് ബന്ധുക്കള്‍ ലക്ഷ്യമിട്ടത്. തിരച്ചില്‍ ഡാറ്റ പുനരവലോകനം ചെയ്തിട്ടും പ്രത്യേക ഉപകരണം കൊണ്ടുവന്ന് ജലോപരിതലത്തില്‍ തിരച്ചില്‍ നടത്തിയിട്ടും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ആസ്‌ത്രേലിയന്‍ നഗരമായ പെര്‍ത്തിന്റെ വടക്കുപടിഞ്ഞാറ് മേഖലയിലെ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് വിമാനത്തിന്റെ യാത്ര അവസാനിച്ചതെന്ന് ഉപഗ്രഹ ഡാറ്റ ഉപയോഗിച്ച് സാങ്കേതിക വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. ലഭ്യമായ ശബ്ദ തരംഗങ്ങള്‍ ഉപയോഗിച്ച് കാണാതായ വിമാനം സ്ഥിതി ചെയ്യുന്നയിടം കണ്ടെത്താനും സാധിച്ചില്ല. അമേരിക്കന്‍ നാവിക സേനയുടെ റോബോട്ടിക് മുങ്ങിക്കപ്പലായ ബ്ലൂഫിന്‍-21 ഉപയോഗിച്ചും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ആശാവഹമായ പുരോഗതിയുണ്ടായില്ല.

Latest