Connect with us

Education

പുതുക്കിയ സംവരണ വ്യവസ്ഥകള്‍ ഈ വര്‍ഷത്തെ മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശനത്തിന് ബാധകമാക്കില്ല

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മാസം 23ന് പുറപ്പെടുവിച്ച പുതുക്കിയ സംവരണ വ്യവസ്ഥകള്‍ സംബന്ധിച്ച സൂക്ഷ്മ പരിശോധനക്ക് കാലതാമസമുണ്ടാകുന്നതിനാല്‍ ഇത്തവണ വിവിധ പ്രൊഫഷനല്‍ കോളജുകളിലേക്കും ഹയര്‍സെക്കന്‍ഡറികളിലേക്കുമുള്ള പ്രവേശനത്തിന് പുതുക്കിയ സംവരണ വ്യവസ്ഥകള്‍ ബാധകമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് അറിയിച്ചു.
പിന്നാക്ക വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കൂള്‍ കോളജ് പ്രവേശനത്തിന് സംവരണം നടപ്പിലാക്കുന്നത് സംബന്ധിച്ച ടി എന്‍ പ്രതാപന്റെ സബ്മിഷന് നല്‍കിയ രേഖമൂലമുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പുതുക്കിയ സംവരണ വ്യവസ്ഥ പ്രകാരം എസ് ഇ ബി സി വിഭാഗത്തില്‍ ഉള്‍പ്പെടാത്ത മറ്റ് സുദായങ്ങള്‍ക്കും സംവരണാനുകൂല്യം അനുവദിച്ചിട്ടുണ്ട്. ഇത്തരം വിദ്യാര്‍ഥികളുടെ സംവരണ രേഖകള്‍ സ്വീകരിച്ച് അവ സൂക്ഷ്മ പരിശോധന നടത്തിയതിന് ശേഷം മാത്രമേ സംവരണ ആനുകൂല്യങ്ങള്‍ അനുവദിക്കാനാകൂ.
ഈ പരിശോധനകള്‍ക്കായി ചുരുങ്ങിയത് 45 ദിവസം വേണ്ടി വരും. ഇങ്ങനെ വന്നാല്‍ ഈ മാസം നടത്തേണ്ട മെഡിക്കല്‍, എന്‍ജിനീയറിംഗ് കോഴ്‌സുകളുടെ അലോട്ട്‌മെന്റ് ഷെഡ്യൂളിന് മാറ്റം വരും. ഇതുവരെ തുടര്‍ന്നുവന്ന ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് പ്രക്രിയയിലും കാതലായ മാറ്റം വരുത്തേണ്ടി വരും.
പുതുക്കിയ സംവരണ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിലെ പ്രായോഗിക ബൂദ്ധമുട്ട് ഹയര്‍സെക്കന്‍ഡറി/വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍മാരും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ ഉത്തരവ് ഇനിയുള്ള പരീക്ഷകള്‍ക്ക് മാത്രമേ ബാധകമാക്കാന്‍ കഴിയൂ എന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനായുള്ള അച്ചടിച്ച പ്രോസ്‌പെക്ടസ് ലഭിക്കാത്തത് മൂലം ഏകജാലകരീതിയുടെ നിബന്ധനകള്‍ വിദ്യാര്‍ഥികള്‍ക്ക് വായിച്ച് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന പരാതി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സേ പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്ക് കൂടി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരമൊരുക്കാന്‍ ഹയര്‍സെക്കന്‍ഡറി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 16 വരെ നീട്ടിയിട്ടുണ്ട്. തേറമ്പില്‍ രാമകൃഷ്ണന്റെ സബ്മിഷന് രേഖാമൂലം മറുപടി നല്‍കുകയായിരുന്നു മന്ത്രി.

---- facebook comment plugin here -----

Latest