Connect with us

Articles

മാലിന്യ സംസ്‌കരണവും കേരളവും

Published

|

Last Updated

ഒരു മഴക്കാലം കൂടി ആഗതമായി. കേരളീയരെ സംബന്ധിച്ചിടത്തോളം വര്‍ഷക്കാലം ദുരിതകാലം കൂടിയാണ്. കഴിഞ്ഞ കുറേ കാലമായി നാം കണ്ടതും അനുഭവിച്ചതും ഈ വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒരുപക്ഷേ, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളം അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും തീക്ഷ്ണമായതും പരിഹാരമുക്തി ലഭിക്കാത്തതുമായ രണ്ട് പ്രശ്‌നങ്ങളാകും ഗതാഗതക്കുരുക്കും മാലിന്യ സംസ്‌കരണവും. ഇവ രണ്ടും കേരളീയന്റെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കാന്‍ തക്കവണ്ണം വളര്‍ന്നുകഴിഞ്ഞിട്ടുണ്ട്. വിളപ്പില്‍ശാല പോലുള്ള മാലിന്യ കേന്ദ്രങ്ങളെ ചുറ്റിപ്പറ്റി മാത്രമാകില്ല ഇനി ചര്‍ച്ചകളും മറ്റും കേരളത്തില്‍ നടക്കാന്‍ പോകുക. മലയാളിയുടെ മനോഘടനയുടെ വൈകല്യവും അവന്റെ വ്യക്തിശുചിത്വ മനോഭാവവും പ്രകടമാകുന്നതാണിത്.
ഉപയോഗശൂന്യമായതെല്ലാം മറ്റുള്ളവന്റെ സ്വകാര്യതയിലേക്ക് വലിച്ചെറിയുക എന്നത് ഇവിടുത്തെ സ്വഭാവത്തിന്റെ ഒരു ഭാഗമായി മാറിയിട്ടുണ്ട്. എന്തിനും ഏതിനും മറ്റുള്ളവരെ മാതൃകയാക്കുന്ന കേരളീയര്‍ എന്തുകൊണ്ടാണ് മാലിന്യസംസ്‌കരണത്തില്‍ മാത്രം മുഖം തിരിച്ചുനില്‍ക്കുന്നത് എന്ന് പഠനവിധേയമാക്കേണ്ടതാണ്. അകവും പുറവും വൃത്തിയായി സൂക്ഷിക്കുന്നവരെന്ന് അഭിമാനിക്കുന്ന മലയാളികള്‍ തന്റെ വീടിന്റെ ചുറ്റുപാടുകള്‍ വൃത്തിയാക്കുന്നത് അയല്‍ക്കാരന്റെ ചുറ്റുപാടുകളെ വൃത്തിഹീനമാക്കിയാണ്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് വിളപ്പില്‍ശാല. അവിടെ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഈ പ്രശ്‌നമെന്ന് നമുക്കറിയാം. ഒരു രാജ്യത്തെ ആഭ്യന്തര യുദ്ധം കണക്കെ വളര്‍ന്നുപന്തലിച്ചുനില്‍ക്കുകയാണ് ഓരോ പ്രദേശത്തെയും മാലിന്യക്കൂമ്പാരങ്ങള്‍. ഓരോ ജില്ലാ ആസ്ഥാനത്തും മാലിന്യങ്ങള്‍ കൊണ്ടുതള്ളുന്നതും തദനുബന്ധമായ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതും ഇവിടെ ചൂട്പിടിച്ച ഒരു വിഷയമാണ്. മഴക്കാലമാകുമ്പോള്‍ അതിന്റെ തീവ്രത കൂടുമെന്ന് മാത്രം.
കേരളത്തിന് പുറത്ത് ധാരാളം യാത്ര ചെയ്യുന്നവരാണ് മലയാളികള്‍. നമ്മുടെ ഗള്‍ഫ് പ്രവാസചരിത്രത്തിന് അര നൂറ്റാണ്ടിലേറെ കാലത്തെ കഥകള്‍ പറയാനുണ്ട്. ഒരു വീട്ടില്‍ നിന്ന് ഏറ്റവും ചുരുങ്ങിയ ഒരാള്‍ വീതം വിദേശത്താണ്. ഇതില്‍ നല്ലൊരു ശതമാനം ഗള്‍ഫ് നാടുകളിലും. വിദേശികളുടെ സംസ്‌കാരവും ജീവിതവും പകര്‍ത്താന്‍ നന്നായി ശ്രമിക്കുന്നവരാണ് നാം. എന്നാല്‍ അന്നാട്ടുകാരുടെ വ്യക്തിശുചിത്വമോ പരിസരശുചിത്വമോ പിന്തുടരാന്‍ മലയാളിക്ക് കഴിയാറില്ല. ബാഹ്യപ്രകടനങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകുന്നതാണത്. അപരന്റെ മുന്നില്‍ നന്നായി വസ്ത്രം ധരിച്ച് നെഞ്ച് വിരിച്ച് നടക്കുന്ന മിക്ക മലയാളിയുടെയും കൈയില്‍ സൂക്ഷിച്ചുനോക്കിയാല്‍ ഒരു മാലിന്യക്കെട്ടെങ്കിലും കണ്ടെത്താന്‍ കഴിയുമെന്നതാണ് നഗ്ന യാഥാര്‍ഥ്യം. തരം കിട്ടിയാല്‍ അന്യന്റെ പറമ്പിലേക്കോ സര്‍ക്കാര്‍ മിച്ചഭൂമിയിലേക്കോ തള്ളാന്‍ പാകത്തില്‍ കൊണ്ടുനടക്കുന്നതാണ് ഈ മാലിന്യങ്ങള്‍. കാലങ്ങളായി നാം അനുവര്‍ത്തിച്ചുപോരുന്ന ഈ സമീപനം നിമിത്തം നമ്മുടെ പുഴകളും കുളങ്ങളും നാട്ടുവഴികളും എത്രമാത്രം മലീമസമായി മാറിയിരിക്കുന്നു എന്ന് കാണാന്‍ ഓരോരുത്തരും ചുറ്റുവട്ടം ഒന്ന് നോക്കിയാല്‍ മതി. വിശ്വസിച്ച് നമ്മുടെ കിണറ്റിലെ വെള്ളം കുടിക്കാന്‍ വയ്യാതായിരിക്കുന്നു. ഗ്രാമങ്ങളിലെ അനാദി കടകളില്‍ പോലും തൂങ്ങിക്കിടക്കുന്ന “മിനറല്‍ വാട്ടര്‍” കുപ്പികള്‍ മറ്റൊരു സൂചനയാണ് നല്‍കുന്നത്. മൂക്ക് പൊത്താതെ ഒരു നഗരത്തിലൂടെയും നമുക്കിപ്പോള്‍ നടക്കാന്‍ വയ്യാതായിരിക്കുന്നു.
മറ്റേതൊരു സംസ്ഥാനവും മാലിന്യ സംസ്‌കരണനിലപാടുകളില്‍ കാണിക്കേണ്ട ഗൗരവത്തേക്കാള്‍ പതിന്മടങ്ങ് ശ്രദ്ധയും പരിചരണവും കാണിക്കേണ്ടവരാണ് നാം. കാരണം, കേരളത്തിന്റെ ജനസാന്ദ്രത തന്നെ. 3.33 കോടി ജനങ്ങള്‍ വസിക്കുന്ന ഒരു സംസ്ഥാനമാണിത്. 33,3862 കിലോമീറ്റര്‍ ചുറ്റളവിലാണ് ഇത്രയും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നത്. അതായത്, ഓരോ കിലോമീറ്റര്‍ ചുറ്റളവിലും 859 ഓളം ആളുകള്‍ കേരളത്തില്‍ വസിക്കുന്നുണ്ട്. ഒരു വര്‍ഷത്തില്‍ 150 ദിവസമാണ് കേരളത്തില്‍ മഴ ലഭിക്കുന്നത്. അതില്‍ ഏറ്റക്കുറച്ചില്‍ സംഭവിക്കാം. ഇതെല്ലാം കേരളത്തിന്റെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. മാത്രവുമല്ല, അന്യ സംസ്ഥാനങ്ങളെ അപേക്ഷിച്ച് അനുദിനം നഗരവത്കരണം നടന്നുകൊണ്ടിരിക്കുന്ന ഒരു സംസ്ഥാനം കൂടിയാണ് കേരളമെന്നോര്‍ക്കണം. സൂപ്പര്‍മാര്‍ക്കറ്റുകള്‍, ആശുപത്രികള്‍, പലതരം മാളുകള്‍ എന്നിവയുടെ വ്യാപനം നിമിത്തം ആകെ ശ്വാസം മുട്ടുകയാണ് കേരളത്തിന്. ഇതെല്ലാം ഒരു പ്ലാസ്റ്റിക് കേന്ദ്രീകൃത സംസ്‌കാരം രൂപം കൊള്ളുന്നതിലേക്ക് ആണ് നയിച്ചത്. ഒരു കാലത്ത് സാധനങ്ങള്‍ കെട്ടിക്കൊടുക്കാന്‍ കച്ചവടക്കാര്‍ ഉപയോഗിച്ചിരുന്ന പത്രക്കടലാസുകള്‍, ഇലകള്‍ എന്നിവ പ്ലാസ്റ്റിക് കവറുകള്‍ക്ക് വഴിമാറിയിരിക്കുന്നു. ഒരു സാധനം കെട്ടപ്പൊതിഞ്ഞു കൊടുക്കുന്നതിനുള്ള സമയം, അധ്വാനം എന്നിവ കടലാസ് പൊതികളെ ഉപേക്ഷിക്കാന്‍ കാരണമായ വസ്തുതകളാണ്. മാത്രവുമല്ല, പ്ലാസ്റ്റിക് സഞ്ചികളുടെ ലഭ്യതയും ഒരു ഹേതുവായി. പൊതുവേ ക്രിയാശേഷിയുള്ള ഒരു സമൂഹമായതിനാല്‍ പ്ലാസ്റ്റിക് സഞ്ചികളുടെ ദുരുപയോഗവും വ്യാപകമായി നടന്നു എന്നതാണ് വസ്തുത.
നഗരവത്കരണത്തിന്റെ ഫലമായി, കേരളത്തിലെ മാലിന്യ നിക്ഷപത്തിന്റെ ഗ്രാഫും ഉയര്‍ന്നിട്ടുണ്ട്. 2001ല്‍ 7,441 ടണ്ണായിരുന്നു മാലിന്യ നിക്ഷേപമെങ്കില്‍, അഞ്ച് വര്‍ഷത്തനു ശേഷം 8, 338 ടണ്ണായി അത് വര്‍ധിച്ചു. കേരളത്തന്റെ മാലിന്യ നിക്ഷേപവും അതിന്റെ സംസ്‌കരണ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ലോകബേങ്കിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വേകളില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ഈ രംഗത്ത് കാണിക്കുന്ന അശാസ്ത്രീയമായ സമീപനങ്ങളും നിലപാടുകളും പ്രശ്‌നങ്ങളെ കൂടുതല്‍ കൂടുതല്‍ വഷളാക്കാനാണ് കാരണമായിട്ടുള്ളത്. രാജ്യം മുന്നോട്ടുവെച്ച ചില പഞ്ചവത്സര പദ്ധതികളില്‍ മാലിന്യ സംസ്‌കരണം ഒരു പൊതു അജന്‍ഡയായിരുന്നെങ്കിലും , അവ കൃത്യമായി നടപ്പാക്കുന്നതിലെ അലംഭാവം ഒരു തിരിച്ചടിയായി മാറുകയാണ് ഉണ്ടായത്. ഓരോ ദിവസവും ശേഖരിക്കുന്ന മാലിന്യങ്ങളെ സംസ്‌കരിച്ച് വളമായും മറ്റും രൂപാന്തരപ്പെടുത്തി കേരളത്തെ ഒരു മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റാനുള്ള ശ്രമങ്ങളും അതിന്റെ പദ്ധതികളും ഇക്കാലമത്രയും പ്രവൃത്തിപഥത്തില്‍ എത്തിക്കാന്‍ കഴിയാത്തതിന്റെ കാര്യങ്ങള്‍ അന്വേഷിച്ച് അധികദൂരമൊന്നും ചെല്ലേണ്ടതില്ല. ആര്‍ജവമോ ദീര്‍ഘദൃഷ്ടിയോ ശാസ്ത്രീയ കാഴ്ചപ്പാടോ ഇല്ലാത്ത കാലത്തോളം ഈ പ്രശ്‌നം പരിഹരിക്കപ്പെടാതെ തന്നെ നില്‍ക്കും. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രകടനപത്രികയില്‍ കേരളത്തെ അലട്ടുന്ന മാലിന്യ പ്രശ്‌നം ഒരു വാഗ്ദാനമായി ഇന്നേവരെ കടന്നുവന്നിട്ടില്ല എന്നതും കേരളീയര്‍ എത്രമാത്രം അലസന്മാരാണ് ഈ കാര്യത്തിലെന്നതിന് ഉദാഹരമാണ്.
വര്‍ഷക്കാലം ആരംഭിക്കുന്നതോടെ നഗരവാസികളുടെ ജീവിതം ദുസ്സഹമാകാന്‍ തുടങ്ങും. യാതൊരു ദാക്ഷിണ്യവുമില്ലാതെ നഗരസഭയും ജനങ്ങളും കൊണ്ടുതള്ളുന്ന മാലിന്യങ്ങള്‍ ചീഞ്ഞ് ദുര്‍ഗന്ധം വമിക്കാനും ജലസ്തംഭനമുണ്ടാക്കാനും ഇടയാക്കുന്നു. പനി, കോളറ, മറ്റ് ജലജന്യ രോഗങ്ങള്‍ എന്നിവ ദിവസങ്ങള്‍ക്കുള്ളില്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങുന്നത് കാലവര്‍ഷത്തോടുകൂടിയാണ്. ഓരോ വര്‍ഷവും മഴക്കാലരോഗങ്ങളെ ചെറുക്കാന്‍ വേണ്ടി സര്‍ക്കാര്‍ ചെലവഴിക്കുന്ന തുകയുണ്ടെങ്കില്‍ കേരളത്തിന്റെ മാലിന്യ പ്രശ്‌നത്തെ ഒരു പരിധി വരെ പരിഹരിച്ചുപോകാന്‍ കഴിയും. കുടുംബശ്രീ യൂനിറ്റുകളുമായി കൈകോര്‍ത്ത് മാലിന്യ നിര്‍മാര്‍ജനത്തിനു വേണ്ടിയുള്ള ചില പദ്ധതികള്‍ തടത്തിയെങ്കിലും അവയെല്ലാം ശൈശവ ദശയില്‍ തന്നെ ഫലം കാണാതെ പരാജയപ്പെട്ടു. ഒരു ദിവസം ഒരു രൂപ ഒരു വീട്ടില്‍ നിന്ന് എന്ന കണക്കില്‍ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും ദീര്‍ഘവീക്ഷണം ഇല്ലാത്തതിന്റെ പേരില്‍ അത് വിപരീത ഫലം ഉളവാക്കി. മാലിന്യം ശേഖരിക്കാന്‍ ചെറുവാഹനങ്ങള്‍ വാങ്ങിയ പല യൂനിറ്റുകളും വാഹനവായ്പകള്‍ അടക്കാന്‍ കഴിയാതെ പെരുവഴിയിലാകുകയായിരുന്നു.
കേരളത്തല്‍ മാലിന്യ സംസ്‌കരണ പദ്ധതിയുടെ നടത്തിപ്പിനും വിജയത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു നിശ്ചിത ഫണ്ട് നീക്കിവെക്കുന്ന നടപ്പുരീതിക്ക് ഇന്നേവരെ ആത്മാര്‍ഥമായ ശ്രമം ഉണ്ടായിട്ടില്ല. എ ഡി ബിയുടെ സഹായത്തോടെ ചിലതെല്ലാം ചെയ്‌തെങ്കിലും പൂര്‍ണമായി വിജയം കാണാതെ പോകുകയാണ് ഉണ്ടായത്. ഒരിക്കല്‍ 596.9 കോടി എ ഡി ബിയില്‍ നിന്ന് ലഭിച്ചെങ്കിലും അതിന്റെ നിജസ്ഥിതി ഇന്നും വ്യക്തമല്ല. തിരുവനന്തപുരം, കൊച്ചി കോര്‍പറേഷനുകള്‍ക്ക് ജവഹര്‍ലാല്‍ നെഹ്‌റു നാഷനല്‍ അര്‍ബന്‍ ഫണ്ട് അനുവദിച്ച 215 കോടിയുടെ കണക്കിന് പിറകിലും പുകമറയാണുള്ളത്. ലഭ്യമായെങ്കിലും പല പഞ്ചായത്തുകളിലും മാലിന്യ സംസ്‌കരണ രംഗം അവതാളത്തിലാണ്. പരിസ്ഥിതി അവബോധമില്ലായ്മ, ശക്തമായ ഒരു കമ്മിറ്റിയുടെ അഭാവം, പൊതുജനത്തിന്റെ അലംഭാവം, ഭരണസിരാകേന്ദ്രങ്ങളുടെ ദീര്‍ഘദൃഷ്ടിയില്ലായ്മ എന്നിങ്ങനെ ഒട്ടേറെ കാരണങ്ങള്‍ കൊണ്ട് കേരളത്തിന്റെ മാലിന്യ പ്രശ്‌നം പരിഹരിക്കപ്പെടാതെ അവശേഷിക്കുക തന്നെ ചെയ്യും.
കോഴിക്കോട്ടെ ഞെളിയന്‍ പറമ്പ്, കൊച്ചിയിലെ ബ്രഹ്മപുരം, ആലപ്പുഴയിലെ മാരാരിക്കുളം, കൊല്ലത്തെ കുരീപ്പുഴ എന്നിവ വരും കാലങ്ങളില്‍ അപകടകരമായ അവസ്ഥയെ നേരിടേണ്ടിവരുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. കൃത്യമായും സത്യസന്ധമായും ഒരു മാലിന്യ നിര്‍മാര്‍ജന പദ്ധതി ആവിഷ്‌കരിക്കാനോ അതിനായി ഒരു മാതൃകാ പ്രദേശം കണ്ടെത്താനോ ഒരു സര്‍ക്കാറിനും കഴിഞ്ഞില്ലെന്നത് ഒരു പരാജയമായി കാണേണ്ടതുണ്ട്. ചെറിയ ചെറിയ ചെറുത്തുനില്‍പ്പുകള്‍ കൊണ്ടോ താത്കാലികമായ പരിഹാര നിര്‍ദേശങ്ങള്‍ കൊണ്ടോ തീര്‍ക്കാവുന്ന ഒന്നല്ല ഇത്.
ഒരു ഭരണകൂടത്തിന്റെ ബാധ്യത മാത്രമായി മാലിന്യ പ്രശ്‌നത്തെ സമീപിക്കുന്ന പൊതുജനത്തിന്റെ മനോഭാവത്തിലും മാറ്റങ്ങള്‍ വരേണ്ടതുണ്ട്. ഒരു വീട്ടില്‍ ഒരു ദിവസം ഉണ്ടായേക്കാവുന്ന മാലിന്യങ്ങള്‍ക്ക് ഒരു പരിധിയുണ്ട്. സ്വന്തം വീട്ടില്‍ തന്നെ തങ്ങളുടെ മാലിന്യം സംസ്‌കരിക്കാനുള്ള വഴികളന്വേഷിക്കാതെ അവയെല്ലാം മറ്റൊരിടത്ത് തള്ളുമ്പോഴാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുന്നത്. തന്റെ വീട്ടിലെ മാലിന്യം അന്യന്റെ ബാധ്യതയാകാതെ നോക്കേണ്ടത് താന്‍ തന്നെയാണ്. അതിന് പല പദ്ധതികളും ഇന്ന് നിലവിലുണ്ട്. തിരുവനന്തപുരത്തെ ഒരു സ്വയം സഹായ സംഘം രൂപപ്പെടുത്തിയ “രണ്ട് മണ്‍ഭരണികള്‍ കമ്പോസ്റ്റ്” ഒരു ഉദാഹരണം മാത്രം. വളരെ ലളിതവും സാമ്പത്തിക ബാധ്യത വരാതെ നിര്‍മിച്ചെടുക്കാവുന്നതുമാണിത്. വീട്ടില്‍ തന്നെ ബോയഗ്യാസ് പ്ലാന്റുകള്‍ മാലിന്യങ്ങള്‍കൊണ്ട് നിര്‍മിച്ചെടുക്കാവുന്നതാണ്. ഏറ്റവും ചുരുങ്ങിയത് സ്വന്തം മണ്ണില്‍ തന്നെ ഒരു കുഴി കുത്തി അവശിഷ്ടങ്ങള്‍ അതില്‍ നിക്ഷേപിച്ചാല്‍ തന്നെ ഒരു പരിധിവരെ ഈ അപകടത്തില്‍ നിന്ന് രക്ഷപ്പെടാം. രോഗങ്ങളും പകര്‍ച്ചവ്യാധികളും സൃഷ്ടിക്കുകയും ഒടുവില്‍ നാം തന്നെ അതിന്റെ ഇരകളാകുകയും ചെയ്യുന്ന വിരോധാഭാസമാണ് കേരളത്തില്‍ നടക്കുന്നത്.

Latest