Connect with us

Kozhikode

അധികൃതര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ല: നൈനാംവളപ്പില്‍ കടലാക്രമണം രൂക്ഷം; 20 വീടുകളില്‍ വെള്ളം കയറി

Published

|

Last Updated

കോഴിക്കോട്: നൈനാംവളപ്പില്‍ രൂക്ഷമായ കടലാക്രമണം. 20 വീടുകളില്‍ വെളളം കയറി. വീട്ടുപകരണങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളും ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങി നശിച്ചു.
കഴിഞ്ഞ ദിവസം രാത്രി 11 ഓടെയായിരുന്നു വീടുകളിലേക്ക് കടല്‍ ഇരമ്പിയെത്തിയത്. ആളപായമോ വീടിന് കേടുപാടുകളോ ഇല്ല. എന്നാല്‍ ഭയാശങ്കമൂലം കിടന്നുറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും ഇത്തവണത്തെ മഴക്കാലം ആരംഭിച്ചതോടെ കടല്‍ക്ഷോഭം നിത്യമായിരിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. അശാസ്ത്രീയമായ കടല്‍ഭിത്തി നിര്‍മാണമാണ് ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭ ഭീഷണി തുടരാന്‍ കാരണം. നൈനാംവളപ്പില്‍ 15 മീറ്ററോളം വളച്ച് കെട്ടിയ ഭിത്തിയിലൂടെയാണ് കടല്‍ കയറുന്നത്.
കടല്‍ഭിത്തിയില്‍ നിന്ന് മുകളിലേക്ക് കടല്‍ ഇരച്ചുകയറുകയായിരുന്നു. ഇവിടെ വളവില്ലാതെ ഭിത്തി നിര്‍മിച്ചാല്‍ കടല്‍ ക്ഷോഭം ഒരു പരിധിവരെ തടയാന്‍ സാധിക്കുമെന്ന് നിവാസികള്‍ പറഞ്ഞു. വലിയ കരിങ്കല്ലുകള്‍ ഉപയോഗിച്ച് ഭിത്തി കെട്ടണമെന്നും പുലിമൂട്ടില്‍ ഉപയോഗിക്കുന്ന വലിയ കല്ലുകള്‍ ഇതിന് ഉപയോഗിക്കണമെന്നും വര്‍ഷങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടി അധികൃതര്‍ സ്വീകരിക്കാറില്ല.
പള്ളിക്കണ്ടി, അത്താണിക്കല്‍, പുതിയങ്ങാടി, കോയാ റോഡ് തുടങ്ങിയ പ്രദേശങ്ങളില്‍ ശാസ്ത്രീയമായ കടല്‍ഭിത്തി നിര്‍മാണത്തിന്റെ അപര്യാപ്തത മൂലം കാലവര്‍ഷം ശക്തമാകുമ്പോള്‍ കടലാക്രമണവും രൂക്ഷമാണ്. കടലാക്രമണത്തില്‍ അകപ്പെട്ട വീട്ടുകാര്‍ക്ക് സൗജന്യ റേഷന്‍ വിതരണവും പുനഃരധിവാസവും ഏര്‍പ്പെടുത്തുക എന്നതിനപ്പുറം കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകാറില്ല. പള്ളിക്കണ്ടി ബീച്ചില്‍ കടല്‍ ക്ഷോഭത്തില്‍ വീടുകള്‍ തകരുന്നത് പതിവാണ്. പള്ളിക്കണ്ടി ജി എല്‍ പി സ്‌കൂള്‍ തകര്‍ച്ചാ ഭീഷണിയിലാണ്.
മത്സ്യത്തൊഴിലാളികള്‍ക്കും കടലോരങ്ങളില്‍ താമസിക്കുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കുന്ന നിരീക്ഷണ ബോയ പുതിയാപ്പ ഹാര്‍ബറിനടുത്തുള്ള ആഴക്കടലില്‍ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ചിരുന്നു. വടക്കന്‍ കേരളത്തില്‍ ഇവിടെയാണ് ആദ്യമായി ആഴക്കടലില്‍ ബോയ സ്ഥാപിച്ചത്. കടലിലെ വ്യതിയാനങ്ങള്‍, കൊടുങ്കാറ്റ്, കടലാക്രമണം, സുനാമി എന്നിവയെക്കുറിച്ച് പഠിച്ച് നിവാരണമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും മുന്നറിയിപ്പ് നല്‍കാനുമായി ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും (ഇന്‍കോയിസ്) തിരുവനന്തപുരം ആസ്ഥാനമായ ഭൗമശാസ്ത്ര പഠനകേന്ദ്രവും (സെസ്) ചേര്‍ന്നാണ് ആഴക്കടലില്‍ ബോയകള്‍ സ്ഥാപിച്ചത്. തീരദേശ വെള്ളപ്പൊക്കം, കാറ്റ്, തിരമാലയുടെ ഉയരം, ദിശ, ആവൃത്തി, കടലൊഴുക്ക്, വേലിയേറ്റം, വേലിയിറക്കം, സമുദ്രജല പ്രവാഹങ്ങള്‍, മത്സ്യബന്ധന സാധ്യതകള്‍ തുടങ്ങിയ സമുദ്രാവസ്ഥകളെക്കുറിച്ച് ബോയ ശേഖരിക്കുന്ന വിവരങ്ങള്‍ തത്സമയം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഇത്തരം സംവിധാനങ്ങള്‍ ഉണ്ടെങ്കിലും തീരദേശവാസികളുടെ ഭീതിക്ക് ഒരു കുറവുമില്ല.

---- facebook comment plugin here -----

Latest