Connect with us

Kozhikode

പ്ലസ്ടു പ്രവൃത്തിദിനം: അധ്യാപകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

Published

|

Last Updated

കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുടെ പ്രവൃത്തിദിനം ചുരുക്കിയുള്ള ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ സര്‍ക്കാര്‍ തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ശനിയാഴ്ച പ്രവൃത്തിദിനം ഒഴിവാക്കി പിരീഡുകള്‍ ക്രമീകരിക്കാനുള്ള തീരുമാനം നടപ്പാക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.
പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് സ്‌കൂളുകളില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാനും കറുത്ത ബാഡ്ജ് ധരിച്ച് വഞ്ചനദിനം ആചരിക്കാനും കേരള എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. 21ന് കൂട്ട അവധിയെടുത്ത് ഹയര്‍സെക്കന്‍ഡറി മേഖല പൂര്‍ണമായി സ്തംഭിപ്പിക്കുമെന്നും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോഷി ആന്റണിയും ട്രഷറര്‍ എ കെ അബ്ദുല്‍ ഹക്കീമും അറിയിച്ചു. പ്ലസ്ടു പ്രവേശനത്തിന് മുമ്പ് അധ്യപക സംഘടനകളുമായി ചര്‍ച്ച നടത്തി സര്‍ക്കാര്‍ തീരുമാനം നടപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.
പ്ലസ്ടു സ്‌കൂളുകള്‍ക്ക് ശനിയാഴ്ച അവധിയും ക്ലാസ് സമയം രാവിലെ ഒമ്പത് മുതല്‍ 4.30 വരെ ക്രമീകരിച്ചുള്ള നടപടിയാണ് വൈകുന്നത്.
ലബ്ബ കമ്മീഷന്‍ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഈ അധ്യായന വര്‍ഷം മുതല്‍ പുതിയ സമ്പ്രദായത്തില്‍ ക്ലാസുകള്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വിവിധ സംഘടനകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രഖ്യാപനം മന്ത്രി തന്നെ ഇടപെട്ട് മാറ്റിവച്ചത്. കരിക്കുലം കമ്മിറ്റി ശിപാര്‍ശ ചെയ്തത് പ്രകാരം പ്ലസ്ടു കോഴ്‌സിന് നാല് സബ്ജക്ടും രണ്ട് ഭാഷയും അടക്കം ആറ് വിഷയങ്ങളാണുള്ളത്. സബ്ജക്ട് വിഷയങ്ങള്‍ക്ക് ആഴ്ചയില്‍ 32 പിരീഡും ഭാഷാവിഷയത്തിന് ആറും ഇംഗ്ലീഷിന് ഏഴ് പിരീഡുമടക്കം 45 പിരീഡാണ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചഭക്ഷണത്തിന്റെ ഇടവേള 40 മിനിറ്റായി കുറച്ച് 12.35 മുതല്‍ 1.05 വരെയാക്കി ചുരുക്കി. മലബാര്‍ മേഖലയില്‍ രാവിലെ ഒമ്പതിന് സ്‌കൂളില്‍ ക്ലാസ് തുടങ്ങുന്നതിനെ എതിര്‍ത്ത് ചില സംഘടനകള്‍ പരാതി നല്‍കിയതിനാലാണ് തീരുമാനം വൈകുന്നതെന്നാണ് ഹയര്‍സെക്കന്‍ഡറി വകുപ്പ് പറയുന്നത്.

Latest