Connect with us

Ongoing News

മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാന്‍ സമിതി

Published

|

Last Updated

തിരുവനന്തപുരം: മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങളും ഭാഷാ പഠനത്തിന് മാര്‍ഗരേഖയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ക്രോഡീകരിക്കുന്നതിനായി അഞ്ചംഗ സമിതിയെ നിയോഗിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചേംമ്പറില്‍ അദ്ദേഹത്തിന്റെ അധ്യക്ഷതയിലും സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫിന്റെ സാന്നിധ്യത്തിലും ചേര്‍ന്ന യോഗമാണ് സമിതിയെ തിരഞ്ഞെടുത്തത്. മലയാളം മിഷന്‍ ചെയര്‍മാന്‍ തലേക്കുന്നില്‍ ബഷീര്‍, ഡോ. എം ആര്‍ തമ്പാര്‍, രജിസ്ട്രാര്‍ സുധാകരന്‍ പിള്ള, കെ എല്‍ മോഹനവര്‍മ, ചന്ദ്രപ്രകാശ് എന്നിവരാണ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗങ്ങള്‍. സുഗതകുമാരി ഉള്‍പ്പെടെയുള്ളവരുമായി ഡ്രാഫ്റ്റിംഗ് കമ്മിറ്റി പിന്നീട് ചര്‍ച്ച നടത്തണമെന്നും യോഗത്തില്‍ തീരുമാനമായി. മലയാളം മിഷന്റെ കീഴില്‍ വിവിധയിടങ്ങളില്‍ മലയാള ഭാഷാ പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത് സംബന്ധിച്ചും ഇതിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാനദണ്ഡം, ലിസ്റ്റ് തയ്യാറാക്കല്‍ തുടങ്ങിയ കാര്യങ്ങളും ഡ്രാഫ്റ്റിംഗ് കമ്മിറ്റി തയ്യാറാക്കണം.
സര്‍ക്കാര്‍ ജോലിയില്‍ പുതുതായി പ്രവേശിക്കുന്നവര്‍ക്ക് മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിനെത്തുടര്‍ന്ന് പി എസ് സി നിര്‍ദേശിച്ചിരിക്കുന്നത് മലയാളം മിഷന്റെ കോഴ്‌സുകളെയാണ്. ഈ സാഹചര്യത്തില്‍ ഇതിനായി ഒരു താത്ക്കാലിക പഠന കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി. ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ പിന്നീട് തീരുമാനിക്കും. മലയാളം മിഷനിലെ കരാര്‍ ജീവനക്കാരുടെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി. മിഷന്റെ വെബ് മാസികയും തളിര് പ്രസിദ്ധീകരണവും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കണം. വെബ് മാസിക പ്രസിദ്ധികരണത്തിനു മുമ്പ് വിദഗ്ധ സമിതിയുടെ അഭിപ്രായം തേടണം. തളിര് മാസികയുമായി ബന്ധപ്പെട്ട് പ്രചാരണത്തിനുള്ള കാര്യങ്ങള്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടുമായി ചര്‍ച്ച ചെയ്യണം. മലയാള ഭാഷയുമായി ബന്ധപ്പെട്ട സമിതികളുടെയും മലയാളം മിഷന്റെയും സംയുക്ത യോഗം വിളിച്ചുചേര്‍ക്കാനും യോഗം തീരുമാനിച്ചു. ഇതിനുള്ള തീയതി പിന്നീട് തീരുമാനിക്കും.
യോഗത്തില്‍ മലയാളം മിഷന്‍ ചെയര്‍മാന്‍ തലേക്കുന്നില്‍ ബഷീര്‍, സുഗതകുമാരി, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, പി ആര്‍ഡി ഡയറക്ടര്‍ മിനി ആന്റണി, ഡോ. എം ആര്‍ തമ്പാന്‍, രജിസ്ട്രാര്‍ സുധാകരന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു.