Connect with us

Malappuram

പെരുവള്ളൂരില്‍ കുടിവെള്ള പദ്ധതിക്ക് 20 കോടി

Published

|

Last Updated

മലപ്പുറം: പെരുവള്ളൂര്‍ പഞ്ചായത്തില്‍ സമഗ്ര കുടിവെള്ള പദ്ധതിക്കായി രാജീവ് ഗാന്ധി ഗ്രാമീണ കുടിവെള്ള പദ്ധതിയില്‍ നിന്നും 20 കോടി അനുവദിച്ചു.
പഞ്ചായത്തിലെ 5000 കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കുന്ന പദ്ധതിക്കാണ് ആദ്യഘട്ട തുക കേന്ദ്ര ഗ്രാമ വികസന വകുപ്പ് അനുവദിച്ചത്. പദ്ധതിക്കുള്ള സര്‍വെ വാട്ടര്‍ അതോറിറ്റി പൂര്‍ത്തിയാക്കി വരുന്നുണ്ട്. ജലശുദ്ധീകരണ ശാല നിര്‍മിക്കാനുള്ള സ്ഥലം പഞ്ചായത്തിന്റെ കൈവശമുണ്ട്.
സര്‍വെ പൂര്‍ത്തിയായാല്‍ എസ്റ്റിമേറ്റ് സമര്‍പ്പിക്കും. 100 കോടിയുടെ കുടിവെള്ള പദ്ധതിയാണ് പഞ്ചായത്ത് വിഭാവനം ചെയ്തിട്ടുള്ളത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 1985 ല്‍ നിര്‍മിച്ച മൂന്ന് ലക്ഷം സംഭരണ ശേഷിയുള്ള കള്ളിത്തടം ജലസംഭരണ ടാങ്ക് സമഗ്ര കുടിവെള്ള പദ്ധതിക്കായി ഉപയോഗിക്കുമെന്ന് പ്രസിഡന്റ് കെ ടി കുഞ്ഞാപ്പുട്ടി ഹാജി പറഞ്ഞു.
പെരുവള്ളൂരില്‍ ആറ് ബൃഹത് കുടിവെള്ള പദ്ധതികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. പറച്ചിനപ്പുറായി (30 ലക്ഷം), ചെമ്പാറത്ത് (12 ലക്ഷം), നീരോല്‍പ്പാലം (13 ലക്ഷം), ചുള്ളിയാലപ്പുറം (10 ലക്ഷം), കാട ബസാര്‍ (22 ലക്ഷം) തടത്തില്‍ കോളനി (ഏഴ് ലക്ഷം), എന്നീ പദ്ധതികളാണവ.
ടാങ്ക്, പൈപ്പ് ലൈന്‍, പമ്പ് ഹൗസ്, വട്ടക്കിണര്‍, എന്നിവ ഒരുക്കിയാണ് പദ്ധതി നടപ്പാക്കിയത്. എം പി, എം എല്‍ എ ഫണ്ടുകളും പദ്ധതിക്കായി ലഭിച്ചു.