Connect with us

Editorial

അനാഥാലയങ്ങളെ അടച്ചാക്ഷേപിക്കുകയോ?

Published

|

Last Updated

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ യതീംഖാനകളിലേക്ക് കൊണ്ടുവരികയായിരുന്ന കുട്ടികള്‍ മതിയായ രേഖകളില്ലെന്ന കാരണത്താല്‍ പിടിയിലായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ യതീംഖാനകള്‍ക്കെതിരെ സംഘടിതമായ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. മതന്യൂനപക്ഷങ്ങള്‍ നടത്തുന്ന യതീംഖാനകള്‍ക്കെതിരായി വര്‍ഗീയ താത്പര്യത്തോടെ ബി ജെ പി ഉന്നയിക്കുന്ന തെറ്റായ ആരോപണങ്ങള്‍ ഇപ്പോള്‍ ചില കോണ്‍ഗ്രസ് നേതാക്കളും ഡി വൈ എഫ് ഐയും ഏറ്റുപിടിച്ചിരിക്കയാണ്. യതീംഖാനകളില്‍ കുട്ടികള്‍ക്ക് ഭീകരവാദ പരിശീലനം നല്‍കുന്നതായും നീലച്ചിത്ര നിര്‍മ ണത്തിനുപയോഗിക്കന്നതായും ചിലര്‍. ഇത് മനുഷ്യക്കടത്താണെന്നാണ് ബി ജെ പിക്കൊപ്പം സംസ്ഥാന ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചെന്നിത്തല ആരോപിക്കുന്നത്. സാമ്പത്തിക നേട്ടമാണ് അനാഥാലയ നടത്തിപ്പുകാരുടെ ലക്ഷ്യമെന്നാണ് ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കണ്ടെത്തല്‍.
ഉറ്റവരുടെ വിയോഗത്തെ തുടര്‍ന്ന് ജീവിതം വഴിമുട്ടുകയും സമൂഹത്തില്‍ ഒറ്റപ്പെടുകയും ചെയ്ത കുട്ടികകള്‍ക്ക് സംരക്ഷണവും ഉന്നത വിദ്യാഭ്യാസവും നല്‍കി മെച്ചപ്പെട്ട ഭാവി ഉറപ്പ് വരത്തുകയാണ് അനാഥശാലകളുടെ പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങളുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ ലക്ഷ്യം. തെരുവുകളില്‍ ജീവിതം ഹോമിക്കപ്പെടുകയോ മാഫിയകളുടെ കൈകളിലകപ്പെടുകയോ ചെയ്യുമായിരുന്ന ആയിരക്കണക്കിന് കുട്ടികള്‍ യതീംഖാനകളിലൂടെ വളര്‍ന്നു ഉയര്‍ന്ന വിദ്യാഭ്യാസം നേടി സ്വദേശത്തും വിദേശത്തുമായി ഉന്നത മേഖലകളില്‍ സേവനമനുഷ്ഠിക്കുകയും നാടിന്റെ അഭിമാനമായി മാറുകയും ചെയ്തിട്ടുണ്ട്. പൊതുവെ മാതൃകാപരവും ആര്‍ക്കും എപ്പോഴും സന്ദര്‍ശിച്ചു സുതാര്യത ഉറപ്പ് വരുത്താകുന്നതുമാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫീസര്‍മാര്‍ പരിശോധന നടത്തി അനാഥാലയങ്ങളുടെ ശരിയായ പ്രര്‍ത്തനം ഉറപ്പ് വരുത്തുന്നുമുണ്ട്. അനാഥാലയങ്ങള്‍ക്കെതിരെ ആരോപണങ്ങളുമായി രംഗത്തു വന്നവരില്‍ പലരും അവയെക്കുറിച്ചു പഠിക്കുകയോ അനേഷിച്ചറിയുകയോ ചെയ്യാത്തവരാണ്.
സംസ്ഥാനത്ത് 95 ശതമാനം അനാഥാലയങ്ങളും നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഡി ഐ ജി. എസ് ശ്രീജിത്ത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും സ്ഥാപനങ്ങളില്‍ നിയമലംഘനങ്ങള്‍ നടക്കുന്നുണ്ടാകാം. ഒറ്റപ്പെട്ട അത്തരം സംഭവങ്ങളെ പര്‍വതീകരിക്കുകയും സാര്‍വത്രികമായി ചിത്രീകരിക്കുകയും ചെയ്യുന്നത് അനാഥരെ സനാഥത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന സേവനമനസ്‌കരെ നിരാശരാക്കാനും അത്തരം നല്ല സംരംഭങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനും മാത്രമേ സഹായിക്കുകയുള്ളു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുസ്‌ലിംകളുടെ ദൈന്യതയും പിന്നാക്കാവസ്ഥയും സച്ചാര്‍ കമ്മിറ്റി തുറന്നു കാട്ടുന്നുണ്ട്. ഭരണ കൂടങ്ങളുടെ അവഗണന മൂലം വികസനത്തിന്റെ വെളിച്ചമെത്താത്ത പ്രദേശങ്ങളില്‍ ഇരുണ്ട ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട അവരില്‍ ബഹുഭൂരിപക്ഷവും നിരക്ഷരരും കൊടിയ ദാരിദ്ര്യത്തിലുമാണ.് വിദ്യാഭ്യാസത്തിന് മതിയായ സൗകര്യങ്ങളില്ലാത്ത പ്രസ്തുത സംസ്ഥാനങ്ങളിലെ മുസ്‌ലിം മേഖലകളില്‍ നിന്ന് കുട്ടികളെ അവര്‍ കേരളത്തിലെ അനാഥാലയങ്ങളിലേക്കയക്കുന്നത്, തങ്ങള്‍ക്ക് നേരിട്ട ഗതികേടില്‍ നിന്ന് തങ്ങളുടെ മക്കളെങ്കിലും രക്ഷപ്പെടട്ടെ എന്ന ചിന്തയിലാണ്. മുസ്‌ലിം വിദ്യാര്‍ഥികള്‍ പഠിച്ചു വളരുന്നതും ഉന്നതസ്ഥാനീയരാകുന്നതും സംഘ് പരിവാറിന് അരോചകമായതു കൊണ്ടാണ് അവര്‍ ഇതിനെ മനുഷ്യക്കടത്തായി ചിത്രീകരിക്കുന്നത്. ഈ ആരോപണം ചെന്നിത്തലയെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റു പിടിച്ചതിന്റെ വികാരമാണ് മനസ്സിലാകാത്തത്. ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികളെ വിദ്യാഭ്യാസത്തിനായി കേരളത്തിലേക്ക് കൊണ്ടുവരരുതെന്നും അവരെ പഠിപ്പിക്കാനും സംരക്ഷിക്കാനും താത്പര്യമുള്ളവര്‍ ആ സംസ്ഥാനങ്ങളില്‍ പോയി സ്ഥാപനങ്ങള്‍ നടത്തണമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. മര്‍കസ്, ആര്‍ സി എഫ് ഐ പോലുള്ള കേന്ദ്രങ്ങളും സംഘടനകളും വര്‍ഷങ്ങളായി മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാപനങ്ങളിലും മികച്ച നിലവാരമുള്ള സ്ഥാപനങ്ങള്‍ നടത്തി വരുന്നുണ്ട്. എങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ മതിയായ എണ്ണം സ്ഥാപനങ്ങള്‍ നടത്തുന്നതിന് സാമ്പത്തികവും സാങ്കേതികവുമായ പരിമിതികളുള്ളതിനാല്‍ ആ സംസ്ഥാനങ്ങളിലെ കുട്ടികളെ രക്ഷിതാക്കളുടെ ആവശ്യപ്രകാരം കേരളത്തില്‍ കൊണ്ടുവന്നു പഠിപ്പിക്കേണ്ടി വരും. നിയമത്തിന്റെ പിന്‍ബലത്തോടെ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ മനുഷ്യക്കടത്തായി ചിത്രീരിക്കുതത് ജുഗുപ്‌സാവഹമാണ്. ഇതൊരു വിവാദമാക്കി മതന്യൂനപക്ഷങ്ങളുടെ കീഴിലുള്ള അനാഥാലയങ്ങളെ തകര്‍ക്കാനുള്ള സംഘ്പരിവാറിന്റെ നീക്കത്തെ സഹായിക്കരുന്ന പ്രവണത ഉത്തരവാദപ്പെട്ടവര്‍ക്ക് ഭൂഷണമല്ല.

Latest