Connect with us

Ongoing News

വിദ്യാലയ പരിസരം ലഹരിമുക്തമാക്കും

Published

|

Last Updated

തിരുവനന്തപുരം: സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന് വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും ചേര്‍ന്ന് തീവ്രയജ്ഞ പദ്ധതി നടപ്പാക്കുന്നു. ക്ലീന്‍ ക്യാമ്പസ,് സേഫ് ക്യാമ്പസ് എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പതിമൂന്നിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് നിര്‍വഹിക്കുമെന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തലയും പി കെ അബ്ദുര്‍റബ്ബും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ മദ്യം, മയക്കുമരുന്ന്, പുകയില, പാന്‍മസാല ഉപയോഗത്തില്‍ നിന്ന് പിന്തിരിപ്പിക്കും. ഇതിനായി വിദ്യാലയ പരിസരങ്ങളിലെ ലഹരി ഉത്പന്നങ്ങളുടെ വില്‍പ്പന കര്‍ശനമായി തടയും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ, ആഭ്യന്തര മന്ത്രിമാരും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത ഉന്നതലയോഗത്തിലാണ് തീരുമാനം.

രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളുകളുടെയും കോളജുകളുടെയും പരിസരങ്ങളിലുള്ള കടകളില്‍ വ്യാപക പരിശോധന നടത്തിയിരുന്നു. കഞ്ചാവ്, പാന്‍ മസാല, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവ വന്‍തോതില്‍ വിറ്റഴിക്കുന്നതായി റെയ്ഡില്‍ കണ്ടെത്തിയതായും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനതല ഉദ്ഘാടനത്തിനൊപ്പം എല്ലാ സ്‌കൂളുകളിലും ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങ് നടക്കും. ജാഗ്രതാ സമിതികളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഈ സാഹചര്യത്തില്‍ സ്‌കൂള്‍ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും.ഈ മാസം ഇരുപതിന് മുമ്പ് ജില്ലാതല ജാഗ്രതാ സമിതികള്‍ കലക്ടര്‍മാരുടെ അധ്യക്ഷതയില്‍ യോഗം ചേരും. മുപ്പതിന് മുമ്പ് ജാഗ്രതാ സമിതി യോഗങ്ങള്‍ എല്ലാ സ്‌കൂളുകളിലും ചേരണം. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യാപകമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും.
പ്രതിജ്ഞ ചൊല്ലല്‍, വിവിധതരത്തിലുള്ള പ്രദര്‍ശനങ്ങള്‍, ലഘുലേഖകളുടെ വിതരണം എന്നിവ സംഘടിപ്പിക്കുന്നതിനൊപ്പം ലഹരിവിരുദ്ധ യജ്ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന തൊപ്പികള്‍, ടീ ഷര്‍ട്ടുകള്‍ എന്നിവ സ്‌കൂളുകളില്‍ വിതരണം ചെയ്യുമെന്നും മന്ത്രിമാര്‍ അറിയിച്ചു. പോലീസിന്റെയും എക്‌സൈസിന്റെയും കര്‍ശന നടപടികളുടെ ഭാഗമായി ഇടുക്കിയില്‍ കഞ്ചാവ് കൃഷി തടയാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇടുക്കി വഴി കഞ്ചാവ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെയും ചെറുപ്പക്കാരുടെയും ആരോഗ്യത്തെ ബാധിക്കുന്ന രീതിയില്‍ ഇത്തരം ലഹരി ഉത്പന്നങ്ങള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എത്തിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ ലഹരി പദാര്‍ഥങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നും ചെന്നിത്തല അറിയിച്ചു.

Latest