Connect with us

Ongoing News

നിര്‍ത്തി വെച്ച സീപ്ലെയ്ന്‍ സെപ്തംബറില്‍ പുനരാരംഭിക്കും

Published

|

Last Updated

തിരുവനന്തപുരം: കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഉദ്ഘാടനത്തിന് ശേഷം നിര്‍ത്തിവെച്ച സീപ്ലെയിന്‍ സര്‍വീസ് സെപ്തംബറില്‍ പുനരാരംഭിക്കുമെന്ന് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍. ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത പദ്ധതി മത്സ്യത്തൊഴിലാളികളുടെ എതിര്‍പ്പിനെയും മറ്റു ചില കാരണങ്ങളെയും തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. മത്സ്യത്തൊഴിലാളികള്‍ മുന്നോട്ടുവെച്ച ആശങ്കകള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ആ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാറിനു ലഭിച്ചിട്ടുണ്ട്. സീപ്ലെയ്ന്‍ പദ്ധതി മൂലം മത്സ്യസമ്പത്തിനോ മത്സ്യബന്ധനത്തിനോ ഒരു നാശവും സംഭവിക്കില്ല. ഇക്കാര്യം മത്സ്യത്തൊഴിലാളികളെ ധരിപ്പിച്ച് അവരെ കൂടി വിശ്വാസത്തിലെടുത്തായിരിക്കും പദ്ധതിയാരംഭിക്കുക. സര്‍വീസിനായി അഞ്ച് കോടി രൂപ മുതല്‍ മുടക്കി അടിസ്ഥാന സൗകര്യം ഒരുക്കുക മാത്രമായിരിക്കും സര്‍ക്കാര്‍ ചെയ്യുക. സര്‍വീസ് ഉള്‍പ്പെടെ മറ്റു കാര്യങ്ങള്‍ പൂര്‍ണമായും സ്വകാര്യ കമ്പനികള്‍ക്കായിരിക്കും.

സര്‍ക്കാറിന്റെ മിഷന്‍ 676 ല്‍ ടൂറിസം വകുപ്പിന്റെ പ്രധാന പദ്ധതികളിലൊന്നാണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, പീപ്പിള്‍സ് ഓണ്‍ ടൂറിസം. പ്രമുഖ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ വികസനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും തദ്ദേശീയരെയും പങ്കാളികളാക്കുക, ടൂറിസം വളര്‍ച്ചയുടെ സദ്ഫലങ്ങള്‍ തദ്ദേശീയര്‍ക്കു കൂടി അനുഭവവേദ്യമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പദ്ധതി. കൊച്ചിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കുന്ന പദ്ധതിയാണ് ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ആന്‍ഡ് വാട്ടര്‍ ടാക്‌സി ബോട്ട് സര്‍വീസ്. 25 പേര്‍ക്ക് സഞ്ചരിക്കാവുന്ന എ സി ബോട്ടുകളാണ് ഇതിലേക്ക് സര്‍വീസ് നടത്തുക.
വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കായികവും മാനസികവുമായി വിഭിന്ന ശേഷിയുള്ള വിഭാഗങ്ങള്‍ക്കു കൂടി ആസ്വദിക്കാനായി സൗഹൃദ ടൂറിസം പദ്ധതിയും നടപ്പാക്കും. രാജ്യങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന സാംസ്‌കാരിക വിനിമയം പുനരാവിഷകരിക്കുന്ന സമാധാനത്തിന്റെ പുതിയ പാതയാകും സ്‌പൈസ് റൂട്ട് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. വരും നാളുകളില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയും ആകര്‍ഷകമായ മത്സര പദ്ധതി ഏര്‍പ്പെടുത്തിയും വിസ ഓണ്‍ അറൈവല്‍ പദ്ധതി വിപുലീകരിക്കും. കോവളത്തിനടുത്ത് ഉയര്‍ന്നു വരുന്ന വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജ് ഈ സര്‍ക്കാറിന്റെ കാലത്ത് പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.