Connect with us

National

ദിഗ് വിജയ് സിംഗിന്റെ പ്രസ്താവന വിവാദമാകുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി ജുമാ മസ്ജിദിലെ ഇമാം സയ്യിദ് അഹ്മദ് ബുഖാരി വര്‍ഗീയവാദിയാണെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിന്റെ പ്രസ്താവന വിവാദമാകുന്നു. അദ്ദേഹത്തെ ഒരു മതേതരവാദിയായി താന്‍ കാണുന്നില്ലെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു. ഇതിന് മുമ്പും ഡല്‍ഹി ജുമാ മസ്ജിദ് ഇമാം അഹ്മദ് ബുഖാരിക്കെതിരെ അദ്ദേഹം രംഗത്ത് വന്നിരുന്നു.
ഉത്തര്‍പ്രദേശിലെ മുസ്‌ലിംകളോട് സമാജ്‌വാദി പാര്‍ട്ടിക്ക് വോട്ട് രേഖപ്പെടുത്തണമെന്ന ബുഖാരിയുടെ പ്രസ്താവനായിരുന്നു അന്ന് ദിഗ് വിജയ് സിംഗിനെ ചൊടിപ്പിച്ചത്. അഹ്മദ് ബുഖാരി ഒരു വര്‍ഗീയവാദിയാണെന്നും ഒരു സമയത്ത് ഉസാമ ബിന്‍ലാദനെ അദ്ദേഹം പിന്തുണച്ചതായും 2004ല്‍ ബി ജെ പിയെ പിന്തുണച്ച് അദ്ദേഹം ഫത്‌വ നല്‍കിയതായും അന്ന് സിംഗ് വ്യക്തമാക്കിയിരുന്നു. യു പിയില്‍ അദ്ദേഹം താമസിക്കുന്ന പ്രദേശത്ത് എതിരാളിയായ സ്ഥാനാര്‍ഥി ജയിച്ചത് അദ്ദേഹത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നുണ്ടെന്നും സിംഗ് ചൂണ്ടിക്കാട്ടിയിരുന്നു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി സോണിയാ ഗാന്ധി ഡല്‍ഹി ഇമാമിനെ സന്ദര്‍ശിച്ചതിനെ കോണ്‍ഗ്രസ് നേതാവും രണ്ട് തവണ എം പിയുമായ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ബോര്‍ഡ് അംഗം മൗലാന അസ്‌റാറുല്‍ ഹഖ് കഴിഞ്ഞ ദിവസം ശക്തമായി വിമര്‍ശിച്ചിരുന്നു.
ഇതു കഴിഞ്ഞ് ഒരു ദിവസം കഴിയുമ്പോഴാണ് ദിഗ്‌വിജയ്് സിംഗിന്റെ പ്രസ്താവന വന്നിരിക്കുന്നത്.
തിരഞ്ഞെടുപ്പിന് മുമ്പ് ഏപ്രില്‍ രണ്ടിന് സോണിയ ഇദ്ദേഹത്തെ സന്ദര്‍ശിക്കുകയും മുസ്‌ലിംകളുടെ വോട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചിന്നിപ്പോകരുതെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
അതേസമയം പശ്ചിമ ബംഗാളില്‍ തൃണമൂലിനാണ് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചത്. 1980ല്‍ ഇദ്ദേഹത്തിന്റെ പിതാവും ഉറച്ച കോണ്‍ഗ്രസ് അനുയായിയുമായിരുന്ന സയ്യിദ് അബ്ദുല്ല ബുഖാരിയെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും സന്ദര്‍ശിച്ചിരുന്നു.

---- facebook comment plugin here -----

Latest