Connect with us

Articles

ആരാണ് പൊതുവിദ്യാലയങ്ങളെ നഷ്ടത്തിലാക്കുന്നത്?

Published

|

Last Updated

വീണ്ടുമൊരു അധ്യായനവര്‍ഷം തുടങ്ങുകയാണ്. സൗജന്യവും സാര്‍വത്രികവുമായ പ്രാഥമിക വിദ്യാഭ്യാസം അടിസ്ഥാനാവകാശമാക്കിയ രാജ്യത്ത് അത് വിജയകരമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ കേരള മോഡലിന്റെ അടിസ്ഥാനവും പ്രാഥമിക വിദ്യാഭ്യാസകാര്യത്തില്‍ ചെലുത്തിയ ഈ ശ്രദ്ധ തന്നെ. പ്രതീക്ഷകളുടെ പുതിയ ചുവടുവെച്ച് അക്ഷര ലോകത്തെത്തുന്ന മൂന്ന് ലക്ഷം കുരുന്നുകള്‍ക്കൊപ്പം ഉയര്‍ന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച വിദ്യാര്‍ഥികളും ഇന്ന് പഠിപ്പുര ലക്ഷ്യമാക്കുന്നു. ഈ ആഹ്ലാദ മുഹൂര്‍ത്തത്തിന് കരിനിഴല്‍ വീഴ്ത്തുകയാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തു വിട്ട ലാഭകരമല്ലാത്ത വിദ്യാലയങ്ങളുടെ പട്ടിക. ഓരോ വര്‍ഷവും ഈ പട്ടികയുടെ ദൈര്‍ഘ്യം വര്‍ധിച്ചുവരികയാണ്.
ഒരു ക്ലാസില്‍ ശരാശരി 25 കുട്ടികള്‍ പോലുമില്ലാത്ത വിദ്യാലയങ്ങള്‍ക്കാണ് വിദ്യാഭ്യാസ വകുപ്പ് അനാദായകരമെന്ന ഓമനപ്പേര് നല്‍കുന്നത്. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 5,137 സ്‌കൂളുകളാണ് ഈ ഗണത്തിലുള്ളത്. നഷ്ടത്തിലോടുന്ന കെ എസ് ആര്‍ ടി സിയുടെയും അടച്ചുപൂട്ടുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഗണത്തിലേക്ക് കേരളത്തിലെ 50 ശതമാനത്തോളം പൊതുവിദ്യാലയങ്ങളും നീങ്ങുന്ന ദുരന്ത ചിത്രം. ഒരു വര്‍ഷം കൊണ്ട് നഷ്ടപ്പട്ടികയിലേക്കു പോയ വിദ്യാലയങ്ങളുടെ എണ്ണം 523 ആണെന്നത് ഈ ദുരന്തത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു. 2,413 സര്‍ക്കാര്‍ സ്‌കൂളുകളും 2,724 എയ്ഡഡ് സ്‌കൂളുകളും അനാദായകരമെന്നാണ് സര്‍ക്കാര്‍ കണക്ക്.
പിന്നാക്ക, അതിര്‍ത്തി ഗ്രാമങ്ങളിലാണ് ഇത്തരം വിദ്യാലയങ്ങളെന്ന് കരുതിയവര്‍ക്ക് തെറ്റി. തമിഴ്, കന്നഡ മീഡിയം പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ ഒരു ക്ലാസില്‍ 15 കുട്ടികളില്‍ത്താഴെയുള്ളവ മാത്രമേ അനാദായകര പട്ടികയിലെത്തുന്നുള്ളൂ. സര്‍ക്കാര്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ആദായകരമല്ലാത്ത സ്‌കൂളുകളുള്ളത് തിരുവനന്തപുര(281)ത്തും എയ്ഡഡ് മേഖലയില്‍ കണ്ണൂരു (585)മാണെന്ന വസ്തുതയും ഏറ്റവും കുറവ് വയനാട്ടിലാണെന്ന വസ്തുതയും ഇതോട് ചേര്‍ത്തു വായിക്കണം. കുട്ടികളില്ലാതെ സംസ്ഥാനത്ത് ആറ് എല്‍ പി സ്‌കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. പത്തില്‍ താഴെ കുട്ടികള്‍ പഠിക്കുന്ന 109 സ്‌കൂളുകളുണ്ട്. ഇതില്‍ നാല് സ്‌കൂളുകളില്‍ ഒരു കുട്ടി മാത്രം. ലക്ഷങ്ങള്‍ തലവരി വാങ്ങി കുട്ടികളെ പ്രവേശിപ്പിക്കുന്ന കിന്റര്‍ഗാര്‍ട്ടനുകള്‍ കൂണ്‍ കണക്കെ മുളച്ചു പൊങ്ങി ലാഭം കൊയ്യുമ്പോഴാണ് സര്‍ക്കാര്‍ എല്‍ പി സ്‌കൂളുകളുടെ ഈ ദുരവസ്ഥ.
ആദായകരമല്ലാത്ത സ്‌കൂളുകളില്‍ കൂടുതലും എല്‍ പി വിഭാഗത്തിലാണ്. സര്‍ക്കാര്‍ മേഖലയിലെ 76 ശതമാനവും എയ്ഡഡ് മേഖലയില്‍ 82.27 ശതമാനവും എല്‍ പി സ്‌കൂളുകളാണ് ലാഭകരമല്ലെന്ന് കണ്ടെത്തിയത്. സര്‍ക്കാര്‍ മേഖലയില്‍ 1,834 എല്‍ പി സ്‌കൂളുകളും 427 യു പി സ്‌കൂളുകളും 152 ഹൈസ്‌കൂളുകളുമാണ് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്. എയ്ഡഡ് മേഖലയില്‍ 2241 എല്‍ പി സ്‌കൂളുകളും 430 യു പി സ്‌കൂളുകളും 53 ഹൈസ്‌കൂളുകളും ഈ പട്ടികയില്‍പ്പെടുന്നു.
അനാദായകര പട്ടിക ഓരോ വര്‍ഷവും കുത്തനെ ഉയരുമ്പോഴും അടച്ചു പൂട്ടാന്‍ അനുമതി തേടുന്ന എയ്ഡഡ് മാനേജര്‍മാരുടെ എണ്ണം വര്‍ധിക്കുമ്പോഴും ആഴത്തിലുള്ള പരിശോധനക്ക് അധികൃതര്‍ തയ്യാറാകുന്നില്ല. എന്തുകൊണ്ടാണിത് സംഭവിക്കുന്നതെന്ന ഗൗരവമായ ആലോചനകള്‍ക്ക് പോലും ആര്‍ക്കും സമയമില്ല. തലയെണ്ണലില്‍ കൃത്രിമം നടത്തിയും അധ്യാപക-വിദ്യാര്‍ഥി അനുപാതത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ക്കായി സമ്മര്‍ദം ചെലുത്തിയും സ്വന്തം കസേര ഉറപ്പിക്കുന്നതോടെ തങ്ങളുടെ ദൗത്യം അവസാനിപ്പിക്കുകയാണ് അധ്യാപക സംഘടനകള്‍.
സംസ്ഥാനത്തുടനീളം യഥേഷ്ടം സ്വാശ്രയ, അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ തുടങ്ങിയതാണ് പൊതു വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്കിന്റെ അടിസ്ഥാനം. സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അനുമതിയോ എന്‍ ഒ സിയോ നല്‍കുന്നതും. എന്നാല്‍, ഇതു കൊണ്ട് മാത്രമാണ് പൊതു വിദ്യാലയങ്ങളുടെ ദുരവസ്ഥയെന്ന ന്യായീകരണത്തില്‍ നീതിയില്ല. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമാണ് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നത്. സ്വാശ്രയ, അണ്‍എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള കുട്ടികളുടെ ഒഴുക്കിന് കാരണവും ഇത് തന്നെ. ഇതിന് അനുസൃതമായി നമ്മുടെ പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാറും വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ അധ്യാപക സമൂഹവും പ്രകടിപ്പിച്ച അലംഭാവത്തിന്റെ പരിണത ഫലമാണ് ഇന്ന് പൊതുവിദ്യാലയങ്ങള്‍ നേരിടുന്ന പ്രതിസന്ധി.
സ്വന്തം മക്കളെ സര്‍വ സൗകര്യങ്ങളുമുള്ള അണ്‍എയ്ഡഡ് സ്‌കൂളുകളിലേക്ക് പറഞ്ഞയച്ച്, പാവപ്പെട്ടവന്‍ പഠിക്കുന്ന പൊതു വിദ്യാലയങ്ങളില്‍ പഠിപ്പിക്കാനെത്തുന്ന അധ്യാപകരും ഗുണമേന്മയുള്ള വിദ്യാഭ്യാസം പൗരന്റെ അവകാശമാണെന്ന അടിസ്ഥാന തത്വം മറന്ന ഭരണകൂടവും ഇതില്‍ ഒരു പോലെ പ്രതിക്കൂട്ടിലാണ്.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളുടെ സമീപത്തു പോലും സ്വകാര്യ വിദ്യാലയങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കുന്നതിന് കാണിച്ച വ്യഗ്രത പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഇല്ലാതെ വന്നതാണ് സ്ഥിതി സങ്കീര്‍ണമാക്കിയത്. പൊതു വിദ്യാലയങ്ങളില്‍ മൂത്രപ്പുരയുണ്ടാക്കാനും ഓല ഷെഡ്ഡില്‍ നിന്ന് മോചനം നേടാനും കോടതികള്‍ക്ക് പോലും ഇടപെടേണ്ടി വന്നിട്ടുണ്ട്.
വിദ്യാഭ്യാസം അവകാശം എന്നതിനപ്പുറം ലാഭകരമായ ഒരു വ്യവസായം എന്ന തലത്തിലേക്ക് മാറിയതോടെയാണ് പൊതുവിദ്യാലയങ്ങളുടെ തകര്‍ച്ചയുടെ ആരംഭം. തുടക്കത്തിലുണ്ടായ ചെറുത്തുനില്‍പ്പ് മാറ്റി നിര്‍ത്തിയാല്‍ വിദ്യാര്‍ഥികളും അധ്യാപകരും പൊതുസമൂഹവുമെല്ലാം ഇതിനോട് പാകപ്പെട്ടു. വിദ്യാഭ്യാസ കച്ചവടം എന്ന പ്രയോഗം ഒരു കാലത്ത് വിദ്യാര്‍ഥി സമരമുഖങ്ങളെ ത്രസിപ്പിച്ചിരുന്നെങ്കില്‍ ഇന്നങ്ങിനെയൊരു പദപ്രയോഗം പൊതു സമൂഹത്തിന് അരോചകമായി തീര്‍ന്നിരിക്കുന്നു.
വളര്‍ച്ചയുടെ പുതിയ പടവുകള്‍ കയറാന്‍ പൊതുവിദ്യാലയങ്ങള്‍ അപര്യാപ്തമാണെന്ന ധാരണ സൃഷ്ടിക്കുന്നതില്‍ ഭരണകൂടവും ചെറുതല്ലാത്ത പങ്ക് വഹിച്ചു. പൊതുവിദ്യാലയങ്ങളില്‍ നിന്ന് ഇത്രയൊക്കെയേ പഠിക്കാന്‍ കഴിയൂവെന്ന ധാരണയുണ്ടാക്കാന്‍ ഒരു വിഭാഗം അധ്യാപകരുടെ നിലപാടും കാരണമായിട്ടുണ്ട്. ഇതാണ് സ്വകാര്യ വിദ്യാലയങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കിയത്.
ഉയര്‍ന്ന അക്കാദമിക് നിലവാരവും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുമുള്ള പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് ഒരു കുറവുമില്ല. തിരുവനന്തപുരത്തെ ചില സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രവേശത്തിന് മന്ത്രി ഓഫീസില്‍ നിന്ന് പോലും ശിപാര്‍ശ ചെയ്യേണ്ട സാഹചര്യം ഇത് ഓര്‍മിപ്പിക്കുന്നു.
സിംഗിള്‍ മാനേജ്‌മെന്റ് എയ്ഡഡ് സ്‌കൂളുകള്‍ അനാദായകര പട്ടികയിലേക്ക് വരുന്നതിന്ന് പിന്നില്‍ മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട്. പൂര്‍വികര്‍ നാട്ടിന്‍പുറത്തെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് തുടങ്ങിയതാണ് ഇത്തരം വിദ്യാലയങ്ങളെങ്കിലും ഇപ്പോഴത്തെ മാനേജര്‍മാര്‍ക്ക് വലിയ ലാഭം നല്‍കാത്ത സ്ഥാപനങ്ങളായി ഇത് മാറിയിട്ടുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന ഭൂവിലയും റിയല്‍ എസ്റ്റേറ്റ് മാഫിയകളും ചേരുന്നതോടെ ഇത്തരം വിദ്യാലയങ്ങള്‍ അടച്ച് പൂട്ടാന്‍ സര്‍ക്കാറിന്റെ അനുമതി തേടുകയാണ് ഇത്തരം വിദ്യാലയ നടത്തിപ്പുകാര്‍. അടുത്തിടെ കോഴിക്കോട്ടെ മലാപ്പറമ്പില്‍ സംഭവിച്ചതും ഇതു തന്നെ.
കുട്ടികള്‍ എത്ര കുറഞ്ഞാലും വിദ്യാലയങ്ങളെ “ലാഭകരം” എന്ന പട്ടികയിലല്ല സര്‍ക്കാര്‍ പരിഗണിക്കേണ്ടത്. വ്യവസായശാലകളോ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളോ ഈ ഗണത്തില്‍പ്പെടുത്തുന്നത് മനസ്സിലാക്കാം. എന്നാല്‍, സര്‍ക്കാറിന്റെ അധീനതയിലുള്ള വിദ്യാലയങ്ങളോ ആതുരാലയങ്ങളോ ലാഭമുണ്ടാക്കാനുള്ള സ്ഥാപനങ്ങളല്ല. പൗരന്റെ അവകാശം പ്രദാനംചെയ്യാനുള്ള സ്ഥാപനങ്ങളാണിവ.
പ്രാഥമിക വിദ്യാഭ്യാസം അവകാശമാക്കിയിട്ടും സ്വാതന്ത്ര്യലബ്ധിയുടെ ഏഴ് ദശകങ്ങള്‍ പൂര്‍ണമാകാന്‍ പോകുന്ന ഇന്ത്യയില്‍ കോടിക്കണക്കിന് നിരക്ഷരര്‍ അവശേഷിക്കുന്നുവെന്ന വസ്തുത മനസ്സിലാക്കി വേണം ഇത്തരം പട്ടികകള്‍ തയ്യാറാക്കുന്നത്. ലക്ഷക്കണക്കായ ഈ നിരക്ഷരര്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള ബാധ്യതയില്‍ നിന്ന് സര്‍ക്കാര്‍ പതുക്കെപ്പതുക്കെ പിന്‍വാങ്ങുകയാണോയെന്നു സംശയമാണ് ലാഭകരമല്ലാത്ത സ്‌കൂളുകളുടെ പട്ടിക ഉയര്‍ത്തുന്നതില്‍ നിന്ന് ഉയരുന്നത്.
പൊതു വിദ്യാലയങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാക്കും വിധം സാര്‍വത്രികമായി വരുന്ന സ്വകാര്യ വിദ്യാലയങ്ങളെ നിയന്ത്രിക്കുക തന്നെ വേണം. വിദ്യാര്‍ഥി പ്രവേശത്തിലോ അധ്യാപക അധ്യാപകേതര നിയമനത്തിലോ നിയമാനുസൃതമായ സംവരണം അവിടെയും ഉറപ്പ് വരുത്തണം. അമിതമായ ഫീസ് ഈടാക്കുന്നത് തടയുകയും അധ്യാപകര്‍ക്ക് മികച്ച വേതനം ഉറപ്പ് വരുത്തുകയും വേണം.

Latest