Connect with us

Ongoing News

കേരളത്തിലെ പോസ്റ്റ് ഓഫീസുകള്‍ കോര്‍ ബേങ്കിംഗ് മേഖലയിലേക്ക്‌

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിലെ പോസ്റ്റ് ഓഫീസുകള്‍ കോര്‍ ബേങ്കിംഗ് സേവനമേഖലയിലേക്ക് പ്രവേശിക്കുന്നു. ഇനി മുതല്‍ ബേങ്കുകള്‍ വഴി ലഭ്യമായിരുന്ന സാമ്പത്തിക സേവനങ്ങള്‍ പോസ്റ്റ് ഓഫീസുകള്‍ വഴി ലഭ്യമാകും. 4909 കോടി രൂപ നിക്ഷേപമുള്ള ഈ പദ്ധതി വഴി തപാല്‍ വകുപ്പിന്റെ എല്ലാ ബേങ്കിംഗ് സേവനങ്ങളും ഇനി കോര്‍ ബേങ്കിംഗ് രീതിയിലേക്ക് മാറും.
ആദ്യ ഘട്ടത്തില്‍ നെയ്യാറ്റിന്‍കര ഹെഡ് പോസ്റ്റ് ഓഫീസില്‍ ഈ സേവനം നിലവില്‍ വന്നുകഴിഞ്ഞു. കൊട്ടാരക്കരയില്‍ ജൂണ്‍ ആദ്യത്തില്‍ ഈ സേവനം ലഭ്യമാകും. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി കേരളത്തിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ഈ സേവനം ലഭ്യമാകുമെന്ന് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ (കേരള) അറിയിച്ചു.
കോര്‍ ബേങ്കിംഗ് സൗകര്യത്തിനാവശ്യമായ നെറ്റ്‌വര്‍ക്കിംഗ് ജോലികള്‍ ഫിനാക്കിള്‍ കോര്‍ ബേങ്കിംഗ് സൊലൂഷന്‍സ് ഏറ്റെടുത്ത് നടത്തിവരികയാണ്. ഈ സൗകര്യം നിലവില്‍ വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടില്‍ പണം പിന്‍വലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാം. ഭാവിയില്‍ ഈ പോസ്റ്റ് ഓഫീസ് സി ബി എസ് ശൃംഖലയെ മറ്റു ബേങ്കുകളുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ രാജ്യത്തെ 162 ഹെഡ് പോസ്റ്റ് ഓഫീസുകളും 226 സബ് പോസ്റ്റ് ഓഫീസുകളും സി ബി എസിലേക്ക് മാറ്റിക്കഴിഞ്ഞു. 2.17 കോടി അക്കൗണ്ടുകളാണ് കോര്‍ ബേങ്കിംഗ് സേവനത്തിലേക്ക് മാറിയത്. മൊത്തം 47,332.68 കോടിയുടെ മൂല്യം വരുന്നതാണിത്. രാജ്യത്തെ പ്രധാന മെട്രോകളായ ബംഗളൂരു, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ പോസ്റ്റല്‍ എ ടി എമ്മുകള്‍ നിലവില്‍ വന്നുകഴിഞ്ഞു.
പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ രാജ്യത്താകെ 1000 എ ടി എമ്മുകളാണ് സ്ഥാപിക്കുക. ഇതില്‍ 56 എണ്ണം കേരളത്തിലാകും. ഉപഭോക്താക്കള്‍ക്ക് സി ടി എസ് ചെക്ക് ബുക്കും ഡെബിറ്റ് കാര്‍ഡുകളും ഇന്ത്യാ പോസ്റ്റ് നല്‍കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ തപാല്‍ വകുപ്പാണ് “ഇന്ത്യ പോസ്റ്റ്” എന്നറിയപ്പെടുന്ന ഇന്ത്യന്‍ തപാല്‍ വകുപ്പ്. ഇന്ത്യന്‍ പോസ്റ്റ് 2012 പ്രോജക്ട്, 25,000 ഡിപ്പാര്‍ട്ട്‌മെന്റല്‍ പോസ്റ്റ് ഓഫീസ് കേന്ദ്രങ്ങളും 1,30,000 ഗ്രാമീണ പോസ്റ്റ് ഓഫീസ് കേന്ദ്രങ്ങളും ഉള്‍ക്കൊള്ളുന്നതാണ്.

Latest