Connect with us

Palakkad

വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കാന്‍ വനംവകുപ്പ് പദ്ധതി തയാറാക്കുന്നു

Published

|

Last Updated

വടക്കഞ്ചേരി: നെല്ലിയാമ്പതി താഴ്‌വാരത്ത് താമസിക്കുന്നവരുടെ വളര്‍ത്തുമൃഗങ്ങള്‍ വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നത് തടയാന്‍ വനം വകുപ്പ് പദ്ധതി തയ്യാറാക്കുന്നു. പുലിയും മറ്റും ആടിനെയും മറ്റു വളര്‍ത്തു മൃഗങ്ങളെയും കൊന്നൊടുക്കുന്നത് തടയാന്‍ കര്‍ഷകര്‍ക്ക് ഇരുമ്പ് കൂടി നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിക്ക് അന്തിമ രൂപം നല്‍കിവരുന്നതായി നെല്ലിയാമ്പതി റെയ്ഞ്ച് ഓഫീസര്‍ ഇംതിയാസ് പറഞ്ഞു. മാസങ്ങളായി താഴ്‌വരയില്‍ പുലിയുടെയും ചെന്നായയുടെ ആക്രമണത്തില്‍ നിരവധി ആടുകളും വളര്‍ത്തുനായ്ക്കളും ചത്തിരുന്നു.
ആടും പശുവും വന്യമൃഗങ്ങളുടെ ആക്രമണത്തിനു ഇരയാകുമ്പോള്‍ നഷ്ടപരിഹാരമായി വലിയൊരു തുക വനംവകുപ്പിന് മുടക്കേണ്ടിവരുന്നതായി പറയുന്നു. ഇതിനു പരിഹാരമായാണ് കര്‍ഷകര്‍ക്ക് വളര്‍ത്തു മൃഗങ്ങളെ സംരക്ഷിക്കുന്നതിന് ഇരുമ്പ് കൂട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി തയ്യാറാക്കുന്നത്. ഇത്തരത്തില്‍ പദ്ധതി നടപ്പാക്കിയാല്‍ വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. ഇതിനായി വന്യമൃഗങ്ങളുടെ ആക്രമണമുണ്ടാകുന്ന ഭാഗങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്ന കര്‍ഷകരുടെ പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് വനംവകുപ്പ്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നതിന് എത്ര തുക വേണ്ടിവരുമെന്നും ആര്‍ക്കൊക്കെ നല്‍കണമെന്നും പിന്നീട് തീരുമാനിക്കും.