Connect with us

Malappuram

മനുഷ്യക്കടത്തെന്ന പേരില്‍ സംസ്ഥാനത്തെ അനാഥാലയങ്ങളെ തകര്‍ക്കാന്‍ ഗൂഢശ്രമം

Published

|

Last Updated

മലപ്പുറം: പഠനാവശ്യത്തിനായി അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതിനെതിരെ നിയമ നടപടികള്‍ സ്വീകരിച്ച് സംസ്ഥാനത്തെ അനാഥാലയങ്ങളെ തകര്‍ക്കാന്‍ ഗൂഢശ്രമം. മനുഷ്യക്കടത്തെന്ന് പേരിട്ടാണ് പോലീസ് നിയമ നടപടികള്‍ സ്വീകരിക്കുന്നത്. ബി ജെ പി ഇതിനെതിരെ കേന്ദ്രസര്‍ക്കാറിനെ സമീപിക്കുകയും നടപടിയുണ്ടാകുമെന്ന ഉറപ്പ് വാങ്ങുകയും ചെയ്തിട്ടുണ്ട്. മോദി സര്‍ക്കാര്‍ അധികാരമേറ്റതോടെ ബി ജെ പിയുടെ കേരള നേതൃത്വത്തിന്റെ ആവശ്യങ്ങള്‍ വേഗത്തില്‍ അംഗീകരിക്കപ്പെടുമെന്നതിനാല്‍ മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളെ തകര്‍ക്കാമെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാ സുരേന്ദ്രനാണ് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിയെ സമീപിച്ചിട്ടുള്ളത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലെ അനാഥാലയങ്ങളിലേക്ക് വിദ്യാര്‍ഥികളെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പാലക്കാട് നിന്ന് രണ്ട് തവണയായി അറുനൂറോളം വിദ്യാര്‍ഥികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് , മലപ്പുറം ജില്ലകളിലെ അനാഥാലയങ്ങളിലേക്ക് പഠനത്തിനെത്തിയ വിദ്യാര്‍ഥികളായിരുന്നു ഇവരെല്ലാം. മലപ്പുറം ജില്ലയിലെ വെട്ടത്തൂര്‍ അന്‍വാറുല്‍ഹുദാ കോംപ്ലക്‌സ് അനാഥ അഗതി മന്ദിരത്തിലേക്ക് എത്തിയ വിദ്യാര്‍ഥികളില്‍ 123 കുട്ടികളില്‍ 64 പേരുടെയും രേഖകള്‍ സമര്‍പ്പിക്കുകയും ഇത് പോലീസിനും ശിശുക്ഷേമ സമിതിക്കും ബോധ്യമാകുകയും ചെയ്തിരുന്നു. കൃത്യമായ രേഖകള്‍ സമര്‍പ്പിച്ചിട്ടും മുഴുവന്‍ വിദ്യാര്‍ഥികളെയും തൃശൂരിലെ ചൈല്‍ഡ് ലൈനിലേക്ക് മാറ്റുകയാണ് ചെയ്തത്. സ്‌കൂള്‍ വേനലവധിക്ക് നാട്ടില്‍ പോയതായിരുന്നു ഈ 64 വിദ്യാര്‍ഥികള്‍. ബാക്കിയുള്ളവര്‍ പുതുതായി സ്‌കൂളില്‍ പഠനത്തിനായി എത്തിയവരുമായിരുന്നു. തെറ്റിദ്ധാരണയുണ്ടാക്കി സംസ്ഥാനത്തെ അനാഥാലയങ്ങളെ തകര്‍ക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കേരളത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസവും ജീവിതവും ലഭിക്കുമെന്നതിനാലാണ് ദരിദ്ര കുടുംബങ്ങളിലെ കുട്ടികളെ ഇവിടേക്ക് എത്തിക്കുന്നത്. സ്‌കൂളുകളില്‍ ഡിവിഷന്‍ ഫാള്‍ ഇല്ലാതിരിക്കാനും അധ്യാപകരുടെ ജോലി സംരക്ഷിക്കാനും വിദ്യാര്‍ഥികളെ പണം കൊടുത്ത് എത്തിക്കുകയാണെന്നുമുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ ഇതുവരെയായി പണം നല്‍കിയാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് തെളിയിക്കാനായിട്ടില്ല. കുട്ടികളോടൊപ്പം ട്രെയിനില്‍ അവരുടെ സ്ഥാപനങ്ങളിലെ അധ്യാപകരുമുണ്ടായിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് അനാഥാലയങ്ങള്‍ക്കെതിരെ കേസെടുക്കാനാണ് ശ്രമം നടക്കുന്നത്.

ഇതുവരെയില്ലാത്ത പരിശോധനയും നിയമങ്ങളുമാണ് ജനങ്ങളില്‍ സംശയമുണ്ടാക്കുന്നത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കുട്ടികളെ അവരുടെ സംസ്ഥാനങ്ങളില്‍ തന്നെ പഠിപ്പിക്കണമെന്നാണെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്‌കൂളുകളുടെ എണ്ണം വളരെ കുറവാണ്. ഇതിനാല്‍ മുഴുവന്‍ കുട്ടികള്‍ക്കും ഇവിടെ പഠിക്കുക അസാധ്യമാണ്. ഈ സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ പഠനാവശ്യത്തിനായി പോകുന്നതില്‍ നിയമ തടസ്സവുമില്ല. അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് അതാത് വില്ലേജ് ഓഫീസിന്റെയോ ശിശുക്ഷേമ സമിതിയുടെയോ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ പോകാവുന്നതാണ്. എന്നാല്‍ പല സ്ഥാപന അധികൃതര്‍ക്കും കൃത്യമായ രേഖകള്‍ തയ്യാറാക്കുന്നതിലെ അറിവില്ലായ്മയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇപ്പോള്‍ കേരളത്തിലെത്തിയവരെല്ലാം മുസ്‌ലിം വിദ്യാര്‍ഥികളായതിനാല്‍ മതപരിവര്‍ത്തനത്തിനാണെന്ന ശോഭാ സുരേന്ദ്രന്റെ പരാതി ഗൂഢലക്ഷ്യത്തോടെയാണെന്നും വ്യക്തമാണ്.