Connect with us

Editorial

സ്ത്രീധനത്തിനെതിരെ

Published

|

Last Updated

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും 1961ലെ സ്ത്രീധന നിരോധ നിയമ പ്രകാരം നിരോധിച്ചിട്ടുണ്ടെങ്കിലും ഈ ദുരാചാരം സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. ഒട്ടേറെ സ്ത്രീകള്‍ ഇതേച്ചൊല്ലി കടുത്ത യാതനകളും പീഡനങ്ങളുമാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. വര്‍ഷം പ്രതി ആയിരക്കണക്കിന് സ്ത്രീകളാണ് സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് മരിക്കുന്നത്. 2007 മുതല്‍ സ്ത്രീധന മരണ നിരക്ക് രാജ്യത്ത് ഗണ്യമായി വര്‍ധിക്കുന്നതായും 2012ല്‍ മാത്രം ഇത്തരം 8,233 മരണങ്ങള്‍ നടന്നതായും നാഷനല്‍ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ദരിദ്രരും സാധാരണക്കാരും മാത്രമല്ല ധനികരും വിദ്യാസമ്പന്നരും സര്‍ക്കാര്‍ ജീവനക്കാരുമെല്ലാം സ്തീധനം പേശി വാങ്ങുന്നുണ്ട്. വരന്റെ സാമ്പത്തിക ശേഷിക്കും ജോലിക്കുമനുസൃതമായാണ് സ്ത്രീധനത്തുക നിശ്ചയിക്കപ്പെടുന്നത്. സുരക്ഷിതമായ ജോലി എന്ന നിലയില്‍ സര്‍ക്കാര്‍ ഉദ്യോഗത്തിന് സമൂഹം കൂടുതല്‍ പരിഗണന കല്‍പ്പിക്കുന്നതിനാല്‍ അവര്‍ക്ക് വിവാഹക്കമ്പോളത്തിലും നല്ല മാര്‍ക്കറ്റുണ്ട്. സമൂഹത്തിന്റെ ഈ മനഃസ്ഥിതി ചൂഷണം ചെയ്തു ഉയര്‍ന്ന സ്ത്രീധനം കൈപ്പറ്റുന്നവരാണ് സര്‍ക്കാര്‍ ജീവനക്കാരിലേറെയും.
സ്ത്രീധന സമ്പ്രദായത്തിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ സ്ഥാനമുറപ്പിക്കേണ്ട ഉദ്യോഗസ്ഥ വിഭാഗം തന്നെ നിയമത്തെ നോക്കുകുത്തിയാക്കി സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുമ്പോള്‍ സമൂഹത്തെ ഈ ദുരാചാരത്തിനതിരെ ബോധവത്കരിക്കുക ദുഷ്‌കരമാണ്. ഉദ്യോഗസ്ഥരും വിദ്യാസമ്പന്നരും സ്ത്രീധനത്തിനായി വാശിപിടിക്കുന്നതും കൂടുതല്‍ തുകക്കായി പേശുന്നതുമാണ് സ്ത്രീധന സമ്പ്രദായവും അതുമായി ബന്ധപ്പെട്ട പീഡനങ്ങളും വര്‍ധിക്കാന്‍ കാരണമെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണം. ഈ പശ്ചാത്തലത്തിലായിരിക്കണം ഉദ്യോഗസ്ഥ വിഭാഗത്തെ ഈ ദുരാചാരത്തില്‍ നിന്ന് മോചിപ്പിക്കാന്‍ മുഖ്യമന്ത്രി ചില നടപടികളുമായി രംഗത്തു വന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ വിവാഹിതരാകുമ്പോള്‍ സ്ത്രീധനം വാങ്ങരുതെന്നും അക്കാര്യം തെളിയിക്കുന്ന സത്യവാങ്മൂലം നല്‍കണമെന്നുമാണ് മുഖ്യമന്ത്രിയുെട നിര്‍ദേശം. വിവാഹ ശേഷം സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന് തെളിയിക്കുന്ന സത്യവാങ്മൂലം വകുപ്പ് മേധാവിക്ക് സമര്‍പ്പിക്കണം. ഇതില്‍ ഭാര്യയും ഭാര്യാപിതാവും സ്വന്തം പിതാവും ഒപ്പ് വെച്ചിരിക്കണമെന്നും ഇക്കാര്യം സ്ത്രീധന നിരോധ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ഔദ്യോഗിക ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി ഉണര്‍ത്തുന്നു.
മുഖ്യമന്ത്രിയുടെ നീക്കം സ്വാഗതാര്‍ഹമെങ്കിലും സമൂഹം സ്വയം ബോധവാന്മാരാകാത്ത കാലത്തോളം ഈ സമ്പ്രദായം അവസാനിപ്പിക്കുക പ്രയാസമാണ്. പരസ്യമായ ഇടപാടല്ല സ്ത്രീധനം. വരന്റെയും വധുവിന്റെയും ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സന്നിഹിതരാകുന്നത്. നാട്ടുകാരോ പൊതുസമൂഹമോ ഇതേക്കുറിച്ചറിയുന്നില്ല. സ്ത്രീധനത്തിനെതിരെ ക്യാമ്പയിനുകളും ഗിരിപ്രഭാഷണങ്ങളും നടത്തുന്ന “നവോത്ഥാന” പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കു പോലും ഉയര്‍ന്ന സ്ത്രീധനം വാങ്ങാന്‍ അവസരമൊരുക്കുന്നത് അതിന്റെ രഹസ്യ സ്വഭാവമാണ്. മകളുടെ ഭാവിജീവിതം ശോഭനമാകണമെന്ന ആഗ്രഹത്തോടെ വരന്റെ വീട്ടുകാര്‍ ആവശ്യപ്പെടുന്ന സ്ത്രീധനത്തുക നല്‍കാന്‍ തയാറാകുന്ന രക്ഷിതാവ് ഇതേച്ചൊല്ലി പിന്നീട് വരനെയും വീട്ടുകാരെയും പ്രതിക്കൂട്ടിലാക്കാന്‍ തയാറാകുകയില്ല. അതുകൊണ്ടുതന്നെ ഉയര്‍ന്ന തുക സത്രീധനം വാങ്ങിയ ഉദ്യോഗസ്ഥന് വധുവിന്റെയും പിതാവിന്റെയും ഒപ്പ് സഹിതമുള്ള “സത്യവാങ്മൂലം” സമര്‍പ്പക്കാന്‍ പ്രയാസകരമല്ല.
ശക്തമായ ബോധവത്കരണം തന്നെയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ഫലപ്രദം. നിരന്തരമുള്ള ഉദ്‌ബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ആശാവമായ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്ന് മുസ്‌ലിം സമുദായത്തില്‍ കണ്ടു തുടങ്ങിയ ചലനങ്ങള്‍ സാക്ഷിയാണ്. സുന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദര്‍സുകളിലും സ്ത്രീധനത്തിനെതിരായി നിരന്തരം നടക്കുന്ന ബോധവത്കരന്റെ ഫലമായി സ്ത്രീധനരഹിത വിവാഹത്തിന് സന്നദ്ധമാകുന്ന യുവ പണ്ഡിതന്മാരുടെ എണ്ണം വര്‍ധിച്ചുവരുന്നുവെന്നത് സമൂഹത്തിന് മാതൃകയാണ്. യുവ സമൂഹത്തോടൊപ്പം രക്ഷിതാക്കളിലേക്കും ബോധവത്കരണമെത്തേണ്ടതുണ്ട്. യുവാക്കളില്‍ പലരും സ്ത്രീധനം വാങ്ങുന്നത് മാതാപിതാക്കളുടെ നിര്‍ബന്ധം കൊണ്ടാണെന്നത് രഹസ്യമല്ല. അതാത് പ്രദേശത്തെ മഹല്ല് കമ്മിറ്റികള്‍ക്കും പ്രാസ്ഥാനിക, സന്നദ്ധ സംഘടനകള്‍ക്കും ഈ വിഷയത്തില്‍ ഏറെ പങ്ക് വഹിക്കാനാകും. പണ്ഡിതന്മാരുടെയും പ്രാദേശിക നേതൃത്വത്തിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും കൂട്ടായ്മക്ക് ഈ ദുരാചാരത്തെ വേരോടെ പിഴുതെറിയാന്‍ സാധിക്കും.