Connect with us

National

ഇശ്‌റത്ത് ജഹാന്‍ കേസ് ഐ പി എസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുത്തു

Published

|

Last Updated

അഹ്മദാബാദ്: ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണ വിധേയനായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐ പി എസ് ഉദ്യോഗസ്ഥനെ ഗുജറാത്ത് സര്‍ക്കാര്‍ തിരിച്ചെടുത്തു. ആരോപണവിധേയനായ ജി എല്‍ സിംഘാളിനെ തിരിച്ചെടുത്തുകൊണ്ട് ബുധനാഴ്ച ഉത്തരവിറക്കുകയായിരുന്നു.
മോദിയുടെ പിന്‍ഗാമിയായി ആനന്ദിബെന്‍ പട്ടേല്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ് ദിവസങ്ങള്‍ക്കകമാണ് ആഭ്യന്തര വകുപ്പിന്റെ ഈ നടപടി. ഗാന്ധിനഗറിലെ എസ് ആര്‍ പി കമാന്‍ഡന്റ് ആയാണ് സിംഘാളിനെ പുനര്‍നിയമിച്ചിരിക്കുന്നതെന്നും അദ്ദേഹം ഉടന്‍ ഓഫീസിലെത്തുമെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറി എസ് കെ നന്ദ അറിയിച്ചു.
ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റമുട്ടല്‍ കേസില്‍ ഒന്നര വര്‍ഷം മുമ്പ് അറസ്റ്റിലായതോടെയാണ് സിംഘാളിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി സി ബി ഐ കോടതി കഴിഞ്ഞ മെയില്‍ സിംഘാളിനും മറ്റ് മൂന്ന് ഉദ്യോഗസ്ഥര്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍, ജൂലൈയില്‍ അദ്ദേഹത്തിനും മറ്റുള്ളവര്‍ക്കുമെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു.
കേസ് അന്വേഷിക്കുന്ന ഘട്ടത്തില്‍ സിംഘാളിന്റെ വസതിയില്‍ നിന്ന് രഹസ്യ ശബ്ദരേഖയുള്ള പെന്‍ഡ്രൈവ് സി ബി ഐ സംഘം കണ്ടെത്തിയിരുന്നു. യുവതിയെ നിരീക്ഷിക്കുന്നത് സംബന്ധിച്ച് അമിത്ഷായോട് സംസാരിക്കുന്നതും പെന്‍ഡ്രൈവില്‍ ഉണ്ടായിരുന്നു.