ജൂലൈ ആദ്യ വാരം മന്ത്രിസഭ വികസിപ്പിച്ചേക്കും

Posted on: May 29, 2014 12:23 am | Last updated: May 30, 2014 at 12:51 am

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭ വികസിപ്പിക്കുമെന്ന് സൂചന. പാര്‍ലിമെന്റിന്റെ ആദ്യത്തെ ബജറ്റ് സമ്മേളനം വരാനിരിക്കെ, ജൂലൈ ആദ്യ വാരത്തില്‍ തന്നെ മന്ത്രിസഭ വികസിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.
പ്രതിരോധം, നിയമനീതി, പരിസ്ഥിതി വനം വകുപ്പ് തുടങ്ങിയ മേഖലകളില്‍ പുതിയ മന്ത്രിമാരെ കൊണ്ടുവരാനാണ് സാധ്യത. നിലവില്‍ ഈ വകുപ്പുകളുടെ ഉത്തരവാദിത്വം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ്, വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവേദ്കര്‍ എന്നിവര്‍ക്ക് അധികമായി നല്‍കിയിരിക്കുകയാണ്.
ഈയടുത്ത് തന്നെ മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയില്‍ വികസനം വരുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
താന്‍ ഇപ്പോള്‍ കൈവശംവെക്കുന്ന പ്രതിരോധ വകുപ്പ് താത്കാലികമാണെന്നും മന്ത്രിസഭാ വികസനമുണ്ടായാല്‍ ഈ വകുപ്പ് മറ്റൊരു വ്യക്തിക്ക് കൈമാറുമെന്നും മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
നിലവില്‍ കാബിനറ്റ് മന്ത്രിമാരുടെയും മറ്റും എണ്ണം കുറച്ച് ചെറിയ മന്ത്രിസഭയാണ് മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ നിലവിലുള്ളത്.