ജൂണ്‍ 15 മുതല്‍ ട്രോളിംഗ് നിരോധം

Posted on: May 29, 2014 6:04 am | Last updated: May 31, 2014 at 12:03 am

തിരുവനന്തപുരം: ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെ 47 ദിവസം സംസ്ഥാനത്ത് ട്രോളിംഗ് നിരോധം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ട്രോളിംഗ് നിരോധം മൂന്ന് മാസം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം സര്‍ക്കാറിന്റെ മുമ്പില്‍ വന്നെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തീരദേശ ജില്ലകളില്‍ 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കും. ട്രോളിംഗ് നിരോധ സമയത്ത് കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും കടല്‍ പട്രോളിംഗിനുമായി സ്വകാര്യ ബോട്ടുകള്‍ വാടകക്കെടുക്കുന്നതിന് അനുമതി നല്‍കും. കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിംഗിനും ആവശ്യമായ തുക അനുവദിച്ചിട്ടുണ്ട്. ട്രോളിംഗ് നിരോധ കാലയളവില്‍ തൊഴില്‍ നഷ്ടപ്പെടുന്ന ബോട്ട് ജീവനക്കാര്‍ക്കും അനുബന്ധ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും സൗജന്യ റേഷന്‍ നല്‍കുന്നതിന് 20 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
അന്യ സംസ്ഥാന ബോട്ടുകള്‍ ട്രോളിംഗ് നിരോധം തുടങ്ങുന്നതിനു മുമ്പേ കേരള തീരം വിട്ടുപോകുന്നതിന് നിര്‍ദേശം നല്‍കും.