കൊലപാതകം, ആത്മഹത്യ; പ്രധാന കാരണം മദ്യപാനമെന്ന് കണ്ടെത്തല്‍

Posted on: May 28, 2014 9:34 pm | Last updated: May 28, 2014 at 9:34 pm

New Image

ദുബൈ: കേരളത്തില്‍ കൊലപാതകം, ആത്മഹത്യ എന്നിവ ഉള്‍പ്പടെ അനിഷ്ടകരമായ സംഭവങ്ങളില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ 1,26,444 പേര്‍ ജീവന്‍ വെടിഞ്ഞിട്ടുണ്ടെന്ന് കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിഡ് ചിറമേല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജീവന്‍ വിലപ്പെട്ടതാണെന്നും അത് നഷ്ടപ്പെടുത്തരുതെന്നും ഉള്ള സന്ദേശം ഉയര്‍ത്തിപ്പിടിച്ച് മാനിഷാദ എന്ന പേരില്‍ സെപ്തംബറില്‍ കേരളത്തില്‍ മാനവ ചേതനയാത്ര സംഘടിപ്പിക്കും. ജനങ്ങളില്‍ ബോധവത്കരണം നടത്തും. മദ്യപാനമാണ് കൊലപാതകത്തിനും ആത്മഹത്യക്കും റോഡപകട മരണങ്ങള്‍ക്കും പ്രധാനകാരണം.
യു എ ഇയിലെ യുവദീപ്തി കെ സി വൈ എം, വൈ എം സി എ., വൈസ്‌മെന്‍സ്, ഓര്‍ത്തഡോക്‌സ് യുവജന പ്രസ്ഥാനം, മാര്‍ത്തോമ യുവജന സഖ്യം, ഷാര്‍ജ സീറോ മലബാര്‍ കൊയ്‌നോണിയ തുടങ്ങിയ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ മാനവചേതനയാത്രക്ക് മുന്നോടിയായി ‘മാ നിഷാദ’യുടെ ഉദ്ഘാടനം മെയ് 30ന് ഷാര്‍ജ ഇന്ത്യന്‍ എസ്‌കിബിഷന്‍ ആന്‍ഡ് ട്രേഡ് സെന്ററില്‍ വെള്ളി വൈകീട്ട് ആറിന് നടത്തും. മുന്‍മന്ത്രി മോന്‍സ് ജോസഫ് എം എല്‍ എ ഉദ്ഘാടനം നിര്‍വഹിക്കും. സംഘാടന സമിതി ചെയര്‍മാന്‍ സാജര്‍ വേളൂര്‍ അധ്യക്ഷത വഹിക്കും. എക്യിമിനിക്കല്‍ യുവജന വേദിയുടെയും യുവദീപ്തി കെ സി വൈ എമ്മിന്റെയും ജിവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടക്കും. ഫാദര്‍ ഡേവിഡ് ചിറമേല്‍ സമ്മേളനത്തില്‍ ജീവന്റെ മൂല്യത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തും. വിവിധ ക്രിസ്തീയ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന കലാവിരുന്ന് പരിപാടിക്ക് മാറ്റുകൂട്ടും. സമ്മേളനത്തില്‍ കേരളത്തിലെയും യു എ യിലെയും സാമൂഹിക സംസ്‌കാരിക, ആധ്യാത്മിക നേതാക്കളും പങ്കെടുക്കുമെന്നും ഫാ. ഡേവിഡ് ചിറമേല്‍ പറഞ്ഞു.
സാജന്‍ വേളൂര്‍, ജിനോ ജോസഫ്, ജോസഫ് ചാക്കോ, ജിബു കുര്യന്‍, മോനി ചെറിയാന്‍, സ്മിതേഷ് തോമസ്, ജോര്‍ജ് കൊലഞ്ചേരി, ജോര്‍ജ് കെ ജോണ്‍, ആന്റോ എബ്രഹാം, മാത്യു സെബാസ്റ്റ്യന്‍, ഡൈന്‍ ജോര്‍ജ്, വര്‍ഗീസ് പാപ്പച്ചന്‍, അഭിജിത്ത് പാറയില്‍, ബിനോജ് കൊച്ചുമ്മല്‍, ബെന്നി ഡൊമിനിക്, ജോമോന്‍ മാത്യു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.