Connect with us

International

നൈജീരിയയില്‍ പെണ്‍കുട്ടികളെ പാര്‍പ്പിച്ച കേന്ദ്രം കണ്ടെത്തി

Published

|

Last Updated

dpz-27myab-10അബുജ: നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ 300 സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പാര്‍പ്പിച്ച കേന്ദ്രം കണ്ടെത്തിയതായി പ്രതിരോധ വകുപ്പ് മേധാവി. സൈനിക നടപടി ആരംഭിച്ചാല്‍ കുട്ടികളുടെ ജീവന്‍ അപകടത്തിലാകുമെന്ന ഭയമാണ് പെട്ടെന്നുള്ള നീക്കത്തിന് തടസ്സമായത്. വിമര്‍ശം നടത്തുന്ന പ്രതിഷേധക്കാര്‍ക്ക് മുന്നിലാണ് എയര്‍ മാര്‍ഷല്‍ അലക്‌സ് ബാധെ കുട്ടികള്‍ എവിടെയെന്ന് കണ്ടെത്തിയതായി അവകാശപ്പെട്ടത്.
രക്ഷിക്കാനെന്ന പേരില്‍ കടന്നുചെന്ന് കുട്ടികളെ കൊലപ്പെടുത്താന്‍ സൈന്യം ആഗ്രഹിക്കുന്നില്ലെന്ന് ബാധെ കൂട്ടിച്ചേര്‍ത്തു. ആയിരക്കണക്കിന് ജനങ്ങളാണ് സൈനിക കാര്യാലയങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധിച്ചത്. എന്നാല്‍ കുട്ടികള്‍ എവിടെയാണെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ബോക്കോ ഹറാം തീവ്രവാദികളാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയത്. സൈന്യത്തിന് അവരെ രക്ഷിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രതിഷേധക്കാര്‍ക്ക് ഉറപ്പ് നല്‍കി. സൈന്യവുമായി അടുത്ത് ഇടപഴകുന്ന സന്നദ്ധപ്രവര്‍ത്തകരും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ബോക്കോ ഹറാം തീവ്രവാദികളുമായി നടന്ന ചര്‍ച്ചയില്‍ കുട്ടികളെ മോചിപ്പിക്കാന്‍ ധാരണയായെങ്കിലും അവസാന സമയം പ്രസിഡന്റ് ഗുഡ്‌ലക്ക് ജോനാതന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. കുട്ടികളെ തിങ്കളാഴ്ച മോചിപ്പിക്കുമെന്ന്, സര്‍ക്കാറിനും തീവ്രവാദികള്‍ക്കും ഇടയില്‍ സംഭാഷണത്തിന് മധ്യസ്ഥത വഹിച്ച സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
ആറാഴ്ച മുമ്പ് വടക്കുകിഴക്കന്‍ പ്രദേശത്തെ സ്‌കൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ മോചിപ്പിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാറും സൈന്യവും കടുത്ത വിമര്‍ശം നേരിടുന്നുണ്ട്. അമേരിക്കന്‍ വിമാനങ്ങള്‍ കുട്ടികളെ കണ്ടെത്തുന്നതിനായി തിരച്ചില്‍ നടത്തിയിരുന്നു. ബ്രിട്ടന്‍, ഫ്രാന്‍സ്, ഇസ്‌റാഈല്‍ തുടങ്ങിയ രാജ്യങ്ങള്‍ സഹായത്തിന് സൈനികരടക്കമുള്ള സംഘങ്ങളെ അയച്ചിട്ടുണ്ട്.

Latest