പത്മനാഭസ്വാമി ക്ഷേത്രസ്വത്ത് മൂല്യനിര്‍ണയ നടപടി തുടങ്ങി

Posted on: May 27, 2014 1:31 am | Last updated: May 27, 2014 at 1:31 am

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളുടെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് മുന്‍ സി എ ജി. വിനോദ് റായി ഇന്നലെ തിരുവനന്തപുരത്തെത്തി. ക്ഷേത്രവുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിനോദ് റായിയെ സുപ്രീം കോടതി മൂല്യനിര്‍ണയത്തിനും ഓഡിറ്റിംഗിനുമായി നിയോഗിച്ചത്.
ഇന്നലെ തിരുവനന്തപുരത്തെത്തിയ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മൂല്യനിര്‍ണയത്തിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ക്ഷേത്ര ഭരണ സമിതി അംഗങ്ങളുമായി അദ്ദേഹം പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. അടുത്തഘട്ടത്തില്‍ ക്ഷേത്ര സ്വത്തുക്കളും വരവ് ചെലവ് കണക്കുകളും ഓഡിറ്റ് ചെയ്യുന്നതിന് പദ്ധതി തയാറാക്കും. ഇതിനായി രണ്ട് ദിവസം വിനോദ് റായി തലസ്ഥാനത്തുണ്ടാകും.
ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ എന്‍ സതീശ്, ഭരണസമിതി അധ്യക്ഷ ജില്ലാ അഡീഷനല്‍ ജഡ്ജി കെ ആര്‍ ഇന്ദിര എന്നിവരോടൊപ്പം ഇന്നലെ രാവിലെ അദ്ദേഹം ക്ഷേത്രം സന്ദര്‍ശിച്ചു. വിശദമായ ചര്‍ച്ചകള്‍ക്കുശേഷമേ മൂല്യനിര്‍ണയത്തെക്കുറിച്ച് വ്യക്തത വരികയുള്ളൂവെന്നും എത്ര വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കേണ്ടിവരുമെന്ന് മുന്‍കൂട്ടി പറയാനാകില്ലെന്നും വിനോദ് റായ് പറഞ്ഞു.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തിന്റെ വിശദമായ മൂല്യനിര്‍ണയത്തിനാണ് സുപ്രീം കോടതി മുന്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലായിരുന്ന വിനോദ് റായിയെ ചുമതലപ്പെടുത്തിയത്. നിധിശേഖരത്തിന്റെ ചരിത്രമൂല്യവും പുരാവസ്തു പ്രാധാന്യവും കണക്കാക്കുകയാണ് പ്രധാന ലക്ഷ്യം. ഒപ്പം ക്ഷേത്രത്തിലെ കഴിഞ്ഞ 25 വര്‍ഷത്തെ വരവുചെലവ് കണക്കുകളും ക്ഷേത്രവുമായി ബന്ധപ്പെട്ട ട്രസ്റ്റുകളുടെ വിശദാംശങ്ങളും ആസ്തിയും പരിശോധിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ വസ്തുവകകളിലും വരുമാനത്തിലുമടക്കം ചോര്‍ച്ചയുണ്ടായെന്നും ഇത് മുന്‍ സി എ ജി. വിനോദ് റായിയെ കൊണ്ട് പരിശോധിപ്പിക്കണമെന്നുമായിരുന്നു അമിക്കസ് ക്യൂറി ആവശ്യപ്പെട്ടിരുന്നത്. ഇത് അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി വിനോദ് റായിയെ ഈ ചുമതല ഏല്‍പ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വിനോദ് റായ് തിരുവനന്തപുരത്ത് എത്തിയത്. സി എ ജി. ആയിരുന്നപ്പോള്‍ ടു ജി അഴിമതി, കല്‍ക്കരി കുംഭകോണം തുടങ്ങിയ ദേശീയശ്രദ്ധ നേടിയ അഴിമതികള്‍ പുറത്തുകൊണ്ടുവന്നയാളാണ് വിനോദ് റായ്.