ഡി മാരിയ വരുന്നു, അര്‍ജന്റീനയെ സൂക്ഷിച്ചോളൂ

Posted on: May 27, 2014 1:10 am | Last updated: May 27, 2014 at 1:10 am
article-0-1E302FA200000578-388_634x477
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഫെര്‍ഗൂസനില്‍ നിന്ന് ഡി മാരിയ സ്വീകരിക്കുന്നു

അര്‍ജന്റീനയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ലയണല്‍ മെസിയിലേക്ക് ഒതുക്കേണ്ടതില്ല. മെസിക്കൊപ്പം നില്‍ക്കുന്ന നിരവധി പ്രതിഭകളുമായാണ് അലസാന്‍ഡ്രൊ സബെല എന്ന പരിശീലകന്റെ വരവ്. ക്ലബ്ബ് സീസണില്‍ ഇത്തവണ മെസിക്കും മുകളില്‍ നില്‍ക്കുന്ന താരമാണ് റയല്‍മാഡ്രിഡിന്റെ വിംഗര്‍ ഏഞ്ചല്‍ ഡി മാരിയ. ഗരെത് ബെയില്‍ എന്ന വെയില്‍സിന്റെ അത്ഭുതതാരം റയലിലേക്ക് റെക്കോര്‍ഡ് തുകക്ക് ചേക്കേറിയപ്പോള്‍ ക്ലബ്ബില്‍ ഡി മാരിയ ഭീഷണി മുഖത്തായിരുന്നു. പലപ്പോഴും രണ്ടാം നിരയിലേക്ക് തരംതാഴ്ത്തപ്പെട്ടു. സീസണ്‍ അവസാനിക്കുമ്പോഴെന്താണ് സ്ഥിതി? ഏഞ്ചല്‍ ഡി മാരിയ റയലിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമായി ഉദിച്ചു നില്‍ക്കുന്നു. സാങ്കേതികമായി പറഞ്ഞാല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച്. ഡിയഗോ സിമിയോണി എന്ന അര്‍ജന്റൈന്‍ കോച്ച് പ്രതിരോധ മന്ത്രങ്ങള്‍ പിഴക്കാതെ ഒരുക്കിയെടുത്ത അത്‌ലറ്റിക്കോ മാഡ്രിഡിനെ റയല്‍ വീഴ്ത്തിയത് ഡി മാരിയ എന്ന മറ്റൊരു അര്‍ജന്റൈന്റെ കരുത്തില്‍ !
സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫൈനലില്‍ അത്‌ലറ്റിക്കോയുടെ പ്രതിരോധപ്പൂട്ടില്‍ കാഴ്ചക്കാരനായി മാറിയപ്പോള്‍ ഡി മാരിയ വിലസി. കളം നിറഞ്ഞു കളിച്ച ഡി മാരിയ ഇടത് വിംഗിലൂടെ തുളച്ചു കയറിക്കൊണ്ടിരുന്നു. എക്‌സ്ട്രാ ടൈമില്‍ ഗരെത്‌ബെയില്‍ ഹെഡറിലൂടെ റയലിനെ 2-1ന് മുന്നിലെത്തിച്ചിടത്ത് അത്‌ലറ്റിക്കോയുടെ കിരീട സ്വപ്‌നം തകര്‍ന്നു. ആ ഗോള്‍ വന്ന വഴി അന്വേഷിക്കണം. ഇടത് വിംഗിലൂടെ കൊള്ളിയാന്‍ പോലെ ഡി മാരിയ വന്ന വരവ് വര്‍ണിക്കുക അസാധ്യം. മെസിയെ കുറിച്ച് എഴുതിച്ചേര്‍ക്കാറുള്ളതു പോലെ പന്ത് കാലില്‍ ഒട്ടിച്ചു വെച്ചായിരുന്നു ഡി മാരിയ ഡിഫന്‍ഡര്‍മാരെ ഒറ്റക്കുതിപ്പില്‍ കീഴടക്കിയത്. ഓട്ടത്തിനിടെ തൊടുത്ത ഷോട്ട് ഗോളിയുടെ ദേഹത്ത് തട്ടിത്തെറിച്ചത് ബെയ്‌ലിന് മുന്നിലേക്ക്. അനായാസ ഹെഡ്ഡറിലൂടെ പന്ത് വലയില്‍. മെസി മാത്രമാണ് അര്‍ജന്റീന എന്ന് എഴുതിപ്പിടിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയായിരുന്നു ഡി മാരിയ നല്‍കിയത്.
തന്റെ സുഹൃത്തിന്റെ മികവ് കണ്ട് മെസിയും ആവേശഭരിതനായിട്ടുണ്ടാകും. ടീമിലുള്ളവരുമായി ഈഗോയില്ലാത്ത മെസിക്ക് ബ്രസീലില്‍ അര്‍ജന്റീനയെ മുന്നില്‍ നിന്ന് നയിക്കാന്‍ ഡി മാരിയയെ പോലുള്ള പ്രതിഭാസമ്പന്നര്‍ ഒപ്പമുണ്ട്. യോഗ്യതാ റൗണ്ടില്‍ ലാറ്റിനമേരിക്ക കീഴടക്കിയ അര്‍ജന്റീന ഡി മാരിയയുടെ പ്രകടനത്തോടെ സൂക്ഷിക്കേണ്ടവരുടെ നിരയിലേക്ക് മാറിയിരിക്കുന്നു. ബ്രസീലിനും ജര്‍മനിക്കും മാത്രം ചീട്ടെറിയുന്നവര്‍ അര്‍ജന്റീനയെയും ഒപ്പം കൂട്ടിയിരിക്കുന്നു. കാരണം, ഡി മാരിയ ലിസ്ബണിലെ ആ രാത്രിയില്‍ പുറത്തെടുത്ത മികവ് തന്നെ.
ബ്രസീലിലേക്ക് പോകുന്നതിന് മുമ്പായിട്ട് മികച്ച ഫോമിലേക്കുയരാന്‍ സാധിച്ചതിന്റെ ആവേശത്തിലാണ് താരം. ചെറുപ്പം തൊട്ടേ മനസ്സിലുള്ള ആഗ്രഹമായിരുന്നു ചാമ്പ്യന്‍സ് ലീഗ്. റയലിനൊപ്പം അത് സാധിച്ചു. അര്‍ജന്റീനക്കൊപ്പം ലോകകിരീടമാണ് മറ്റൊരു ആഗ്രഹം. ബ്രസീലില്‍ ഞങ്ങള്‍ പൊരുതും- ഡി മാരിയ ആവേശത്തിലാണ്.
2007 ല്‍ അര്‍ജന്റീനയുടെ അണ്ടര്‍ 20 ടീമിലിടം നേടിയ ഡി മാരിയ ആ വര്‍ഷം പരാഗ്വെയില്‍ നടന്ന ലാറ്റിനമേരിക്കന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പിലും കാനഡയില്‍ നടന്ന ഫിഫ അണ്ടര്‍ 20 ലോകകപ്പിലും കളിച്ചു. ഡി മാരിയ മൂന്ന് ഗോളുകള്‍ നേടിയ ലോകകപ്പില്‍ അര്‍ജന്റീന ചാമ്പ്യന്‍മാരായി. 2008 ബീജിംഗ് ഒളിമ്പിക് ഫുട്‌ബോളിനുള്ള അര്‍ജന്റീന ടീമിലേക്ക് ഡി മാരിയ ഉള്‍പ്പെടെ ഏതാനും യൂത്ത് ലോകചാമ്പ്യന്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ടും.
ഹോളണ്ടിനെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മെസിയുടെ പാസില്‍ എക്‌സ്ട്രാ ടൈമില്‍ വിജയഗോള്‍ നേടി ഡി മാരിയ വീണ്ടും ശ്രദ്ധാകേന്ദ്രമായി. ഫൈനലില്‍ നൈജീരിയക്കെതിരെ അര്‍ജന്റീന 1-0ന് ജയിച്ച് തുടരെ രണ്ടാം ഒളിമ്പിക് സ്വര്‍ണം ഉറപ്പിച്ചു. ഗോളടിച്ചത് മറ്റാരുമല്ല, ഡി മാരിയ. ഡീഗോ മറഡോണയുടെ 2010 ലോകകപ്പ് ടീമിലേക്ക് ഡി മാരിയക്കും ക്ഷണം ലഭിച്ചു. ആ വര്‍ഷം ആഗസ്റ്റ് 11ന് അയര്‍ലന്‍ഡിനെതിരെ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനക്ക് 1-0ന് ജയമൊരുക്കിക്കൊണ്ടായിരുന്നു ഡി മാരിയ ആദ്യ രാജ്യാന്തര ഗോള്‍ ആഘോഷിച്ചത്.
2005 ല്‍ റൊസാരിയോ സെന്‍ട്രലിന് കളിച്ചുകൊണ്ടാണ് പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. 2007 യൂത്ത് ലോകകപ്പ് ജയത്തോടെ പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്കയിലെത്തി. വിംഗിലെ അത്ഭുത താരത്തെ 2010 ല്‍ റയല്‍മാഡ്രിഡ് റാഞ്ചി, അഞ്ച് വര്‍ഷ കരാര്‍ നല്‍കിക്കൊണ്ട്. ഇപ്പോള്‍ റയലില്‍ ലൂക മോഡ്രിചിനും സാബി അലോണ്‍സോക്കുമൊപ്പം സെന്‍ട്രല്‍ മിഡ്ഫീല്‍ഡ് അറ്റാക്കറായും കോച്ചിന്റെ നിര്‍ദേശമനുസരിച്ച് വിംഗറായും പ്രതിഭാവിളയാട്ടം നടത്തുകയാണ് ഡി മാരിയ. ആ കഠിനാധ്വാനത്തിനുള്ള വലിയ അംഗീകാരമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇതിഹാസ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസനില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വീകരിച്ചത്.