മോദി ഭരണത്തില്‍ കോണ്‍ഗ്രസിനും പൊതുസമൂഹത്തിനും ചെയ്യാനുള്ളത്‌

Posted on: May 27, 2014 6:00 am | Last updated: May 27, 2014 at 12:49 am

NARENDRA MODIഒടുവില്‍ അത് സംഭവിച്ചിരിക്കുന്നു. ഇന്ത്യയെന്ന പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് നരേന്ദ്ര മോദി ഉയര്‍ത്തപ്പെട്ടിരിക്കുന്നു. പലരും അസാധ്യമെന്ന് പറഞ്ഞ് പരിഹസിച്ച ഒരു സ്വപ്‌നം മനസ്സിലിട്ടുകൊണ്ട്, തനിക്ക് സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് അത് സാധിച്ചെടുക്കുന്നതില്‍ മോദി വിജയിച്ചിരിക്കുന്നു. ആ പദവിയിലെത്തുന്നതിന് അദ്ദേഹം സ്വീകരിച്ച വഴികള്‍ ധാര്‍മികമായിരുന്നോ അധാര്‍മികമായിരുന്നോ എന്നത് മറ്റൊരു വിഷയമാണ്. എന്ത് തന്നെയായാലും മോദി വിജയിച്ചിരിക്കുന്നു. ആ വിജയം അത്ര നിസ്സാരമായി കാണേണ്ട ഒന്നല്ല. എന്നാല്‍ എന്‍ ഡി എയുടെ വിജയത്തില്‍ മോദിയെയും ബി ജെ പിയെയും അഭിനന്ദിക്കുന്നതിനേക്കാള്‍ കോണ്‍ഗ്രസെന്ന ദേശീയ രാഷ്ട്രീയ പാര്‍ട്ടിയെ അഭിനന്ദിക്കുന്നതാകും കൂടുതല്‍ ശരി. മോദിയെ പ്രധാനമന്ത്രിയാക്കിയതിന്റെ പൂര്‍ണ ക്രഡിറ്റ് കോണ്‍ഗ്രസിന് മാത്രം അവകാശപ്പെടാനുള്ളതാണ്. മോദിയുടെ സ്വന്തം പാര്‍ട്ടിയായ ബി ജെ പിയുടെ സ്ഥാപക നേതാവ് എല്‍ കെ അഡ്വാനിയോട് ചോദിച്ചാല്‍ ഒരു പക്ഷേ അദ്ദേഹം പോലും സമ്മതിക്കുന്ന ഒരു യാഥാര്‍ഥ്യമായിരിക്കും അത്.
കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ രണ്ടാം യു പി എ ഭരണത്തിന്റെ കെടുകാര്യസ്ഥതയും അഴിമതിയും വിലവര്‍ധനവും ആണ് ജനങ്ങളെ ഇത്ര മാത്രം മോദിയിലേക്ക് മാറ്റി ചിന്തിപ്പിച്ചതെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ഇന്ത്യയിലെ ജനങ്ങള്‍ ഒരു സര്‍ക്കാറിനെയും അതിന് നേതൃത്വം കൊടുത്ത പാര്‍ട്ടിയെയും എത്രമേല്‍ വെറുത്തിരിക്കുന്നുവെന്നതിന് തെളിവ് കൂടിയാണ് മത്സര രംഗത്ത് നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായ മോദിയായിരിക്കെ തന്നെ ഭരണ കക്ഷിക്ക് ഇത്രമേല്‍ കനത്ത പരാജയം നേരിടേണ്ടി വന്നിരിക്കുന്നത്. മോദിക്ക് പകരം അപ്പുറത്ത് കൂടുതല്‍ ജനകീയനും എല്ലാവര്‍ക്കും സ്വീകാര്യനുമായ മറ്റൊരാളായിരുന്നു എന്‍ ഡി എയെ നയിച്ചിരുന്നതെങ്കില്‍ കോണ്‍ഗ്രസ് എന്ന ദേശീയ പാര്‍ട്ടിയുടെ ദേശീയ പദവി പോലും ചരിത്രമാക്കി മാറ്റാന്‍ ജനങ്ങള്‍ സമ്മതിദാനാവകാശം ഒരു പക്ഷേ ഉപയോഗിക്കുമായിരുന്നു. ഒരു രാജ്യം ഭരിക്കുമ്പോള്‍ വികസനവും മുന്നേറ്റവും ഗ്രാമങ്ങളില്‍ നിന്നും സാധാരണക്കാരില്‍നിന്നും തുടങ്ങണമെന്ന ഗാന്ധി സന്ദേശം കൈവെടിഞ്ഞ് കോര്‍പറേറ്റുകള്‍ക്കു വേണ്ടി നിയമങ്ങള്‍ കൈയഴിച്ചു കൊടുത്തതാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗാന്ധിയന്‍ ഭരണത്തിലൂടെ കഴിഞ്ഞ പത്ത് വര്‍ഷക്കാലം ഈ രാജ്യം കണ്ടത്. ആരെയും വകവെക്കാതെയുള്ള മന്‍മോഹന്‍ ഭരണത്തിനൊരറുതിവരുത്താന്‍ വേറെ പോംവഴികളില്ലാതെ ഗതികേട് കൊണ്ടായിരുന്നു മോദിയെ അധികാരത്തിലേക്കെത്തിക്കുന്നതിന് ഇന്ത്യയിലെ ജനങ്ങള്‍ മുതിര്‍ന്നത്.~ആ പ്രതിഷേധം കോണ്‍ഗ്രസെന്ന ദേശീയ പാര്‍ട്ടിയെ അന്തസ്സായി പ്രതിപക്ഷത്തിരിക്കാന്‍ പോലും യോഗ്യതയില്ലാത്ത പാര്‍ട്ടിയാക്കി ചരിത്രത്തിന്റെ പിന്‍താളുകളിലേക്ക് മാറ്റിയിരുത്തിയിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ജനാധിപത്യ വ്യവസ്ഥിതി നിലനില്‍ക്കുന്ന ഇന്ത്യയിലെ ജനങ്ങള്‍ നല്‍കിയ ഈ സൂചന കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇരുത്തി ചിന്തിപ്പിച്ചില്ലെങ്കില്‍ ഇനിയൊരിക്കലും അധികാരത്തിലേക്ക് തിരിച്ചുവരാനാകത്തവിധം കാര്യങ്ങള്‍ മോദിയിലൂടെ മുന്നോട്ട് പോയേക്കാം. ഒരു സര്‍ക്കാറിന്റെ ഭരണം രാജ്യത്ത് ജീവിച്ചിരിക്കുന്ന ജനങ്ങള്‍ക്കും മണ്‍മറഞ്ഞു പോയ ഭരണാധികാരികള്‍ക്കും ഒരേപോലെ മാനക്കേട് ഉണ്ടാക്കിയിരിക്കുന്നതും മന്‍മോഹന്‍- സോണിയ കൂട്ടുകെട്ടിലുള്ള യു പി എ ഭരണത്തിന് മാത്രം അവകാശപ്പെടാനുള്ള ഒന്നാണ്. വ്യക്തമായ ഒരു മുദ്രാവാക്യം പോലും ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ട പാര്‍ട്ടി ഇന്ത്യയിലെ ജനങ്ങള്‍ തങ്ങളെ വീണ്ടും അധികാരത്തിലിരുത്തി സന്തോഷിപ്പിക്കുമെന്ന വൃഥാ സ്വപ്‌നത്തിലായിരുന്നു. കോണ്‍ഗ്രസും അതിന്റെ നേതാക്കളും സ്വപ്‌നം കണ്ട് മനോഹര സൗധങ്ങളിലുറങ്ങിയപ്പോള്‍ മോദിയെന്ന തന്ത്രശാലി പ്രധാനമന്ത്രി പദമെന്ന സ്വപ്‌നം മനസ്സിലിട്ട് യാഥാര്‍ഥ്യമാക്കാന്‍ ബുദ്ധിയുപയോഗിച്ച് പണിയെടുക്കുകയായിരുന്നു.
രണ്ടാം യു പി എ സര്‍ക്കാറിന്റെ ഭരണപരമായ തീരുമാനങ്ങളിലുള്ള പാളിച്ചകള്‍ക്ക് മാത്രമല്ല, കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സംഘടനാപരവും നയപരവുമായ പാളിച്ചകള്‍ക്ക് കൂടിയുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലം. പ്രണാബ് കുമാര്‍ മുഖര്‍ജിയെന്ന കര്‍ക്കശക്കാരനും ഭരണ നൈപുണ്യമുള്ളയാളുമായ ഒരു കോണ്‍ഗ്രസ് നേതാവിനെ ഇന്ത്യയുടെ പ്രസിഡന്റ് പദവിയിലേക്ക് ഉയര്‍ത്തിയിരുത്തി സോണിയാ ഗാന്ധിയെന്ന അമ്മ രാഹുലെന്ന മകന് പ്രധാമന്ത്രി പദവിക്ക് സുഗമമായ വഴിയൊരുക്കിയപ്പോള്‍ അന്ന് അവര്‍ മറന്നുപോയ ഒരു കാര്യമുണ്ട.് ഇന്ത്യയിലെ ജനങ്ങള്‍ ഇതൊക്കെ കാണുന്നുണ്ടെന്നും അവരാണ് രാഹുലിനെ പ്രധാനമന്ത്രിയാക്കണമോ വേണ്ടയൊ എന്നത് തീരുമാനിക്കുന്നതെന്നുമുള്ള യാഥാര്‍ഥ്യം. അതുകൊണ്ടു തന്നെ രാജ്യത്ത് രാജവംശത്തിന്റെ തുടര്‍ച്ചയെന്ന പോലെ ഭരണം നടത്താമെന്നും അതിന് എന്നും ഗാന്ധികുടുംബത്തിന്റെ അട്ടിപ്പേറവകാശം ഉപയോഗിക്കാമെന്നുമുള്ള ചിന്തകള്‍ക്ക് ആധുനിക ഇന്ത്യയില്‍ പ്രസക്തിയില്ലെന്നതിന് ജനങ്ങളെന്ന ജനാധിപത്യത്തിലെ രാജാക്കന്‍മാര്‍ തെളിയിച്ചു കൊടുത്തു. തട്ടുകടയില്‍ കയറി ചായ കുടിച്ചതു കൊണ്ടോ, ദളിത് കുടുംബങ്ങളില്‍ രാപാര്‍ത്ത് മാധ്യമങ്ങളെ വിളിച്ച് ആഘോഷിച്ചതുകൊണ്ടോ ഇവിടുത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്ന് രാഹുലിനോട് പറഞ്ഞു കൊടുക്കാന്‍ നമ്മുടെ ആന്റണിക്കു പോലും കഴിഞ്ഞില്ലല്ലോയെന്നതോര്‍ക്കുമ്പോഴാണ് സങ്കടം.
ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന പിതാവിന്റെ റെക്കോഡ് തിരുത്തിക്കുറിക്കാനിറങ്ങിയ മകന്‍ സ്വന്തം പാര്‍ട്ടിക്ക് മുമ്പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത പരാജയ ചരിത്രമാണ് സമ്മാനിച്ചിരിക്കുന്നത്. പരിചയസമ്പന്നരും സംഘടനാപാടവമുള്ളവരുമായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ നിശ്ശബ്ദരാക്കി അമ്മയും മകനും കൂടി തീരുമാനങ്ങളെടുത്തതിന്റെ തിക്തഫലം ഒരു പാര്‍ട്ടി മാത്രമല്ല, ഒരു രാജ്യത്തെ മുഴുവന്‍ ജനതയും അനുഭവിക്കേണ്ടി വന്നിരിക്കുകയാണ്. ഇന്നലെ വരെ മരണത്തിന്റെ വ്യാപാരിയെന്ന് (സോണിയാ ഗാന്ധിയുടെ ഭാഷയില്‍) ആക്ഷേപിച്ച് നടന്ന നരേന്ദ്ര മോദി ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കുകയാണ്. ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഇരുന്ന ആ കസേരയിലേക്ക് കയറിയിരിക്കാന്‍ മോദിയെ യോഗ്യനാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കഴിവുകേടല്ലാതെ മറ്റെന്താണ്? ഇനിയെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി സാധാരണക്കാരനെ നോക്കി ചിന്തിക്കാന്‍ തയ്യാറാകേണ്ടിയിരക്കുന്നു. മൃദു ഹിന്ദുത്വ സമീപനങ്ങളും പരോക്ഷമായ വര്‍ഗീയ നിലപാടുകളും പാര്‍ട്ടി ഉപേക്ഷിക്കേണ്ടതുണ്ട്.
മതേതരത്വം പറഞ്ഞ് നടക്കുകയും പ്രവൃത്തിയില്‍ മറ്റൊന്ന് കാട്ടുകയും ചെയ്യുന്ന കോണ്‍ഗ്രസിനേക്കാള്‍ പരസ്യമായി വര്‍ഗീയത പറയുന്ന ബി ജെ പിയെ പിന്തുണക്കുന്നതാണ് ഉചിതമെന്ന് ഉത്തരേന്ത്യ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ന്യൂനപക്ഷങ്ങള്‍ ചിന്തിച്ചതിന്റെ പ്രതിഫലനമാണ് ഈ തിരഞ്ഞെടുപ്പെന്നും കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയണം.
2002ലെ ഗുജറാത്ത് കലാപവും ഒടുവില്‍ നടന്ന മുസാഫര്‍ നഗര്‍ കലാപവുമുള്‍പ്പെടെയുള്ള രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ ഈ രാജ്യത്ത് നടന്നപ്പോള്‍ അധികാരവും ചെങ്കോലും കൈയിലിട്ടുകൊണ്ട് ആര്‍ക്കൊക്കെ വേണ്ടി കോണ്‍ഗ്രസ് പാര്‍ട്ടി രഹസ്യമായ മൗനം ദീക്ഷിച്ചോ അവരൊക്കെയിന്ന് അധികാരത്തിന്റെ ഇടനാഴികളിലേക്ക് നടന്നു കയറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് പറഞ്ഞത് ഗുജറാത്ത് കൂട്ടക്കൊലകള്‍ക്ക് ഉത്തരവാദിയായ മോദി അധികാരത്തില്‍ വന്നാല്‍ രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുമെന്നാണ്. എന്നാല്‍ മന്‍മോഹന്‍ സിംഗെന്ന സാമ്പത്തിക വിദഗ്ധന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഭരണത്തിന്റെ ‘ഗുണഫല’മറിഞ്ഞ ഇന്ത്യയിലെ സാധാരണക്കാര്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന മുഖവിലക്കെടുക്കാതെ മോദിയെ തിരഞ്ഞെടുത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇനി മോദി രാജ്യം ഭരിക്കട്ടെ, കോണ്‍ഗ്രസ് പ്രതിപക്ഷ ബെഞ്ചിലിരുന്ന് കാര്യങ്ങള്‍ വ്യക്തമായി പഠിക്കട്ടെ. 31 ശതമാനം വോട്ട് നേടിയാണ് മോദിയുടെ എന്‍ ഡി എ അധികാരത്തിലേറിയിരിക്കുന്നത്.
വ്യക്തിപരമായി എത്ര എതിര്‍പ്പുകളുണ്ടെങ്കിലും ഒരാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞാല്‍ അദ്ദേഹത്തെ അംഗീകരിക്കുകയെന്നത് ജാതിമതചിന്തകള്‍ക്കതീതമായി ഇന്ത്യയിലെ എല്ലാവിഭാഗം ജനങ്ങളും അനുവര്‍ത്തിച്ചു പോരുന്ന സംസ്‌കാരമാണ്. ഒരിക്കല്‍ പോലും ജനവിധിയില്‍ വിജയം നേടാത്ത മന്‍മോഹന്‍ സിംഗിനെ ഒരു ദശാബ്ദക്കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഈ രാജ്യത്തെ ജനങ്ങള്‍ ബഹുമാനിച്ചു കൊണ്ട് നടന്നതിലെ ഔചിത്യം മറ്റൊന്നായിരുന്നില്ല. സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞാല്‍ മോദിയെന്ന പ്രധാനമന്ത്രി ബി ജെ പിയുടെ മാത്രം പ്രധാനമന്ത്രിയല്ല, മറിച്ച് മതേതര ബഹുസ്വര ഭാരതത്തിന്റെ പ്രധാനമന്ത്രിയാണ.് അതുകൊണ്ട് തന്നെ എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങള്‍ വകവെച്ചുകൊടുക്കാന്‍ മോദി ബാധ്യസ്ഥനാണ്. മുസ്‌ലിംകളുള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ നേതാക്കള്‍ മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം അദ്ദേഹത്തെ കണ്ട് അര്‍ഹിക്കുന്ന അവകാശങ്ങള്‍ നേടിയെടുക്കണം. അത് അവകാശമാണ്. ആരുടെയും ഔദാര്യമല്ല. അത്തരത്തില്‍ കൃത്യമായി ചിന്തിച്ച് പ്രവര്‍ത്തിക്കുന്ന മതനേതാക്കള്‍ക്കോ, സംഘടനാ നേതാക്കള്‍ക്കോ എതിരെ ഒച്ച വെക്കാതെ വിവേക പൂര്‍വം പ്രതികരിക്കാനുള്ള ആര്‍ജവമാണ് മുസ്‌ലിംകളും മറ്റ് ന്യൂനപക്ഷമതവിഭാഗങ്ങളും ഇനി നേടിയെടുക്കേണ്ടത്. മോദിയുടെ ഭരണം ആരും മുന്‍വിധിയോടെ നോക്കിക്കാണേണ്ടതില്ല. ഗുജറാത്ത് മോഡലില്‍ ഇന്ത്യയെന്ന ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ രാജ്യം ഭരിക്കാന്‍ കഴിയില്ലെന്ന് മറ്റാരേക്കാളും നന്നായി മോദിക്കറിയാം. തിരഞ്ഞെടുപ്പിനു ശേഷമുള്ള അദ്ദേഹത്തിന്റെ വാക്കുകളില്‍ അത് പ്രകടവുമാണ്. മോദിയുടെ ഭരണത്തില്‍ ഇടപെടില്ലെന്ന് ആര്‍ എസ് എസ് നേതൃത്വം പറയുന്നുണ്ടെങ്കിലും മോദി ഭരണത്തില്‍ പ്രത്യക്ഷമായിട്ടല്ലെങ്കിലും പരോക്ഷമായിട്ട് ആര്‍ എസ് എസ് അജന്‍ഡകള്‍ നടപ്പിലാക്കപ്പെടുമോയെന്ന് ആശങ്കപ്പെടേണ്ടതുണ്ട്.
ഏക സിവില്‍ കോഡ്, രാമക്ഷേത്ര നിര്‍മാണം, കാശ്മീര്‍ വിഷയം, ഗോവധനിരോധം തുടങ്ങിയ ഒട്ടനവധി കാര്യങ്ങളില്‍ മോദിയുടെ തീരുമാനങ്ങളെ രാജ്യം കരുതലോടെ കാത്തിരുന്ന് നേരിടേണ്ടിവരും. അതുകൊണ്ടു തന്നെ ഇത്രയും നാള്‍ ഭരണപക്ഷത്തിരുന്ന കോണ്‍ഗ്രസിന് ഇനി പ്രതിപക്ഷത്തിരുന്ന് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുണ്ട്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം സോണിയയും രാഹുലും പിന്നെ നമ്മുടെ മുന്‍ പ്രധാനമന്ത്രിയും ഏറ്റെടുത്തിട്ടുണ്ടെന്നിരിക്കെ, മോദി ഭരണം രാജ്യത്തെ അരാജകത്വത്തിലേക്ക് കൊണ്ടു ചെന്നെത്തിക്കാതിരിക്കുന്നതിനായി കണ്ണും കാതും തുറന്നുവെച്ച് ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിയേണ്ടതുണ്ട്. ഇന്ത്യ ഇത്രയും നാള്‍ കാത്തു സൂക്ഷിച്ച മതേതര മുഖം മോദി ഭരണത്തിലൂടെ തകര്‍പ്പെടാതിരിക്കാന്‍ ഇടതുപക്ഷമുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും മോദിയെ അധികാരത്തിലേറ്റുന്നതിന് അക്ഷീണം പ്രയത്‌നിച്ച രാജ്യത്തെ മാധ്യമങ്ങള്‍ക്കും ബാധ്യതയുണ്ട്. അതുകൊണ്ടു തന്നെ മോദി ഭരണത്തിലെ ഓരോ തീരുമാനവും ജാഗ്രതയോടെ വേണം ഇനിയുള്ള ദിവസങ്ങളില്‍ രാജ്യം നിരീക്ഷിക്കേണ്ടത്.മോദി ഭരണത്തില്‍ കോണ്‍ഗ്രസിനും