Connect with us

Thrissur

ജാഗരണ്‍ ഭാരത് ക്യാമ്പില്‍ ആവേശമായി മന്ത്രി മുനീര്‍

Published

|

Last Updated

തൃശൂര്‍: ജാഗരണ്‍ ഭാരത് ക്യാമ്പില്‍ രാത്രി വൈകി അപ്രതീക്ഷിതമായി എത്തിയ മന്ത്രി എം കെ മുനീറിനെ സ്വീകരിച്ച് ടി എന്‍ പ്രതാപന്‍ എം എല്‍ എ ക്യാമ്പംഗങ്ങളോട് ചോദിച്ചു – നിങ്ങള്‍ക്ക് കിഷോര്‍കുമാറിന്റെയാണോ മുഹമ്മദ് റാഫിയുടെ ഗാനമാണോ കേള്‍ക്കേണ്ടത്? ക്യാമ്പംഗങ്ങള്‍ ഒന്നടങ്കം പറഞ്ഞു – ഞങ്ങള്‍ക്ക് രണ്ടും വേണം.
ദേശീയോദ്ഗ്രഥന ക്യാമ്പായ ജാഗരണ്‍ ഭാരതിന്റെ രണ്ടാം ദിനത്തില്‍ ക്യാമ്പില്‍ ആവേശം പകരാന്‍ തദ്ദേശ സ്വയംഭരണ സാമൂഹ്യക്ഷേമ മന്ത്രി ഡോ. എം കെ മുനീറെത്തിയപ്പോഴാണ് ടി.എന്‍ പ്രതാപന്‍ എം എല്‍ എ സദസ്സിലേക്ക് ചോദ്യമെറിഞ്ഞത്. കൈയടിയോടെയാണ് ക്യാമ്പംഗങ്ങള്‍ മന്ത്രിയെ വരവേറ്റത്.
നാനാത്വത്തിലെ ഏകത്വമാണ് ഭാരതത്തിന്റെ ആത്മാവെന്നും അതിന്റെ പ്രതിഛായയാണ് ക്യാമ്പില്‍ കാണുന്നതെന്നും മന്ത്രി പറഞ്ഞു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ യുവതലമുറയുടെ പ്രതിനിധികള്‍ക്ക് ആശംസകള്‍ നേര്‍ന്നു . അദ്ദേഹം സദസ്സിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ദുനിയാകേ രക് വാരേ സുന്‍ എന്ന ഹിന്ദി ഗാനമാലപിച്ചു. ഒരു മണിക്കൂറിലധികം ക്യാമ്പില്‍ ചെലവഴിച്ച മന്ത്രി രാത്രി 11 മണിയോടു കൂടിയാണ് ക്യാമ്പ് വിട്ടത് . ക്യാമ്പിലെത്തിയ മന്ത്രിക്ക് കാശ്മീരിലെയും ഹിമാചല്‍ പ്രദേശിലെയും യുവാക്കള്‍ അവരുടെ തലപ്പാവ് നല്‍കി. പോകുന്നതിന് മുന്‍പ് ക്യാമ്പംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് മന്ത്രിക്ക് മൊമെന്റോയും സമ്മാനിച്ചു.
തുടര്‍ന്ന് മന്ത്രിയോടൊപ്പം ഫോട്ടോ എടുക്കാനും പ്രതിനിധികള്‍ മറന്നില്ല . ടി എന്‍ പ്രതാപന്‍ എം എല്‍ എ അധ്യക്ഷത വഹിച്ച യോഗത്തില്‍ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി എസ് പ്രശാന്ത് സ്വാഗതവും മെമ്പര്‍ സെക്രട്ടറി കെ രാധാകൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.
യുവജനക്ഷേമ ബോര്‍ഡ് അംഗം യൂജിന്‍ മൊറേലി, കൊടുങ്ങല്ലൂര്‍ കൗണ്‍സിലര്‍ വി എം ജോണി, ക്യാമ്പ് ഡയറക്ടര്‍ വിനോദ് സെന്‍, പ്രോഗ്രാം ഓഫീസര്‍ പി ആര്‍ ശ്രീകല, കോ-ഓര്‍ഡിനേറ്റര്‍ ബിജു കാതിക്കുടം എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.