ബാച്ചിലര്‍ മുറിയില്‍ ഒന്നിലധികം കിടക്കയിടങ്ങള്‍; ഒഴിപ്പിക്കുമെന്ന് ദുബൈ നഗരസഭ

Posted on: May 24, 2014 1:34 pm | Last updated: May 24, 2014 at 1:36 pm

bed

ദുബൈ: മുറി വാടകക്കെടുത്ത ശേഷം പലര്‍ക്കും കിടക്കയിടം (ബെഡ് സ്‌പേസ്) നല്‍കുന്നത് കുറ്റകരമാണെന്ന് ദുബൈ നഗരസഭമുന്നറിയിപ്പുനല്‍കി. പ്രമുഖ ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തതാണിത്.
‘ബാച്ചിലര്‍മാരാണ് ഇങ്ങനെ തിങ്ങിത്താമസിക്കുന്നത്. ഇതിനെതിരെ പരിശോധന നടത്തും. കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ ബാച്ചിലര്‍മാര്‍ പാടില്ല. വാടകയുടമ ഇതിന് ഉത്തര വാദികളായിരിക്കും. ബാച്ചിലര്‍മാരുടെ മുറിയുടെ വെള്ളം വൈദ്യുതി ബന്ധം വിച്ഛേദിക്കുംനഗരസഭാ കെട്ടിട പരിശോധനാ വിഭാഗം മേധാവി ജാബിര്‍ അല്‍ അലി അറിയിച്ചു.
ഈ വര്‍ഷം മുഴുവന്‍ പരിശോധന നടത്തും. അതേ സമയം, കൊമേഴ്‌സ്യല്‍ ബിസിനസ് ഡിസ്ട്രിക്ടുകളിലും അല്‍ ഖൂസ്, ഖിസൈസ് ഒന്ന്, ഹോര്‍ അല്‍ അന്‍സ്, മുതീന എന്നിവിടങ്ങളിലെ പ്രത്യേക കേന്ദ്രങ്ങളിലും ബാച്ചിലര്‍മാര്‍ക്ക് താമസിക്കാം. തൊഴിലാളികള്‍ക്ക് മുഹൈസ്‌ന, അല്‍ഖൂസ് ജെബല്‍ അലി എന്നിവിടങ്ങളില്‍ താമസിക്കാം. മറ്റിടങ്ങളില്‍ ഒരു മുറിയില്‍ ഒരാള്‍ മാത്രമെ പാടുള്ളു. ത്രീ ബെഡ് റൂം അപ്പാര്‍ട്ടുമെന്റില്‍ മൂന്നിലധികം ബാച്ചിലര്‍മാര്‍ പാടില്ല. ബാച്ചിലര്‍ മുറിയില്‍ ഒന്നിലധികം കട്ടിലുകള്‍ കണ്ടാല്‍ പിഴയിടും. 1,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ ആയിരിക്കും പിഴ. കിടക്കയിടം വാടകക്ക് കൊടുക്കുന്ന സമ്പ്രദായം എവിടെയുമില്ല. ദുബൈയിലും അത് പാടില്ല ജാബിര്‍ അല്‍ അലി അറിയിച്ചു. നഗരസഭാ നിയമം കര്‍ശനമാക്കിയാല്‍ ഇന്ത്യക്കാരെയടക്കം ആയിരക്കണക്കിനാളുകളെ അത് ബാധിക്കും. വരുമാനത്തിന്റെ സിംഹ ഭാഗം വാടക നല്‍കേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്.