Connect with us

Ongoing News

കേരള പോലീസ് ലോകത്തിന് മാതൃക: മന്ത്രി

Published

|

Last Updated

അങ്കമാലി: കേരള പോലീസ് ലോകത്തിന് തന്നെ മാതൃകയാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍. ജനങ്ങള്‍ക്കിടയില്‍ മാതൃകപരമായ സേവനങ്ങളാണ് കേരള പോലീസ് കാഴ്ചവെക്കുന്നത്. ഇത് മൂലം കേരളത്തില്‍ അക്രമങ്ങളും അപകടങ്ങളും കുറവാണെന്നും മന്ത്രി പറഞ്ഞു. കേരള പോലീസ് അസോസിയേഷന്‍ 31 ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി പ്രശ്‌നങ്ങള്‍ക്കിടയില്‍ ജോലി ചെയ്യേണ്ടിവരുന്ന കേരള പോലീസ് സേനയുടെ പ്രശ്‌നപരിഹാരത്തിന് നടപടി സ്വീകരിക്കാന്‍ ഒരു പരിധിവരെ ഇപ്പോഴത്തെ സര്‍ക്കാറിന് സാധിച്ചിട്ടുണ്ട്. കഴിയാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് പോലീസ് സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
അങ്കമാലി നാസ് ഓഡിറ്റോറിയത്തില്‍വെച്ച് നടന്ന സംസ്ഥാന സമ്മേളനം കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി ഡി ഉണ്ണി അധ്യക്ഷത വഹിച്ചു. സാജു പോള്‍ എം എല്‍ എ, എം എന്‍ കൃഷ്ണമൂര്‍ത്തി ഐ പി എസ്, എ ഹേമചന്ദ്രന്‍ ഐ പി എസ്, പി വിജയന്‍ ഐ പി എസ്, ആര്‍ നിശാന്തിനി ഐ പി എസ്, വി സുനില്‍കുമാര്‍, സി എ അബ്ദുള്‍ ജമാല്‍, എം എ രഘുനാഥന്‍, ജി ആര്‍ അജിത്ത്, എന്‍ രാജേഷ്, വിനോദ് ജോസഫ്, കെ എസ് ചന്ദ്രാനന്ദന്‍ പ്രസംഗിച്ചു.
ഇന്ന് രാവിലെ 11ന് പോലീസും മനുഷ്യാവകാശവും എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാര്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍ ഉദ്ഘാടനം ചെയ്യും. പി ടി ശശിധരന്‍ അധ്യക്ഷത വഹിക്കും. ടി പി സെന്‍കുമാര്‍ ഐ പി എസ് വിഷയം അവതരിപ്പിക്കും.
25ന് സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷവും നീതിനിര്‍വഹണത്തിലെ വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാര്‍ പ്രൊഫ. കെ വി തോമസ് എം പി ഉദ്ഘാടനം ചെയ്യും. പി ഡി ഉണ്ണി അധ്യക്ഷത വഹിക്കും. ജേക്കബ് പുന്നൂസ് വിഷയം അവതരിപ്പിക്കും. വൈകീട്ട് നാലിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും. പി ശ്രീപതി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കോട്ടയം പോലീസ് ഓര്‍കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള നടക്കും.
സമാപന ദിനമായ 26ന് രാവിലെ 9.30ന് കറുകുറ്റി അഡ്‌ലസ് ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രതിനിധിസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി ഡി ഉണ്ണി അധ്യക്ഷത വഹിക്കും. ധനകാര്യമന്ത്രി കെ എം മാണി, വനം സ്‌പോര്‍ട്‌സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ എം എല്‍ എ, ബെന്നി ബഹനാന്‍ എം എല്‍ എ, കെ എസ് ബാലസുബ്രഹ്മണ്യം ഐ പി എസ്, എം ആര്‍ അജിത്ത്കുമാര്‍ ഐ പി എസ്, സതീഷ് ബിനോ ഐ പി എസ് പ്രസംഗിക്കും.
വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ആഭ്യന്തര വിജിലന്‍സ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പി ഡി ഉണ്ണി അധ്യക്ഷത വഹിക്കും. വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, എക്‌സൈസ് തുറമുഖ മന്ത്രി കെ ബാബു, പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്, ജോസഫ് വാഴക്കന്‍, അന്‍വര്‍ സാദത്ത് എം എല്‍ എ, കെ പത്മകുമാര്‍ ഐ പി എസ്, കെ ജി ജെയിംസ് ഐ പി എസ് തുടങ്ങിയവര്‍ പ്രസംഗിക്കും. വിവിധ മേഖലകളില്‍ മികവു തെളിച്ച പോലീസ് സേനാംഗങ്ങളെയും കുടുംബാംഗങ്ങളെയും ചടങ്ങില്‍ ആദരിക്കും.