ഇസ്‌റാഈല്‍ ഇന്നൊവേഷന്‍ കോണ്‍ഫറന്‍സില്‍ കേരളത്തില്‍ നിന്ന് അഞ്ച് കമ്പനികള്‍

Posted on: May 24, 2014 12:04 am | Last updated: May 24, 2014 at 12:04 am

കൊച്ചി: ബയോ മെഡിക്കല്‍ സയന്‍സസിലും ഉന്നത സാങ്കേതികവിദ്യയിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഇസ്‌റാഈലില്‍ സംഘടിപ്പിച്ച രാജ്യാന്തര ഇന്നൊവേഷന്‍ കോണ്‍ഫറന്‍സിന്റെ (എം ഐ എക്‌സ ്‌ഐ ഐ ഐ) ആദ്യ പതിപ്പില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ കേരളത്തില്‍ നിന്നുള്ള അഞ്ച് ഐ ടി കമ്പനികള്‍ പങ്കാളികളായി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ സര്‍ക്കാര്‍ ഐടി പാര്‍ക്കുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കാല്‍പൈന്‍ ഗ്രൂപ്പ്, ക്രിയേറ ടെക്‌നോളജീസ്, എസ് എഫ് ഒ ടെക്‌നോളജീസ്, സോഫ്റ്റ്‌വെയര്‍ അസോസിയേഷന്‍, സെസ്റ്റി ബീന്‍സ് എന്നീ കമ്പനികളാണ് ഈ മാസം 20 മുതല്‍ 22 വരെ ടെല്‍ അവീവില്‍ നടന്ന പരിപാടിയില്‍ കേരള സര്‍ക്കാറിന്റെയും ഇസ്‌റാഈലിലെ ഇന്ത്യന്‍ എംബസിയുടെയും പിന്തുണയില്‍ പങ്കെടുത്തത്. പൊതു, സ്വകാര്യ മേഖലകളില്‍ നിന്നായി 30 കമ്പനികളെ പങ്കെടുപ്പിച്ച ഇന്ത്യയാണ് ഈ രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുത്ത ഏറ്റവും വലിയ രാജ്യം. ലോകത്തെ പ്രശസ്തങ്ങളായ ആയിരക്കണക്കിന് ബയോ മെഡിക്കല്‍, ഉന്നത സാങ്കേതിക സ്ഥാപനങ്ങളെ ഒന്നിച്ചുകൊണ്ടുവന്ന് ബിസിനസിലെ സഹകരണവും പരസ്പര ബന്ധവും ഉറപ്പാക്കുകയാണ് സ്റ്റാര്‍ട്ടപ്പ് രാജ്യമെന്ന് അറിയപ്പെടുന്ന ഇസ്‌റാഈല്‍ ഇത്തരമൊരു കോണ്‍ഫറന്‍സിലൂടെ ലക്ഷ്യമിടുന്നത്.
ഇസ്‌റാഈലിലെ കീര്‍ത്തികേട്ട സംരംഭകത്വ സംസ്‌കാരം മനസ്സിലാക്കുന്നതിനുള്ള ഈ സന്ദര്‍ശനം കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് ആദ്യത്തെ അനുഭവമായിരുന്നു. കോണ്‍ഫറന്‍സില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ലഭിച്ച പ്രതികരണം തികച്ചും അനുകൂലമായിരുന്നെന്ന് അവര്‍ പറഞ്ഞു. ീപക് സണ്ണി (കാല്‍പൈന്‍), മനോജ് ദത്തന്‍ (ക്രിയേറ), ഹാഷിം അബ്ദുല്‍ഖാദര്‍ (എസ് എഫ് ഒ), ദുലീപ് സഹദേവന്‍ (സോഫ്റ്റ്‌വെയര്‍ അസോസിയേറ്റ്‌സ്), ലിപീഷ് പാരാട്ട്(സെസ്റ്റി ബീന്‍സ്) എന്നിവരാണ് കേരളത്തെ പ്രതിനിധാനം ചെയ്ത്് ടെല്‍ അവീവ് സര്‍വകലാശാലയും മറ്റ് ബിസിനസ് ഇന്‍കുബേറ്ററുകളും സാങ്കേതിക കൈമാറ്റ സ്ഥാപനങ്ങളും സന്ദര്‍ശിച്ചത്.